പഞ്ചായത്തുകൾ തോറും മഴമാപിനികൾ സ്ഥാപിക്കും; ബ്ലോക്ക്തലത്തിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളും വരുന്നു
Mail This Article
പെരിന്തൽമണ്ണ∙ കൃഷിമേഖലയ്‌ക്കു കരുത്തു പകരുന്നതിനായി പഞ്ചായത്തുകൾ തോറും മഴമാപിനികളും ബ്ലോക്ക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളും വരുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്നു കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണു മഴമാപിനികളും കാലാവസ്ഥാകേന്ദ്രങ്ങളും പ്രാദേശികമായി സ്ഥാപിക്കുന്നത്. പ്രതികൂല കാലാവസ്ഥാഘടകങ്ങൾകൂടി പരിഗണിച്ചാണു പദ്ധതിയിൽ നഷ്‌ടപരിഹാരം നൽകുന്നത്. അഗ്രികൾചറൽ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തിലാണു നിലയങ്ങൾ സ്ഥാപിക്കുന്നത്.
വിവിധ ബ്ലോക്ക് തലങ്ങളിൽ ഇതിനകം കാലാവസ്ഥാ നിലയങ്ങളുടെ പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. മഴയുടെ തത്സമയ നിരീക്ഷണത്തിനും ദുരന്തനിവാരണത്തിനുമായി നിലവിൽ കാലാവസ്ഥാ വകുപ്പിനു കീഴിലാണു വിവിധ സ്ഥലങ്ങളിൽ കാലാവസ്ഥാകേന്ദ്രങ്ങളും മഴമാപിനികളും ഉള്ളത്. ഇതിനു പുറമേ സമഗ്ര ശിക്ഷാ കേരള പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത പൊതു വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും കാലാവസ്ഥാ നിലയങ്ങൾ ഒരുക്കിയിട്ടുണ്ട്. കാറ്റിന്റെ വേഗം, ദിശ, അന്തരീക്ഷ മർദം, മഴയളവ് തുടങ്ങിയവ കുട്ടികൾ നിരീക്ഷിച്ചു രേഖപ്പെടുത്തും.