കോഴിക്കോട്ടുനിന്നുള്ള വിമാനത്തിന് ബോംബ് ഭീഷണി: യുവാവ് അറസ്റ്റിൽ
Mail This Article
കരിപ്പൂർ∙ കഴിഞ്ഞ ദിവസം കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കു പുറപ്പെടേണ്ട എയർ അറേബ്യ വിമാനത്തിനു ബോംബ് ഭീഷണി സന്ദേശമയച്ച യുവാവ് അറസ്റ്റിൽ. ഭീഷണി സ്വന്തം യാത്ര മുടക്കാൻ വേണ്ടിയാണെന്നു പ്രാഥമിക നിഗമനം. പാലക്കാട് അനങ്ങനാടി കോതകുറിശി ഓവിങ്ങൽ വീട്ടിൽ മുഹമ്മദ് ഇജാസ് (26) ആണ് അറസ്റ്റിലായത്. 28നു വൈകിട്ട് 5.10നാണ് എയർപോർട്ട് ഡയറക്ടറുടെ ഇ–മെയിലിലേക്കു ഭീഷണി സന്ദേശമെത്തിയത്. രാത്രി ഒൻപതരയ്ക്കു പോകേണ്ടതായിരുന്നു വിമാനം.
ഇജാസിന്റെ പേരിലുള്ള ഇമെയിൽ അക്കൗണ്ടിൽനിന്നായിരുന്നു ഭീഷണി. ഉടൻ സിഐഎസ്എഫ്, കസ്റ്റംസ്, എമിഗ്രേഷൻ വിഭാഗങ്ങൾ പരിശോധന നടത്തി യാത്രക്കാരനായ മുഹമ്മദ് ഇജാസിനെ തടഞ്ഞുവച്ചു. പൊലീസിലും വിവരമറിയിച്ചു. പരിശോധന നടത്തി ഭീഷണിയില്ലെന്ന് ഉറപ്പാക്കിയ ശേഷം, അർധരാത്രി 12നാണു വിമാനം പുറപ്പെട്ടത്. ഇജാസിനു വിദേശത്തു സാമ്പത്തിക ഇടപാടുകളുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇജാസിനെ ഇന്നലെ മഞ്ചേരി കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു.