ഭാരതീയ തത്വശാസ്ത്രവും വിജ്ഞാനവും സനാതന മൂല്യങ്ങളുടെ ഭാഗം: ഗവർണർ
Mail This Article
തേഞ്ഞിപ്പലം∙ സത്യം ശിവം സുന്ദരം എന്നതാണു സനാതന ധർമമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാലിക്കറ്റ് സർവകലാശാലയിൽ സനാതന ധർമ ചെയർ ആസ്ഥാന സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ തത്വശാസ്ത്രവും വിജ്ഞാനവും സനാതന മൂല്യങ്ങളുടെ ഭാഗമാണെന്നും സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ പറഞ്ഞു.
വിസി ഡോ.പി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സനാതന ധർമ ട്രസ്റ്റ് ചെയർമാൻ സ്വാമി ചിദാനന്ദപുരി, ചെയർ വിസിറ്റിങ് പ്രഫസർ ഡോ.സി.ശ്രീകുമാരൻ, കോഓർഡിനേറ്റർ സി.ശേഖരൻ, സിൻഡിക്കറ്റ് അംഗം എ.കെ.അനുരാജ്, പി.പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ സർവകലാശാലാ വിസിമാരായ ഡോ.മോഹനൻ കുന്നുമ്മൽ (ആരോഗ്യ സർവകലാശാല) ഡോ.കെ.കെ.ഗീതാ കുമാരി (സംസ്കൃതം), ഡോ.ജുനൈദ് ബുഷ്‌റി (കുസാറ്റ്), ഡോ.കെ.കെ.സജു (കണ്ണൂർ), കാലിക്കറ്റ് റജിസ്ട്രാർ ഡോ.ഇ.കെ.സതീഷ്, പരീക്ഷാ കൺട്രോളർ ഡോ.ഡി.പി.ഗോഡ്‌വിൻ സാംരാജ്, സെനറ്റ് അംഗം ബാലൻ പൂതേരി തുടങ്ങിയവർ പങ്കെടുത്തു.
‘എസ്എഫ്ഐ പ്രതിഷേധം നടത്തിക്കോട്ടെ, അത് ഞാൻ ആസ്വദിക്കുന്നു’
∙ എസ്എഫ്ഐ പ്രതിഷേധം നടത്തിക്കോട്ടെ, അതു താൻ ആസ്വദിക്കുന്നുവെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബാനറുകൾ കെട്ടിക്കോട്ടെ. പക്ഷേ അക്രമം അംഗീകരിക്കില്ല. മുൻപു താൻ വന്നപ്പോൾ എസ്എഫ്ഐക്കാർ അക്രമം കാണിച്ചപ്പോഴാണു പ്രതികരിച്ചത്.സർവകലാശാലകൾ പഠനത്തിനുള്ളതാണ്. കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യ ദുഃഖകരമാണ്. വീട് സന്ദർശിച്ചു വിഷമം അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലാ ക്യാംപസിൽ ഗവർണർക്കെതിരെയുള്ള എസ്എഫ്ഐയുടെ മാർച്ചിന് എതിരെയായിരുന്നു പ്രതികരണം.