ചെമ്മോൽചിറ പാലത്തിന് സമീപം പൈപ്‌ലൈൻ തകർന്നു; റോഡിൽ മണ്ണിടിച്ചിൽ
Mail This Article
തേഞ്ഞിപ്പലം ∙ കോഹിനൂർ– എയർപോർട്ട് റോഡിൽ ചെമ്മോൽചിറ പാലത്തിന് സമീപം കുമ്മിണിപ്പറമ്പിൽ ജലജീവൻ മിഷൻ ഭൂഗർഭ പൈപ്‌ലൈൻ തകർന്ന് മരാമത്ത് റോഡിൽ മണ്ണിടിച്ചിൽ. 5 മാസം മുൻപ് വിള്ളൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് റോഡ് ബലപ്പെടുത്താനായി മണ്ണ് നീക്കി അരികു ഭിത്തി കെട്ടാനുള്ള ജോലികൾ തുടരവെ പൈപ്പ് പൊട്ടി പ്രദേശമാകെ വെള്ളത്തിൽ മുങ്ങുകയായിരുന്നു. അരികു ഭിത്തിക്കായി നീക്കിയ മണ്ണ് വെള്ളത്തിൽ കുതിർന്ന് ചെളിക്കുളമായി. അരികു ഭിത്തി കെട്ടാനായി നിറച്ച മെറ്റലും ഒഴുകി. പമ്പിങ് നിർത്തിച്ച് പൈപ്പിൽ നിന്നുള്ള വെള്ളപ്പാച്ചിൽ ഒഴിവാക്കിയ ശേഷമാണ് അനന്തരം മതിൽ നിർമാണം പുനഃരാരംഭിച്ചത്. മണ്ണിടിച്ചിലിനെ തുടർന്ന് റോഡിൽ ഭാരവണ്ടികളുടെ ഗതാഗതം നിരോധിച്ചു.
ചെറിയ വണ്ടികൾക്ക് സാവകാശം പോകാൻ അനുമതി നൽകുന്നുണ്ട്. എന്നാൽ, തകർന്ന പൈപ്പ് പുനഃസ്ഥാപിക്കാൻ വൈകും. അരികു ഭിത്തി പൂർത്തിയാക്കിയ ശേഷമേ പൈപ്പ് പ്രശ്നം പരിഹരിക്കാനാകൂവെന്നാണ് അധികൃത നിലപാട്. അത് വരെ മേഖലയിൽ ജല ജീവൻ ഗുണഭോക്താക്കൾക്ക് ശുദ്ധജലത്തിന് വേറെ വഴി തേടേണ്ടി വരും. 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇപ്പോൾ റോഡിൽ അരികു ഭിത്തി നിർമാണം. ഇതേ സ്ഥലത്ത് റോഡിന്റെ മറു ഭാഗത്തും റോഡിൽ വിള്ളൽ ഉണ്ടെങ്കിലും അത് പക്ഷെ അപകടകരമല്ലെന്നാണ് അധികൃത നിലപാട്. മുൻപ് റോഡിൽ വിള്ളൽ കാരണം ഗർത്തം പ്രത്യക്ഷപ്പെട്ടിരുന്നു.
റോഡിന്റെ അപകടാവസ്ഥ മനോരമ പലകുറി റിപ്പോർട്ട് ചെയ്തതാണ്. മരാമത്ത് ചീഫ് എൻജിനിയർ വരെ തുടർന്ന് സ്ഥലം സന്ദർശിച്ചതിന്റെ വെളിച്ചത്തിലാണ് അരികുഭിത്തി നിർമാണത്തിന് പണം അനുവദിച്ചത്. ഒരു മീറ്ററിലേറെ താഴ്‌ചയിൽ സ്ഥാപിച്ച പൈപ്പ് ലൈനാണ് കഴിഞ്ഞ ദിവസം പൊട്ടിയത്.