കോടതിവിധി തുണയായി; മുടങ്ങിയ യാത്ര പുനരാരംഭിക്കാൻ ‘സ്വപ്ന’ ബസ്
Mail This Article
കോട്ടയ്ക്കൽ∙ ഒന്നര വർഷമായി വെറുതെ കിടക്കുന്ന യാത്രക്കാരുടെ പ്രിയപ്പെട്ട ‘സ്വപ്ന’ ബസ് വീണ്ടും നിരത്തിലിറങ്ങുന്നു. 140 കിലോമീറ്റർ ദൂരപരിധിയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കഴിഞ്ഞവർഷം മേയ് മുതലാണ്, 50 വർഷത്തിലധികമായി റൂട്ടും പേരും മാറാതെ, നിലമ്പൂർ - തൃശൂർ റൂട്ടിൽ സർവീസ് നടത്തിവന്ന ബസ് ഓട്ടം നിർത്തിവച്ചത്. എന്നാൽ, സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിൽ കൂടിയ ദൂരത്തിനു പെർമിറ്റ് അനുവദിക്കേണ്ടതില്ലെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയതോടെയാണ് സർവീസ് പുനരാരംഭിക്കുന്നത്.ബസിന്റെ അറ്റകുറ്റപ്പണികൾ നടത്തിയശേഷം മോട്ടർ വാഹന വകുപ്പ് അധികൃതരുടെ നിർദേശങ്ങൾക്കനുസരിച്ച് അടുത്ത ആഴ്ച ഓട്ടം തുടങ്ങും.രാവിലെ 5.30ന് നിലമ്പൂർ തേൾപ്പാറയിൽനിന്നു പുറപ്പെട്ട് 10ന് തൃശൂർ ശക്തൻ തമ്പുരാൻ സ്‌റ്റാൻഡിലെത്തുന്ന ബസ് ഉച്ചകഴിഞ്ഞ് 2.30ന് തൃശൂരിൽ നിന്നെടുത്താൽ രാത്രി ഏഴരയോടെ തേൾപ്പാറയിൽ തിരിച്ചെത്തുകയായിരുന്നു പതിവ്.
അധ്യാപകർ, വിദ്യാർഥികൾ, സർക്കാർ ജീവനക്കാർ, അഭിഭാഷകർ, ഭിന്നശേഷിക്കാർ തുടങ്ങി വിവിധ തുറകളിലെ ഒട്ടേറെ ആളുകൾ പതിവു യാത്രക്കാരായിരുന്നു. കുന്നംകുളം, കോട്ടയ്ക്കൽ, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സാധനസാമഗ്രികളും ബസ് വഴിയെത്തി. ഗോപിനാഥ് മുതുകാടിന്റെ ബന്ധുക്കളാണ് ബസ് വാങ്ങിയത്. ഓട്ടം തുടങ്ങിയതിൽ പിന്നെ മൂന്നാമത്തെ ഉടമയുടെ കൈവശമാണിപ്പോഴുള്ളത്. ഉടമകളും ജീവനക്കാരുമെല്ലാം മലപ്പുറം ജില്ലക്കാർ. 5 ജീവനക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. പതിവു യാത്രക്കാരിൽ ആരെയെങ്കിലും സ്‌റ്റോപ്പിൽ കാണാതായാൽ ജീവനക്കാർ കാര്യമന്വേഷിക്കും. ജീവനക്കാർ അവധിയെടുത്താൽ തിരിച്ചുമുണ്ട് അന്വേഷണം.ബസ് ഓട്ടം നിർത്തിയതോടെ പ്രയാസത്തിലായ യാത്രക്കാർക്കു സന്തോഷം പകരുന്നതാണു ഹൈക്കോടതി ഉത്തരവ്.