തൂക്കുപാലത്തിൽ അലങ്കാരവിളക്കുകൾ സ്ഥാപിച്ചു; പുളിക്കക്കടവിന് ഇനി പുതിയ മുഖം
Mail This Article
പൊന്നാനി ∙ വികസനത്തിന്റെ ‘പൊന്നരഞ്ഞാണം’ കെട്ടി പുളിക്കക്കടവ് മണവാട്ടിയാകുന്നു. തൂക്കുപാലത്തിൽ അലങ്കാര വിളക്കുകൾ സ്ഥാപിക്കുന്ന പണികൾ പൂർത്തിയായി. ഇനി പൊന്നാനിക്കാർക്കു പകലിനെക്കാൾ സുന്ദരമായ രാത്രികൾ കായൽ സമ്മാനിക്കും. തുരുമ്പെടുത്തു താഴെ വീഴാറായ പാലം ഇനി പഴയ കഥ. ഇന്നു പുളിക്കക്കടവിന്റെ മൂല്യം കൂട്ടുന്ന കായൽ പൊന്നരഞ്ഞാണമാണു തൂക്കുപാലം.പതിറ്റാണ്ടുകളായി ഡിടിപിസി കൈവശം വച്ച കായൽ തീരം അവഗണനയുടെ നെറുകയിലായിരുന്നു.
നശിച്ചുകിടന്ന കായലോരത്തേക്ക് ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കുക പോലും ചെയ്തിരുന്നില്ല. അപകടാവസ്ഥയിലായ പാലം അറ്റകുറ്റപ്പണി നടത്താൻ പണമില്ലെന്നു പറഞ്ഞു പാലം കൊട്ടിയടച്ചു. എന്നിട്ടൊരു ബോർഡും വച്ചു.. ‘പാലത്തിൽ അനുമതിയില്ലാതെ കടക്കുന്നത് ശിക്ഷാർഹമാണ്’.ഇരുകരകളിലുമുള്ളവർ വഴിമുട്ടി നിന്നപ്പോൾ നഗരസഭ മുന്നോട്ടുവന്നു സ്ഥലവും പാലവും വിട്ടുതന്നാൽ പുനർനിർമാണം തങ്ങൾ നടത്താമെന്ന് ഏൽക്കുകയായിരുന്നു.
അങ്ങനെ പാലം നഗരസഭ നവീകരിച്ചു. പൊന്നാനിയിലെ പ്രമുഖ വ്യവസായിയും അക്ബർ ട്രാവൽസ് ഉടമയുമായ കെ.വി.അബ്ദുൽ നാസറിനെ കണ്ടു പാലത്തിൽ അലങ്കാര വിളക്കുകൾ വയ്ക്കുന്നതിനു സഹകരണം തേടി. അക്ബർ ട്രാവൽസ് പിന്തുണയ്ക്കു പുറമേ ടൂറിസം പദ്ധതികൾക്കായി ഒരു കോടി രൂപയുടെ നിർമാണത്തിനു കേന്ദ്ര അനുമതിയും ലഭിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെ കായലിൽ ടൂറിസം പാർക്കും അടുത്ത മാസത്തോടെ ആരംഭിക്കും.