പൊലീസിനെ കണ്ട് ഡ്രൈവർ ഇറങ്ങിയോടി; ലോറി കടയിലേക്ക് ഇടിച്ചുകയറി, ശേഷം..
Mail This Article
തിരുനാവായ ∙ പൊലീസിനെ കണ്ട് മണൽലോറിയിലെ ഡ്രൈവർ ഇറങ്ങിയോടി. നിയന്ത്രണംവിട്ട ലോറി സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി. കടന്നുകളയാൻ ശ്രമിച്ച ഡ്രൈവറെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. ഇന്നലെ പുലർച്ചെ 2 മണിയോടെ തിരുനാവായയിലാണു സംഭവം. ഭാരതപ്പുഴയിൽനിന്ന് മണൽ കയറ്റിയ ലോറി പുത്തനത്താണി ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് തിരൂരിൽ നിന്നുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടപാടെ ഡ്രൈവർ വേഗം കുറച്ച് ലോറിയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട ലോറി സമീപത്തെ സ്റ്റേഷനറി കടയിലേക്ക് ഇടിച്ചു കയറി. കടയാകെ തകർന്നു. രാത്രി ആയതിനാൽ ആളപായം ഉണ്ടായില്ല.
ഇറങ്ങിയോടിയ ഡ്രൈവർ തൃപ്രങ്ങോട് ചെറിയപരപ്പൂർ സ്വദേശി എ.ഷറഫുദ്ദീനെ (43) എസ്ഐ ആർ.പി.സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിന്നാലെ ഓടി പിടികൂടി. സീനിയർ സിപിഒമാരായ കെ.ആർ.രാജേഷ്, സിപിഒമാരായ എസ്.സുജിത്, കെ.സതീശ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. മണൽ കടത്തുമായി ബന്ധപ്പെട്ട മറ്റു സംഭവങ്ങളിൽ ആതവനാട് സ്വദേശികളായ കുറ്റിക്കാട്ടിൽ ഷംസീർ (27), മണ്ണന്തറ സലീം (31) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.