പ്രിയങ്ക ഗാന്ധി മലപ്പുറം ജില്ലയിൽ പര്യടനത്തിന്; ചുങ്കത്തറയിൽ സ്വീകരണം
Mail This Article
മലപ്പുറം∙ വയനാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പത്രിക നൽകിയതിനു ശേഷം പ്രിയങ്ക ഗാന്ധി ഇന്ന് ആദ്യമായി ജില്ലയിൽ. പ്രചാരണത്തിന്റെ ഭാഗമായി ഏറനാട്, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിലെ കോർണർ യോഗങ്ങളിൽ അവർ പങ്കെടുക്കും. യുഡിഎഫിന്റെ മുതിർന്ന നേതാക്കൾ പ്രിയങ്കയ്ക്കൊപ്പം വേദി പങ്കിടും. ഉച്ചയ്ക്കു 12.30നു ഏറനാട് മണ്ഡലത്തിലുൾപ്പെടുന്ന തെരട്ടമ്മലിലാണ് ആദ്യ കോർണർ യോഗം. 3ന് വണ്ടൂർ മണ്ഡലത്തിലെ മമ്പാട്ട് പ്രിയങ്ക പ്രസംഗിക്കും. ജില്ലയിലെ അവസാന പരിപാടി നിലമ്പൂർ മണ്ഡലത്തിലുൾപ്പെടുന്ന ചുങ്കത്തറയിൽ വൈകിട്ട് 4.30നാണ്.
ഗതാഗത നിയന്ത്രണം
ചുങ്കത്തറ ∙ പ്രിയങ്ക ഗാന്ധിയുടെ പര്യടനവുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് 4 മുതൽ സിഎൻജി റോഡിൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. വഴിക്കടവ് ഭാഗത്തുനിന്നു നിലമ്പൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കാറ്റാടി - മൂത്തേടം - കരുളായി - ചന്തക്കുന്ന് വഴി പോകണം.നിലമ്പൂർ ഭാഗത്തുനിന്നു വഴിക്കടവ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചന്തക്കുന്ന് - കരുളായി - മൂത്തേടം - കാറ്റാടി വഴി പോകണം. പോത്തുകല്ലിൽനിന്നു നിലമ്പൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചാത്തംമുണ്ട- പൂക്കോട്ടുമണ്ണ - കുറ്റിമുണ്ട - മാർത്തോമ്മാ കോളജ് ജംക്‌ഷൻ വഴി പോകണം.
കൺവൻഷനുമായി മുന്നണികൾ
യുഡിഎഫ്
നിലമ്പൂർ∙ വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് ഇന്ന് ചുങ്കത്തറയിൽ സ്വീകരണം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, യുഡിഎഫ് നിയോജകമണ്ഡലം ഭാരവാഹികളായ സി.എച്ച്.ഇക്ബാൽ എൻ.എ.കരീം പാലോളി മെഹബൂബ്, എ.ഗോപിനാഥ് എന്നിവർ അറിയിച്ചു. മാർത്തോമ്മാ കോളജിന് സമീപത്തുനിന്ന് 5ന് റോഡ് ഷോ തുടങ്ങും.ബസ് സ്റ്റാൻഡ് പരിസരത്ത് പൊതുസമ്മേളനത്തിൽ പ്രിയങ്ക ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കേന്ദ്ര സംസ്ഥാന നേതാക്കൾ എന്നിവർ പ്രസംഗിക്കും.
മമ്പാട് അങ്ങാടിയിൽ 3നും യുഡിഎഫ് പൊതുയോഗത്തിൽ പ്രിയങ്ക ഗാന്ധി പ്രസംഗിക്കും.നിലമ്പൂർ∙ യുഡിഎഫ് മുനിസിപ്പൽതല മഹിളാ നേതൃയോഗം കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. മുംതാസ് ബാബു അധ്യക്ഷത വഹിച്ചു. സാലി ബിജു, ഡെയ്സി ചാക്കോ, വി.എ.കരീം, പാലോളി മെഹബൂബ്, എ.ഗോപിനാഥ്, നാണിക്കുട്ടി കൂമഞ്ചേരി, ഷെറി ജോർജ് എന്നിവർ പ്രസംഗിച്ചു.
എൽഡിഎഫ്
വണ്ടൂർ ∙ നിയോജകമണ്ഡലം എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനും റാലിയും സിപിഐ ദേശീയ കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ സെക്രട്ടറി ബി.മുഹമ്മദ് റസാഖ് അധ്യക്ഷത വഹിച്ചു. മന്ത്രി ജി.ആർ.അനിൽ, വി.ആർ.സുനിൽകുമാർ എംഎൽഎ, പി.കെ.കൃഷ്ണദാസ്, കെ.പി.രാമനാഥൻ, ജോസ് വർഗീസ്, കെ.ഖാലിദ്, അജിത്ത് കൊളാടി, പി.കെ.അബ്ദുല്ല നവാസ്, എൻ.കണ്ണൻ, എസ്.വേണുഗോപാലൻ, ജെ.ക്ലീറ്റസ്, പി.കെ.ഷറഫുദ്ദീൻ, ഷാജിറ മനാഫ്, തുളസീദാസ് പി.മേനോൻ എന്നിവർ പ്രസംഗിച്ചു. തിരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റികളുടെ രൂപീകരണവും നടന്നു.
എൻഡിഎ
എടക്കര ∙ വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എൻഡിഎ നിലമ്പൂർ നിയോജക മണ്ഡലം കൺവൻഷൻ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രവി തേലത്ത്, കെ.പ്രഭാകരൻ, അജി തോമസ്, സുധി ഉപ്പട, സുനിൽ ബോസ്, കെ.സി.വേലായുധൻ, ടി.കെ.അശോക് കുമാർ, ഡോ. ഗീതാകുമാരി, കാളിദാസൻ, ദീപു രാജഗോപാൽ, ജിജി ഗിരീഷ്, സി.കെ.കുഞ്ഞുമുഹമ്മദ്, ഗോപൻ മരുത, ബിജു ശാമുവേൽ എന്നിവർ പ്രസംഗിച്ചു.