എക്സിബിഷന് അനുവദിച്ച സ്ഥലത്ത് തെരുവുകച്ചവടം; രൂക്ഷവിമർശനവുമായി വ്യാപാരികൾ രംഗത്ത്
Mail This Article
തിരൂർ ∙ സ്റ്റേഡിയത്തിനു മുൻപിൽ നഗരസഭ എക്സിബിഷനു വേണ്ടി അനുവദിച്ച സ്ഥലത്ത് തെരുവുകച്ചവടത്തിനുള്ള ഒരുക്കമാണ് നടക്കുന്നതെന്ന് ആരോപിച്ചും നഗരസഭയ്ക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചും നഗരത്തിലെ വ്യാപാരികൾ രംഗത്ത്. ഇന്നലെ നഗരസഭയ്ക്കു മുൻപിൽ തിരൂർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. നാളെ മുതൽ വ്യാപാരികൾ റിലേ സമരം നടത്തും. 2 ദിവസത്തിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ തിരൂരിലെ വ്യാപാരികൾ തെരുവിൽ സാധനങ്ങളിട്ട് കച്ചവട സമരം നടത്തുമെന്നും ചേംബർ ഓഫ് കൊമേഴ്സ് നേതാക്കൾ.
രാജീവ്ഗാന്ധി സ്റ്റേഡിയത്തിനു മുൻപിൽ 15,000 ചതുരശ്രയടി സ്ഥലം എക്സിബിഷൻ നടത്താൻ സ്വകാര്യ വ്യക്തിക്ക് നഗരസഭ 2 മാസത്തേക്ക് വിട്ടു നൽകിയിരുന്നു. എന്നാൽ ഇവിടെ തുണിത്തരങ്ങളും മറ്റും വിൽക്കാനുള്ള കേന്ദ്രമാണ് ഒരുക്കുന്നതെന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്. തെരുവുകച്ചവടമായാണ് ഇതിനെ കാണേണ്ടതെന്നു തിരൂർ ചേംബർ ഓഫ് കൊമേഴ്സ് ആരോപിച്ചു. കഴിഞ്ഞ കൗൺസിലിൽ പാസാക്കിയാണു സ്ഥലം അനുവദിച്ചത്. തെരുവുകച്ചവടം അവസാനിപ്പിക്കണമെന്ന് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയെടുക്കാത്ത നഗരസഭ ഇതിന് അനുവാദം നൽകിയത് അംഗീകൃത വ്യാപാരികളെ പ്രയാസത്തിലാക്കുന്നതാണ്.
ഇതിൽ പ്രതിഷേധിച്ച് നഗരസഭയിലേക്കു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച ശേഷം ചർച്ച ചെയ്യാൻ പോയപ്പോൾ തിങ്കളാഴ്ച ആയിട്ടു പോലും നഗരസഭാധ്യക്ഷയും സെക്രട്ടറിയും കൗൺസിലർമാരും അടക്കമുള്ളവരും ഓഫിസിൽ ഉണ്ടായിരുന്നില്ലെന്നും വ്യാപാരികൾ പറഞ്ഞു. നഗരഭരണ സംവിധാനം കുത്തഴിഞ്ഞെന്നും നാഥനില്ലാത്ത സ്ഥിതിയായെന്നും വ്യാപാരികൾ ആരോപിച്ചു. നഗരം തെരുവു കച്ചവടക്കാർക്ക് തുറന്നു കൊടുക്കുന്ന നയം നഗരസഭ മാറ്റണം.
സ്റ്റേഡിയത്തിനു മുൻപിൽ സ്ഥലം അനുവദിച്ച നടപടി 2 ദിവസത്തിനുള്ളിൽ തിരുത്തിയില്ലെങ്കിൽ നഗരത്തിലെ വ്യാപാരികൾ തെരുവിൽ സാധനങ്ങൾ ഇറക്കി വച്ച് കച്ചവട സമരം നടത്തുമെന്നും ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി.എ.ബാവ, ജന. സെക്രട്ടറി സമദ് പ്ലസന്റ്, പി.എ.റഷീദ്, എ.ഷബീബ്, പി.ജലീൽ, കെ.ഷിഹാബ്, വി.വിഷ്ണു, സെയ്തു ചെറുതോട്ടത്തിൽ എന്നിവർ പറഞ്ഞു. നഗരസഭയിലേക്കു നടന്ന മാർച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് സംസ്ഥാന ജനറൽ സെക്രട്ടറി അക്രം ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു.