മുദ്രപ്പത്രത്തിന് കടുത്ത ക്ഷാമം; 20, 50, 100 രൂപയ്ക്കുള്ള മുദ്രപത്രങ്ങൾ കിട്ടാനേയില്ല, സാധാരണക്കാർക്കു തിരിച്ചടി
Mail This Article
വളാഞ്ചേരി ∙ മുദ്രപ്പത്രത്തിനു കടുത്ത ക്ഷാമം നേരിട്ടു തുടങ്ങിയതോടെ സാധാരണക്കാരുടെ ഒട്ടേറെ പ്രശ്നങ്ങൾക്കു പരിഹാരം കാണാനാകുന്നില്ലെന്നു പരാതി. ചെറിയ വിലയ്ക്കുള്ള മുദ്രപത്രങ്ങൾക്കാണു കൂടുതൽ ക്ഷാമം. 20, 50, 100 രൂപയ്ക്കുള്ള മുദ്രപത്രങ്ങൾ കിട്ടാനേയില്ല. ലൈഫ്മിഷൻ പദ്ധതിയിൽ ലഭിക്കുന്ന വീടുകൾക്ക് ഉപഭോക്താക്കൾ പഞ്ചായത്തിലേക്കു നൽകേണ്ട സത്യവാങ്മൂലം അപേക്ഷ, സ്കൂൾ സർട്ടിഫിക്കറ്റ്, എജ്യൂക്കേഷൻ അപേക്ഷകൾ, കോളജ് അഡ്മിഷൻ, കരാറുകൾ, ക്ഷേമപെൻഷനുകൾ തുടങ്ങിയവയ്ക്ക് ആവശ്യമായ 20, 50, 100രൂപ മുദ്രപത്രങ്ങൾ കിട്ടാതായിട്ട് ഏറെ നാളായി. ചെറിയ വിലയ്ക്കുള്ള മുദ്രപത്രത്തിന്റെ ക്ഷാമം മൂലം പലരും വലിയ തുകയ്ക്കുള്ളവ വാങ്ങേണ്ട ഗതികേടിലുമാണ്. മുദ്രപത്രക്ഷാമം പരിഹരിച്ചു പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ഐഎൻടിയുസി ജില്ലാ ട്രഷറർ ബാവ കാളിയത്ത് ആവശ്യപ്പെട്ടു.