ആറുവരിപ്പാത: കോഴിക്കോട് ദിശയിലേക്കുള്ള 3 ട്രാക്കുകളും തുറന്നു; പക്ഷേ, യാത്രക്കാർ വെട്ടിലായി
Mail This Article
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ക്യാംപസ് ഭാഗത്തും ദേശീയപാത 66ലെ ആറുവരി പാതയിൽ കോഴിക്കോട് ദിശയിലേക്കുള്ള 3 ട്രാക്കുകളും തുറന്നു. പാണമ്പ്ര – കോഹിനൂർ – യൂണിവേഴ്സിറ്റി – ചെട്യാർമാട് 3 കിലോമീറ്ററാണു പുതുതായി തുറന്നത്. മേലെ ചേളാരിയൽ മുതൽ പാലക്കലിനടുത്ത പരപ്പിലാക്കൽ വരെ നേരത്തെ തന്നെ ആറുവരി പാത തുറന്നിട്ടുണ്ട്. ചെട്യാർമാട് മുതൽ കാക്കഞ്ചേരി വളവ് വരെയും ആറുവരിപ്പാതയിൽ വാഹന ഗതാഗതം ദിവസങ്ങളായി നിലവിലുണ്ട്. കാക്കഞ്ചേരി വളവിൽ 600 മീറ്ററിൽ പണി തീരാത്തതിനാൽ ബദൽ റോഡ് വഴിയാണു ഗതാഗതം.
സ്പിന്നിങ് മിൽ അങ്ങാടി മുതൽ ജില്ലാ അതിർത്തി വരെ ഗതാഗതമുണ്ട്. മൂന്നിയൂർ പഞ്ചായത്തിലെ തലപ്പാറ മുതൽ പരപ്പിലാക്കൽ വരെ ഗതാഗതം തുടങ്ങിയിട്ടില്ല. എൻഎച്ച് 66ൽ വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ 12 കിലോമീറ്ററിൽ രണ്ടിടത്തായി 3 കിലോമീറ്ററിൽ ഒഴികെ 9 കിലോമീറ്ററിലും ഇപ്പോൾ കോഴിക്കോട് ദിശയിലേക്ക് 3 ട്രാക്കുകൾ വഴിയും ഗതാഗതം അനുവദിക്കുന്നുണ്ട്. മിക്കയിടത്തും സർവീസ് റോഡിലൂടെയും പോകാം.
തൃശൂർ ദിശയിൽ
ചേലേമ്പ്ര ഇടിമുഴിക്കലിനടുത്ത് ജില്ലാ അതിർത്തിയിലെ നിസരി ജംക്‌ഷൻ മുതൽ തലപ്പാറ വരെയുള്ള 12 കിലോമീറ്ററിൽ തൃശൂർ ഭാഗത്തേക്കുള്ള 3 ട്രാക്കുകളിൽ കാക്കഞ്ചേരി വളവിൽ 600 മീറ്ററിൽ വാഹന ഗതാഗതം തുടങ്ങാറായിട്ടില്ല. ചെട്യാർമാട്– യൂണിവേഴ്സിറ്റി– കോഹിനൂർ 2.5 കിലോമീറ്ററിലും തൃശൂർ ഭാഗത്തേക്കുമുള്ള ട്രാക്കുകൾ തുറന്നിട്ടില്ല. അടുത്ത ദിവസം തന്നെ തുറക്കാനായി പണികൾ അന്തിമ ഘട്ടത്തിലാണ്. പരപ്പിലാക്കൽ– തലപ്പാറ 3 കിലോമീറ്റർ തൃശൂർ ട്രാക്കുകൾ തുറന്നിട്ടില്ല. പാത തുറക്കാത്ത ഭാഗങ്ങളിൽ സർവീസ് റോഡ് വഴി മാത്രമാണ് ഗതാഗതം. പണികൾ ബാക്കിയുള്ള ട്രാക്കുകളും അടുത്ത മാസത്തോടെ തുറക്കും.
ശബരിമല സീസണാകുമ്പോഴേക്കും എൻഎച്ചിലെ ഗതാഗത തടസ്സം പൂർണമായും ഒഴിവാക്കാനാണു നീക്കം. ജില്ലയിൽ ഏറ്റവും ഗതാഗത തടസ്സമുണ്ടായിരുന്നത് എൻഎച്ച് ഇടിമുഴിക്കൽ, കാക്കഞ്ചേരി വളവ്, ചേളാരി മേഖലയിലായിരുന്നു. ഇവിടത്തെ തടസ്സം ആദ്യ ഘട്ടത്തിൽ തന്നെ ഒഴിവാക്കുന്ന നിലയ്ക്കാണു മിക്കയിടത്തും പണികൾ പൂർത്തിയാക്കിയത്. കാക്കഞ്ചേരി വളവിലെ പണികൾ വേഗം തീർക്കാനും നീക്കമുണ്ട്.
യാത്രാ ക്ലേശം
ബസുകൾ പലതും ആറുവരിപ്പാത വഴി പോകുന്നതിനാൽ യാത്രക്കാർ വെട്ടിലായി. ചേളാരി, പാണമ്പ്ര, കോഹിനൂർ, യൂണിവേഴ്സിറ്റി, ചെട്യാർമാട്, ഇടിമുഴിക്കൽ സ്റ്റോപുകളിൽ മിക്ക ബസുകളും എത്തുന്നില്ല. സർവീസ് റോഡ് വഴി എത്തുന്ന ബസുകളെ ആശ്രയിക്കുകയാണു പലരും. മേലേ ചേളാരിയിൽ ആലുങ്ങൽ റോഡ് ജംക്‌ഷൻ വരെ എത്തി ബസിൽ കയറണം.
യൂണിവേഴ്സിറ്റി ക്യാംപസ് കവാടത്തിനടുത്ത് നിലവിൽ കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്നുണ്ട്. മതിലിനു കെട്ടിയ കമ്പിയുടെ വിടവിലൂടെയാണു പലരും റോഡിന് പുറത്ത് കടക്കുന്നത്. വൈകാതെ ഈ വഴി അടയ്ക്കും. അപ്പോൾ യൂണിവേഴ്സിറ്റി യാത്രയും ദുരിതമാകും. സർവീസ് റോഡ് വഴിയെത്തി യാത്രക്കാർക്ക് ബസ് കയറാൻ സൗകര്യം ഒരുക്കണമെന്ന മോട്ടർ വാഹന വകുപ്പിന്റെ നിർദേശം ആരും ശ്രദ്ധിക്കാറില്ല.
കോഴിക്കോട് ദിശയിലേക്കുള്ള വാഹനങ്ങൾ ചേളാരി ആലുങ്ങൽ റോഡ് ജംക്‌ഷനിൽ നിന്നു സർവീസ് റോഡിൽ പ്രവേശിച്ചില്ലെങ്കിൽ പാണമ്പ്ര, കോഹിനൂർ, യൂണിവേഴ്സിറ്റി, ചെട്യാർമാട് സ്റ്റോപുകളിൽ പ്രവേശിക്കാനാകാതെ കാക്കഞ്ചേരി വളവിലെത്തി സർവീസ് റോഡിൽ കയറേണ്ടി വരും. ഇതു മുൻകൂട്ടിക്കാണ്ടില്ലെങ്കിൽ യാത്രക്കാർ ചുറ്റും.
ഗതാഗതക്കുരുക്ക്
കോഴിക്കോട് ദിശയിലേക്കുള്ള 3 ട്രാക്കുകളും പിന്നിട്ട് കാക്കഞ്ചേരി വളവിലെത്തുന്ന വാഹനങ്ങൾ പലപ്പോഴും കാത്തു കിടക്കണം. കോഴിക്കോട് ദിശയിലേക്കുള്ള സർവീസ് റോഡ് കെഫ് ഹോസ്പിറ്റാലിറ്റി വളപ്പിൽ നിന്നു മണ്ണു വീണു മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ഇടുങ്ങിയ ബദൽ റോഡിലൂടെയാണ് കോഴിക്കോടിനു പോകുന്നത്.
പാണമ്പ്ര വളവ് ഓർമ
50 വർഷത്തിനിടെ 50ലേറെ പേർ വാഹനാപകടങ്ങളിൽ മരിച്ച പാണമ്പ്ര വളവ് ഇനി ഓർമ. വളവ് ഒഴിവാക്കി നിർമിച്ച ഭാഗത്ത് ഗതാഗതം തുടങ്ങി. കോഹിനൂർ ഭാഗത്തുനിന്നു താഴ്‌ത്തിയും ചേളാരി ആലുങ്ങൽ റോഡ് ജംക്‌ഷൻ വരെ പൊക്കിയുമാണ് പുതിയ എൻഎച്ച്. ജഗതി ശ്രീകുമാർ അപകടത്തിൽപ്പെട്ട ഡിവൈഡറിന്റെ സ്ഥാനത്ത് ഇപ്പോൾ പാലമാണ്. ഇതിനു മീതെ ഉയരപ്പാതയും താഴെ അടിപ്പാതയുമായി.