ADVERTISEMENT

വണ്ടൂർ ∙ പ്രവർത്തകരുടെ ആവേശം വാനോളമുയർത്തി കലാശക്കൊട്ട്. വണ്ടൂർ നിയോജകമണ്ഡല ആസ്ഥാനമായ വണ്ടൂർ ജംക്‌ഷനിൽ മൂന്നു റോഡുകളിലായാണു നൂറുകണക്കിനു പ്രവർത്തകർ പ്രകടനമായെത്തിയത്. കാളികാവ് റോഡിൽ യുഡിഎഫ് പ്രവർത്തകരും മഞ്ചേരി റോഡിൽ എൽഡിഎഫ് പ്രവർത്തകരും നിലമ്പൂർ റോഡിൽ എൻഡിഎ പ്രവർത്തകരും പ്രചാരണ സമാപന പ്രകടനം നടത്തി.  സംഘർഷം ഒഴിവാക്കാൻ പൊലീസ് നേരത്തേതന്നെ രാഷ്ട്രീയ പാർട്ടികൾക്കു കലാശക്കൊട്ടിനുള്ള സ്ഥലം നിശ്ചയിച്ചു നൽകിയിരുന്നു. കനത്ത പൊലീസ് കാവലുമുണ്ടായിരുന്നു. സംസ്ഥാനപാതയിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.ഡിജെയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കാതടപ്പിക്കുന്ന മുദ്രാവാക്യം വിളികളുമായാണു പ്രവർത്തകർ എത്തിയത്.



മമ്പാട് വടപുറത്ത് യുഡിഎഫ് വനിതാ പ്രവർത്തകർ ഇന്നലെ നിശ്ശബ്ദ പ്രചാരണത്തിൽ. പ്രിയങ്ക ഗാന്ധിക്കുവേണ്ടി  വീടുകൾ കയറി  വോട്ടിങ് യന്ത്രം പരിചയപ്പെടുത്തുന്നു.
മമ്പാട് വടപുറത്ത് യുഡിഎഫ് വനിതാ പ്രവർത്തകർ ഇന്നലെ നിശ്ശബ്ദ പ്രചാരണത്തിൽ. പ്രിയങ്ക ഗാന്ധിക്കുവേണ്ടി വീടുകൾ കയറി വോട്ടിങ് യന്ത്രം പരിചയപ്പെടുത്തുന്നു.

 പ്രിയങ്ക ഗാന്ധിയുടെ കൂറ്റൻ കട്ടൗട്ടുകളും കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും വലിയ കൊടികളും ഉയർത്തി കാളികാവ് റോഡിൽ യുഡിഎഫ് പ്രവർത്തകർ അണിനിരന്നു. യുവാക്കളും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൃത്തച്ചുവടുകളുമായി ആവേശമുയർത്തി.സത്യൻ മൊകേരിയുടെ കട്ടൗട്ടുകളും സിപിഐയുടെയും സിപിഎമ്മിന്റെയും വലിയ കൊടികളും ഉയർത്തിയാണ് എൽ‍ഡിഎഫ് മഞ്ചേരി റോഡിൽ അണിനിരന്നത്. നാടൻപാട്ടും മുദ്രാവാക്യം വിളികളുമായി പ്രചാരണം ആവേശക്കൊടുമുടിയിലെത്തിച്ചു.എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിന്റെ കട്ടൗട്ടുകളും പോസ്റ്ററുകളുമായാണു ബിജെപി പ്രവർത്തകർ കലാശക്കൊട്ടിനെത്തിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു ആവേശം വർധിപ്പിച്ചു.

∙  അവസാന മണിക്കൂറുകളിലും സജീവമായി മുന്നണികൾ. ടൗൺ ഒഴിവാക്കിയുള്ള സ്ഥലങ്ങളിൽ കവലയോഗങ്ങളും അനൗൺസ്മെന്റും നടത്തി സാന്നിധ്യം അറിയിക്കുന്നതിൽ മത്സരമായിരുന്നു.   ഉച്ചകഴിഞ്ഞ് 3 ന് ശേഷം ടൗണിലേക്ക് പ്രചാരണ വാഹനങ്ങൾ പൊലീസ് കടത്തിവിട്ടില്ല. പാലത്തിങ്ങൽ മുതൽ മുസല്യാരങ്ങാടി വരെ ടൗണിൽ പൊലീസിനെ നിയോഗിച്ചിരുന്നു. വീടുകൾ കയറിയുള്ള പ്രചാരണത്തിൽ പ്രവർത്തകരുടെ പങ്കാളിത്തമുണ്ടായിരുന്നു. 

യുഡിഎഫ് വനിതാ വിഭാഗം റോഡ് ഷോ 
പ്രിയങ്ക ഗാന്ധിക്ക് വോട്ടഭ്യർഥിച്ച് യുഡിഎഫ് വനിത വിഭാഗം റോഡ് ഷോ നടത്തി.  മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.പുഷ്പവല്ലി, വനിത ലീഗ് മണ്ഡലം പ്രസിഡന്റ് സെറീന മുഹമ്മദലി, സരളാ രാജപ്പൻ, ദീപാ ഹരിദാസ്, കെ.ആയിഷക്കുട്ടി, ഫസിൻ മുജീബ്, നിഷ മുല്ലത്തൊടിക, ലിസി തോമസ്, സുലൈഖ മമ്പള്ളി, സഫൂറ ബീവി എന്നിവർ നേതൃത്വം നൽകി.

∙ അമരമ്പലം പഞ്ചായത്ത് യുഡിഎഫ് വനിതാ വിഭാഗം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരസ്യ പ്രചാരണത്തിനു സമാപനമായി റോഡ് ഷോ നടത്തി. പൂക്കോട്ടുംപാടം വലിയ പള്ളി പരിസരത്ത് നിന്ന് ആരംഭിച്ചു. കച്ചവടക്കാർ, നാട്ടുകാർ എന്നിവരാേടു വോട്ടഭ്യർഥിച്ചു. ലഘു ലേഖകൾ വിതരണം ചെയ്തു. വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് കെ.പി.ജൽസീമിയ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഫീഫ പ്രഭാഷണം നടത്തി. സുധാമണി പാറക്കൽ അധ്യക്ഷത വഹിച്ചു. കെ.കെ. സഫിയ, രത്നാ ഗോപി,  ബേബി വിനോദിനി, എം.പി. ശോഭന ,അജിഷ ചുള്ളിയോട്, ജംഷീദ പൊട്ടിയിൽ, സാജിത , സഹീറലി, ജുമൈലത്ത് കൂറ്റംമ്പാറ, സഫീറാമ്പി, സുനിതാ നൊട്ടത്ത് എന്നിവർ പ്രസംഗിച്ചു.

English Summary:

As the election in Wandoor reaches its peak, political fervor takes hold with UDF, LDF, and NDA workers conducting massive rallies, creating an unforgettable spectacle of democracy in action.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com