ഗവർണർക്കെതിരെ പ്രതിഷേധം; എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു
Mail This Article
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ മാർച്ച് നടത്തിയ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് പരീക്ഷാഭവൻ പരിസരത്തു റോഡിനു കുറുകെ ബാരിക്കേഡ് സ്ഥാപിച്ചു തടഞ്ഞു. ഗവർണർക്കെതിരെ എസ്എഫ്ഐക്കാർ ചൊവ്വാഴ്ച രാത്രി 10നു ശേഷം കെട്ടിയ ബാനർ ഇന്നലെ പുലർച്ചെ 3ന് പൊലീസ് നീക്കിയതിനെ തുടർന്നു രാവിലെ 10.30നു പ്രകടനമായി എത്തി ബാനർ പുനഃസ്ഥാപിച്ചു.
പിന്നീടു മടങ്ങിയ പ്രതിഷേധക്കാർ അര മണിക്കൂറിനു ശേഷം ഗവർണർക്ക് എതിരായി എഴുതിയ ബോർഡും ബാനറുമായി വീണ്ടുമെത്തി. സമരക്കാരിൽ ചിലർ ബാരിക്കേഡിനു മീതെ കയറി ഗവർണർക്ക് എതിരെ മുദ്രാവാക്യം വിളിച്ചു. പലപ്പോഴും കരിങ്കൊടിയും വീശി. ഗവർണർ സെമിനാർ കോംപ്ലക്സിൽ സനാതന ധർമപീഠം ആസ്ഥാന കെട്ടിടസമുച്ചയ ശിലാസ്ഥാപനം നിർവഹിച്ചു ഗെസ്റ്റ് ഹൗസിലേക്കു മടങ്ങിയ ശേഷമാണു സമരക്കാർ പിന്മാറിയത്.
മാർച്ച് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഇ.അഫ്സൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പി.അക്ഷര അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി പി.താജുദ്ദീൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സാദിഖ്, കെ.ഹരിമോൻ എന്നിവർ പ്രസംഗിച്ചു. കൊണ്ടോട്ടി ഡിവൈഎസ്പി കെ.സേതുവിന്റെ നേതൃത്വത്തിൽ ലോക്കലും ആംഡ് റിസർവും അടക്കം 300 പൊലീസുകാരെ ക്രമസമാധാന പാലനത്തിന് നിയോഗിച്ചിരുന്നു. യൂണിവേഴ്സിറ്റി വിവിഐപി ഗെസ്റ്റ് ഹൗസിൽ തങ്ങുന്ന ഗവർണർ ഇന്ന് രാവിലെ മടങ്ങും.
തടഞ്ഞത് സമരക്കാരെ; വലഞ്ഞത് അത്യാവശ്യക്കാർ
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ പരീക്ഷാ ഭവൻ പരിസരത്തെ രണ്ടുവരിപ്പാത എസ്എഫ്ഐ സമരക്കാരെ വഴി തടയാനായി പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ചതോടെ, ഭരണ കാര്യാലയത്തിലേക്കും വിവിധ വകുപ്പുകളിലേക്കും പോകേണ്ടവർക്ക് അധികദൂരം ചുറ്റേണ്ടിവന്നു. ക്യാംപസിൽ ഇന്നലെ പലയിടത്തായി 300 പൊലീസുകാർ ഉണ്ടായിരുന്നു. ഓരോ സമരക്കാർക്കും ഒന്നു വീതം പൊലീസ് എന്ന നിലയ്ക്കായിരുന്നു ക്രമസമാധാന പാലനം.
സനാതന ധർമ ചെയർ കെട്ടിട ശിലാസ്ഥാപനം ഗവർണർ നിർവഹിക്കവേ ഇഎംഎസ് സെമിനാർ കോംപ്ലക്‌സിലേക്ക് ആളുകളെ വിട്ടതു പാസ് നൽകിയാണ്. പൊലീസിന്റെ സുരക്ഷാ പരിശോധനയും പ്രത്യേക നിരീക്ഷണവും ഉണ്ടായിരുന്നു. മുൻപ് ഗവർണർ കാലിക്കറ്റ് സന്ദർശിച്ചപ്പോൾ പൊലീസ് എത്തിച്ച ബാരിക്കേഡുകൾ ക്യാംപസിൽ പലയിടത്തും മാറ്റിയിട്ടത് ഇന്നലെ ഉന്തി എത്തിച്ച് പരീക്ഷാ ഭവൻ പരിസരത്തെ റോഡ് അടയ്ക്കുകയായിരുന്നു. ബാരിക്കേഡിന് മീതെയും അരികെ പാതയിലും എസ്എഫ്ഐ സമരക്കാർ ഇരിപ്പ് തുടങ്ങിയതോടെ മണിക്കൂറുകളോളം ക്യാംപസിൽ സമരം റോഡ് ഉപരോധമായി മാറി.