ADVERTISEMENT

വണ്ടൂർ ∙ വയനാട് ലോക്സഭാ മണ്ഡ‍ലത്തിൽ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ ഇടതുപക്ഷത്തിന് അനുകൂലമാണെന്ന് സ്ഥാനാർഥി സത്യൻ മൊകേരി. വണ്ടൂർ നിയോജക മണ്ഡലത്തിലെ പ്രചാരണ പര്യടനത്തിനു തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഹുൽ ഗാന്ധി മണ്ഡലത്തിലെ വന്യമൃഗശല്യമുൾപ്പെടെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ചില്ല. കൂടെയുണ്ടാകുമെന്നു പറഞ്ഞു വീണ്ടും വോട്ടുവാങ്ങി ജയിച്ച ശേഷം ജനത്തെ പറ്റിച്ച് രാജിവച്ചു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപോലും കാര്യക്ഷമമായി ഇടപെട്ടില്ല. ജനം ഇതെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. അവർ   മാറിച്ചിന്തിക്കും.താൻ ഇത്തവണ മത്സരിക്കുന്നത് 2014ൽ മത്സരിച്ചപ്പോൾ ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തിലാണെന്നും ഇത്തവണ ജയിക്കാൻ വേണ്ടിയുള്ള പ്രവർത്തനമാണു നടത്തുന്നതെന്നും സത്യൻ മൊകേരി പറഞ്ഞു. പി.വി.അൻവറിന്റെ നീക്കങ്ങളെക്കുറിച്ച്, വ്യക്തിയല്ല പ്രസ്ഥാനമാണു വലുതെന്നും  അദ്ദേഹം പ്രതികരിച്ചു.രാവിലെ മമ്പാട് പഞ്ചായത്തിലാണ് പ്രചാരണം ആരംഭിച്ചത്.

അങ്ങാടിയിൽ പലരെയും നേരിട്ടുകണ്ട് വോട്ടു ചോദിച്ചു. പ്രവർത്തകരോടൊപ്പം നടുവത്തെത്തി. തിരുവാലിയിൽ കാത്തുനിന്ന പ്രവർത്തകരോടൊപ്പം ജാഥയായി വോട്ടഭ്യർഥിച്ചു. ഉച്ചയോടെ വണ്ടൂരിലെത്തി. പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ സ്ഥാനാർഥിയെ സ്വീകരിച്ചു. പ്രകടനമായി നാലു റോഡുകളിലും എത്തി വോട്ടു ചോദിച്ചു.ഉച്ചകഴിഞ്ഞു പോരൂർ പഞ്ചായത്ത് ആസ്ഥാനമായ ചെറുകോടെത്തി. സ്ഥാനാർഥിയുടെ പോസ്റ്റർ പതിച്ച പ്ലക്കാർഡുകളുയർത്തി  പ്രവർത്തകർ സ്വീകരിച്ചു. തുവ്വൂർ, കരുവാരകുണ്ട്, ചോക്കാട് പഞ്ചായത്തുകളിലെ സ്വീകരണത്തിനു ശേഷം രാത്രി വാണിയമ്പലത്തു സമാപിച്ചു.എൽഡിഎഫ് നേതാക്കളായ ബി.മുഹമ്മദ് റസാഖ്, എൻ.കണ്ണൻ, പി.കെ.കൃഷ്ണദാസ്, എം.മോഹൻദാസ്, ജെ.ക്ലീറ്റസ്, തുളസീദാസ് പി. മേനോൻ, പി.മുരളീധരൻ, കണ്ണിയൻ അബ്ദുൽ കരീം, ഇ.പി.ബഷീർ, പി.ഷറഫുദ്ദീൻ, പി.അരുൺ, ഇ.പി.ബഷീർ, ടി.കെ.രാജൻ, പി.മോഹനൻ തുടങ്ങിയവർ സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു.

English Summary:

Sathyan Mokeri, a candidate from the Left party, embarks on his campaign in the Wayanad Lok Sabha constituency, citing a favorable political climate. He critiques Rahul Gandhi's inaction on local farmer issues and emphasizes his dedication to the constituency. Mokeri's campaign traverses several panchayats, gathering support from activists and residents. His aim is to capitalize on former votes to secure a victory.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com