ADVERTISEMENT

പരപ്പനങ്ങാടി ∙പുതിയ ബസ് സ്റ്റാൻഡ് നിർമാണത്തിന് തടസ്സമായിരുന്ന വില്ലേജ് ഓഫിസ് പൊളിച്ചു മാറ്റിസ്ഥാപിക്കാൻ സർക്കാർ അനുമതി. നഗരസഭ ഓഫിസിന്റെ പിറകുവശത്തെ സ്ഥലം ഉപയോഗപ്പെടുത്തി നിർമിക്കാൻ ഉദ്ദേശിക്കുന്ന പുതിയ ബസ് സ്റ്റാൻഡിന് തടസ്സമായിരുന്ന വില്ലേജ് ഓഫിസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങിയതായി കെ.പി.എ.മജീദ് എംഎൽഎ അറിയിച്ചു. എംഎൽഎയും നഗരസഭാധ്യക്ഷന്റെ നേതൃത്വത്തിൽ സർവകക്ഷി സംഘവും മന്ത്രിയെ കണ്ട് പദ്ധതി സമർപ്പിച്ചതിനെ തുടർന്നാണ് ഉത്തരവിറക്കിയത്. ദീർഘനാളായുള്ള നാട്ടുകാരുടെ ആവശ്യമാണിതെന്നും ബസ് സ്റ്റാൻഡ് ഉടൻ യാഥാർഥ്യമാക്കുമെന്നും എംഎൽഎ പറഞ്ഞു.

തിരൂർ– കടലുണ്ടി റോഡിൽ നഗരസഭാ ഓഫിസിന് പിറകുവശത്താണ് പുതിയ ബസ് സ്റ്റാൻഡ് നിർമിക്കുന്നത്. പ്രയാഗ് റോഡിലൂടെ സ്റ്റാൻഡിലേക്ക് കയറി നഗരസഭാ ഓഫിസിനും വില്ലേജ് ഓഫിസിനും ഇടയിലുള്ള റോഡിലൂടെ സ്റ്റാൻഡിൽനിന്ന് പുറത്തേക്കിറങ്ങുന്ന തരത്തിലാണ് പദ്ധതി തയാറാക്കിയത്. എന്നാൽ വില്ലേജ് ഓഫിസ് ഉള്ളത് കാരണം ഇടുങ്ങിയ സ്ഥലത്തിലൂടെ ബസുകൾക്ക് പുറത്തിറങ്ങാൻ സാധ്യമല്ലാത്തത് ബസ് സ്റ്റാൻഡ് നിർമാണത്തിന് തടസ്സമായി. വില്ലേജ് ഓഫിസ് പൊളിച്ചു നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമിച്ചു നൽകാമെന്ന് നഗരസഭ മന്ത്രിയെയും വകുപ്പിനെയും അറിയിച്ചിരുന്നെങ്കിലും തീരുമാനമായില്ല. ഇതേ തുടർന്നാണ് നഗരസഭ സർവകക്ഷി യോഗം വിളിക്കുകയും എംഎൽഎയുടെ നേതൃത്വത്തിൽ മന്ത്രിയെ കണ്ട് ആവശ്യം ബോധ്യപ്പെടുത്തിയതും. 

നഗരസഭാ കൗൺസിൽ 2022ൽ ഈ ആവശ്യമുന്നയിച്ച് വകുപ്പ് മന്ത്രിക്ക് പദ്ധതി സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലാൻഡ് റവന്യു കമ്മിഷണറോട് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം കെട്ടിടം പൊളിച്ചു മാറ്റി സ്ഥാപിക്കുന്നതിന് ശുപാർശ ചെയ്തു കൊണ്ടുള്ള റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് അംഗീകരിച്ചു കൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള 5.18 സെന്റ് സ്ഥലത്ത് പുതിയ വില്ലേജ് ഓഫിസ് നിർമിച്ചു നൽകും. പുതിയ ഓഫിസ് പൂർത്തിയാക്കുന്നത് വരെ നഗരസഭാ കെട്ടിടത്തിൽ സൗജന്യമായി പ്രവർത്തിക്കാൻ സൗകര്യം നൽകും. പുതിയ ബസ് സ്റ്റാൻഡ് യാഥാർഥ്യമാകുന്നതോടെ നഗരസഭയുടെ വികസനത്തിന് വലിയ മുന്നേറ്റമാകും.തിരൂർ, താനൂർ, കോഴിക്കോട്, ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾക്ക് നിലവിൽ സ്റ്റാൻഡ് ഇല്ല. ഈ റൂട്ടിൽ നൂറൂകണക്കിന് ബസ് സർവീസുണ്ട്. പുതിയ സ്റ്റാൻഡ് വരുന്നത് ബസുകൾക്കും യാത്രക്കാർക്കും സൗകര്യമാകും. ഇപ്പോൾ റോഡരികിൽ വെയിലും മഴയും കൊണ്ടാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്.

English Summary:

After years of anticipation, Parappanangadi is finally getting a new bus stand. The government has approved the demolition and relocation of the village office, paving the way for construction behind the municipal office. This project promises enhanced transport facilities and convenience for passengers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com