മലപ്പുറം ജില്ലാ സ്കൂൾ കായികോത്സവം; ആദ്യദിനം ആദ്യം മൂടിക്കെട്ടി ആകാശം, പിന്നെ പൊരിവെയിൽ
Mail This Article
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ കായികോത്സവത്തിന്റെ ആദ്യ ദിനം ഉച്ച വരെ പലപ്പോഴും മൂടിക്കെട്ടിയ കാലാവസ്ഥ. ചിലപ്പോഴൊക്കെ കുളിര്. ഉച്ചയ്ക്ക് ശേഷം മത്സരങ്ങൾ നടക്കുമ്പോൾ നല്ല ചൂട്. എങ്കിലും സ്റ്റേഡിയത്തിലെ പതിവ് ചൂട് അനുഭവപ്പെട്ടില്ലെന്നതിൽ താരങ്ങൾക്ക് നേരിയ ആശ്വാസം. വെയിൽ കനത്തപ്പോൾ പലരും മരത്തണലിൽ അഭയം തേടി.സ്റ്റേഡിയത്തിന് കിഴക്ക് വശത്തെ ഗാലറിക്ക് മീതെ തണൽ വിരിച്ച് നിൽക്കുന്ന മരമാണ് പലർക്കും അഭയമായത്. ഗാലറിക്ക് മീതെ രണ്ടിടത്ത് ഓരോ ടാർപോളിൻ വലിച്ചുകെട്ടിയതിന് താഴെയും ചിലർ അഭയം തേടി. ചെറു പന്തലുകൾ ഒരുക്കിയാണ് ഓഫിഷ്യൽസിൽ പലരും വെയിലിൽ നിന്ന് രക്ഷ നേടിയത്. രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയം ആണെങ്കിലും പവലിയൻ ഇല്ല. പവലിയനും ഫ്ലഡ് ലൈറ്റും സ്ഥാപിച്ചാൽ രാജ്യാന്തര മത്സരങ്ങൾ വരെ നടത്താവുന്ന സ്റ്റേഡിയമാണ്.കാൽ കോടി രൂപ ആവശ്യപ്പെട്ട് സർക്കാരിനെ വർഷങ്ങളായി സമീപിക്കുന്നുണ്ടെങ്കിലും തീരുമാനം വൈകുന്നു.
അടുത്ത സംസ്ഥാന ബജറ്റിലെങ്കിലും പവലിയനും ഫ്ലഡ്‌ലൈറ്റിനും തുക വകയിരുത്തണമെന്ന ആവശ്യം സർക്കാരിനെ ധരിപ്പിക്കാനാണ് യൂണിവേഴ്സിറ്റി അധികൃത നീക്കം.ഏതാനും വർഷമായി സ്പോർട്സ് ഹബ് പദ്ധതിക്കായി ബജറ്റിൽ ടോക്കൺ തുക വകയിരുത്താറുണ്ട്. ആ പദ്ധതിയിൽ മതിയായ തുക അനുവദിച്ചാൽ യൂണിവേഴ്സിറ്റിയുടെ ലക്ഷ്യം പൂർത്തിയാക്കാനാകും.തേഞ്ഞിപ്പലം ∙ ജില്ലാ സ്കൂൾ കായികോത്സവം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.പി. രമേശ് കുമാർ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ഡിഇഒ എം.പി. അനിത അധ്യക്ഷത വഹിച്ചു.വേങ്ങര എഇഒ ടി. പ്രമോദ്, കാലിക്കറ്റ് സർവകലാശാലാ കായിക ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് വി.പി. അനിൽ ലോഗോ ഡിസൈനർക്കുള്ള ഉപഹാരം നൽകി. നാളെ വൈകീട്ട് 4ന് സമാപന സമ്മേളനം കാലിക്കറ്റ് വിസി ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡിഡിഇ കെ.പി. രമേശ് കുമാർ ട്രോഫി സമ്മാനിക്കും.
ഉച്ച ഭക്ഷണത്തിന് സംവിധാനം ഒരുക്കി
ജില്ലാ സ്കൂൾ കായികോത്സവത്തിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് സംഘാടകർ ഉച്ച ഭക്ഷണത്തിന് യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയം പരിസരത്ത് പ്രത്യേകം സംവിധാനം ഒരുക്കി. കൂപ്പണുമായി എത്തുന്ന എല്ലാ വിദ്യാർഥികൾക്കും ഉച്ച ഭക്ഷണം നൽകുന്നുണ്ട്.
നേട്ടംകൊയ്ത് നാവാമുകുന്ദ അക്കാദമി
ജില്ലാ സ്കൂൾ കായികോത്സവത്തിൽ ലോങ് ജംപ് ജൂനിയർ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ തിരുനാവായ നാവാമുകുന്ദ സ്പോർട്സ് അക്കാദമിക്ക്. ആഷ്‌ന ഷൈജു സ്വർണവും പി.പി.അസ്‌ലഹ ജാസ്മിൻ വെള്ളിയും നേടി.ഇടുക്കി പാറത്തോട്ട് ജനിച്ച് കോട്ടയം ഭരണങ്ങാനം സ്പോർട്സ് സകൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി നാവാമുകുന്ദയിൽ ചേർന്ന താരമാണ് ആഷ്ന.ജില്ലാ ജൂനിയർ മീറ്റിൽ സ്വർണമുണ്ടായിരുന്നു. ദേശീയ മെഡൽ പ്രതീക്ഷയുള്ള താരമെന്ന നിലയ്ക്കാണ് നാവാ മുകുന്ദയിൽ പ്രവേശനം നൽകിയത്.അസ്‌ലഹ ജാസ്‌മിൻ തിരൂർ സ്വദേശിനിയാണ്.ഗുജറാത്തിൽ ദേശീയ അത്‌ലറ്റിക്‌സിൽ ലോങ് ജംപിൽ പങ്കെടുത്തിട്ടുണ്ട്.
കുതിച്ചുപാഞ്ഞവരേറെ;വെടിയൊച്ച മുഴക്കി ഹനീഫ ഇവിടെയുണ്ട്
തേഞ്ഞിപ്പലം ∙ താരങ്ങൾക്ക് മത്സരപ്പുറപ്പാടിനുള്ള ‘സിഗ്‌നലായി’ കായികവേദികളിൽ വെടിയുതിർത്ത് ഇ.പി.ഹനീഫ പിന്നിടുന്നത് 35 വർഷം.ഹനീഫയുടെ വെടിയൊച്ച കേട്ട് മത്സരക്കളത്തിൽ കുതിച്ച് പിൽക്കാലത്ത് രാജ്യാന്തര താരങ്ങളായി വളർന്നവരുടെ പട്ടിക നീണ്ടതാണ്. ജില്ലാ– സംസ്ഥാന സ്കൂൾ കായികോത്സവം, ജൂനിയർ അത്‌ലറ്റിക് മീറ്റുകൾ തുടങ്ങി ഗൺ സ്റ്റാർട്ടറായി ഹനീഫ സേവനമനുഷ്ഠിച്ച മത്സരങ്ങൾക്കു കണക്കില്ല. ആദ്യ കാലത്ത് വിസിൽ ആയിരുന്നു. ഗൺ പതിവാക്കിയിട്ട് കാൽ നൂറ്റാണ്ടിലേറെയായി.താനൂർ സ്വദേശിയാണ് ഹനീഫ. സ്കൂൾ പഠനകാലത്ത് 100, 200 മീറ്റർ ഓട്ടത്തിൽ സംസ്ഥാന സ്കൂൾ കായിക മേളകളിൽ വരെ പങ്കെടുത്തിട്ടുണ്ട്. ചേരൂരാൽ എച്ച്എസ്എസിലെ മുൻ കായികാധ്യാപകനാണ്.