ADVERTISEMENT

വളാഞ്ചേരി ∙ അക്ഷരത്തിന്റെ അമൃത് നുകരാൻ ക്ഷേത്രസന്നിധികളിലും ഗുരുമന്ദിരങ്ങളിലും കുരുന്നുകളെത്തി. വൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ സരസ്വതിപൂജയ്ക്ക് മേൽശാന്തി മുണ്ടക്കിഴി കാലടി മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. മുണ്ടക്കിഴി ബ്രഹ്മദത്തൻ നമ്പൂതിരി എഴുത്തിനിരുത്തി. പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിൽ ഭഗവാന് മുഴുക്കാപ്പു ചാർത്തി. മേൽശാന്തി കുൽദീപ് മിശ്ര വിശേഷാൽ പൂജകൾ നടത്തി. അധ്യാപകൻ ഉദയംവീട്ടിൽ ദാസ് ഹരിശ്രീ പകർന്നു. തൊഴുവാനൂർ ഭഗവതിക്ഷേത്രത്തിൽ നവകാഭിഷേക ചടങ്ങുകൾക്ക് കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ തന്ത്രിമാർ കാർമികരായി. സരസ്വതിപൂജയും വാഹനപൂജയും നടത്തി. മേൽശാന്തി പുത്തൂർ മനയ്ക്കൽ പ്രകാശൻ നമ്പൂതിരി അകത്തെ പൂജകൾക്ക് കാർമികനായി. ടി.നാണുവും സി.രമയും എഴുത്തിനിരുത്തി.പടിഞ്ഞാക്കര വള്ളിക്കാവ് മഹാക്ഷേത്രത്തിൽ മേൽശാന്തി കിഴുമന ഇല്ലത്ത് ഉണ്ണിക്കൃഷ്ണൻ എമ്പ്രാന്തിരി പൂജകൾക്ക് മേൽനോട്ടം വഹിച്ചു. അധ്യാപകൻ ബി.വി.ശിവശങ്കരൻ എഴുത്തിനിരുത്തി. സികെ പാറ നൈതലപ്പുറം ധർമശാസ്താക്ഷേത്രത്തിൽ മേപ്പാട്ടില്ലത്ത് ശാസ്തൃശർമൻ ഹരിശ്രീ പകർന്നു. പൈങ്കണ്ണൂർ മൂകാംബികാ ക്ഷേത്രത്തിൽ പരത മനയ്ക്കൽ നന്ദൻ നമ്പൂതിരി വിശേഷാൽ പൂജകൾ നടത്തി. എം.രഞ്ജിനി എഴുത്തിനിരുത്തി. വലിയകുന്ന് കോട്ടപ്പുറം ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പ്രഫ. പി.ശാന്തകുമാരി അക്ഷരമധുരം പകർന്നു. വാഹനപൂജയും നടത്തി. മേൽശാന്തി പുതുമന മഠത്തിൽ ഉണ്ണിക്കൃഷ്ണൻ എമ്പ്രാന്തിരി കാർമികത്വം വഹിച്ചു. എടയൂർ ഋഷിപുത്തൂർ വിഷ്ണുക്ഷേത്രത്തിൽ വാഹനപൂജ നടത്തി. ശിവക്ഷേത്രം പൂജാരി ശംഭു തൃപതി കാർമികത്വം വഹിച്ചു. മേൽശാന്തി കൈപ്പുള്ളി മഠത്തിൽ രാമൻ എമ്പ്രാന്തിരി എഴുത്തിനിരുത്തി. ക്ഷേത്രം ട്രസ്റ്റി കെ.പി.ഗോപിനാഥൻ, ചെയർമാൻ വി.ഗോപാലകൃഷ്ണൻ, സേവാസമിതി, മാതൃസമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

വിദ്യാരംഭ ദിനത്തിൽ തിരൂർ തുഞ്ചൻപറമ്പിലേക്കുള്ള വഴിയിലെ ജനത്തിരക്ക്.
വിദ്യാരംഭ ദിനത്തിൽ തിരൂർ തുഞ്ചൻപറമ്പിലേക്കുള്ള വഴിയിലെ ജനത്തിരക്ക്.

കുറ്റിപ്പുറം ∙ നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിലും ഹരിതിരി മഹാകാളൻ കാവ് ക്ഷേത്രത്തിലും വിവിധ പരിപാടികൾ നടന്നു. നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിൽ സംഗീതോത്സവത്തിന് ഇന്നലെ സമാപനമായി.
കാടാമ്പുഴ∙ ഭഗവതി ക്ഷേത്രത്തിലെ ഭാഗവത നവാഹയജ്ഞം സമാപിച്ചു. പെരിഞ്ചേരി സുധ അന്തർജനമായിരുന്നു യജ്ഞാചാര്യ. നാമജപത്തോടെയായിരുന്നു സമാപനം. പി.പി.മീര, പി.വിക്രമൻ, മുരളി കൊളത്തൂർ എന്നിവർ പ്രസംഗിച്ചു. 
വൈരങ്കോട്∙ ഭഗവതി ക്ഷേത്രത്തിൽ ലക്ഷദീപ സമർപ്പണം നടത്തി. പുസ്തകപൂജ, എഴുത്തിനിരുത്തൽ, പ്രസാദഊട്ട് എന്നിവയും ഉണ്ടായി.
തിരൂർ ∙ തൃക്കണ്ടിയൂർ അമ്പലക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ജ്ഞാനോദയം എന്ന പേരിൽ ബഹുമുഖ വിദ്യാരംഭം നടന്നു. അരുൺ പ്രഭാകർ കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു നൽകി. കംപ്യൂട്ടർ പരിജ്ഞാനം പകർന്നു നൽകുന്ന ക്ലാസ് അനിത വേണുഗോപാലിന്റെ നേതൃത്വത്തിൽ നടന്നു. പ്രമോദ് മാക്കോത്ത് ചിത്രരചനാ പഠനത്തിനു തുടക്കമിട്ടു. കൃഷ്ണ ദിനേശ് കുട്ടികൾക്ക് നൃത്തകലയുടെ ആദ്യ ചുവടുകൾ പഠിപ്പിച്ചു. ദിവ്യ അരുൺ പ്രഭാകറിന്റെ നേതൃത്വത്തിൽ സംഗീത പഠനവും ആരംഭിച്ചു. സനാതന ധർമവേദിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ മഹിഷാസുരമർദിനി സ്തോത്രം ആലപിച്ചു. പ്രസാദ വിതരണവും നടന്നു.

കുറ്റിപ്പുറം നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിലെ വിദ്യാരംഭം.
കുറ്റിപ്പുറം നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിലെ വിദ്യാരംഭം.

തിരൂർ ∙ തൃപ്രങ്ങോട് ശിവക്ഷേത്രത്തിൽ വിദ്യാരംഭത്തിന് മേൽശാന്തി പ്രാണമ്പലം മുരളീകൃഷ്ണൻ നമ്പൂതിരി നേതൃത്വം നൽകി. പുസ്തകപ്പൂജയ്ക്കു ശേഷമാണ് എഴുത്തിനിരുത്തൽ നടന്നത്. രാഗമാലിക സ്കൂൾ ഓഫ് മ്യൂസിക്കിന്റെ നേതൃത്വത്തിൽ പഞ്ചരത്നകീർത്തനാലാപനം നടന്നു. നവരാത്രി ദിവസങ്ങളിൽ ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ ലളിത സഹസ്രനാമ പാരായണവും ദേവീ ഭാഗവത പാരായണവും നടന്നിരുന്നു. 
തിരുനാവായ ∙ നവാമുകുന്ദ ക്ഷേത്രത്തിൽ മലയാള സർവകലാശാല അധ്യാപിക ശുഭ പ്രകാശ് എഴുത്തിനിരുത്തി. സംഗീതജ്ഞ ടി.കെ.രാധികയുടെ നേതൃത്വത്തിൽ സംഗീതക്കച്ചേരി നടന്നു.
താനൂർ ∙ മാതാ അമൃതാനന്ദമയീ ആശ്രമത്തിൽ സരസ്വതീ പൂജ, വിദ്യാരംഭം എന്നിവ നടന്നു. ആശ്രമ മഠാധിപതി സ്വാമിനി അതുല്യാമൃത പ്രാണ കാർമികത്വം വഹിച്ചു.  
∙ ശോഭപറമ്പ് കുറുംബ ഭഗവതി ക്ഷേത്രത്തിൽ വിനോദ് കാട്ടൂക്കര, ഭാസ്കരൻ ആവേൻ എന്നിവർ ഹരിശ്രീ കുറിച്ചു.

English Summary:

This article covers the vibrant celebrations of Vidyarambham and Saraswati Puja in various temples, where children are initiated into the world of learning through writing, music, and dance. Offering a glimpse into traditional Hindu ceremonies, it highlights the cultural significance of these events during Navaratri.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com