വാഗൺ കൂട്ടക്കൊലയ്ക്ക് 103 വയസ്സ്; നടുക്കുന്ന ഓർമകളിൽ കുരുവമ്പലം
Mail This Article
പെരിന്തൽമണ്ണ∙ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമായ വാഗൺ ട്രാജഡിയുടെ നടുക്കുന്ന ഓർമകൾക്ക് ഇന്ന് 103 വയസ്സ്. പുലാമന്തോൾ കുരുവമ്പലത്തിന്റെ സ്‌മരണകളിൽ ഇന്നും നടുക്കമായി ആ വാഗണിന്റെ മുരൾച്ചയുണ്ട്. 1921 നവംബർ 19ന് തിരൂരിൽനിന്ന് കൊയമ്പത്തൂരിലേക്കു പുറപ്പെട്ട എം.എസ്. റെയിൽവേയുടെ 77–ാം നമ്പർ ഗുഡ്‌സ് ട്രെയിനിലെ 1711–ാം നമ്പർ ചരക്ക് വാഗൺ ഈ നാടിന്റെ ഓർമകളിലെ ചോരപ്പാടാണ്. കുരുവമ്പലത്തെ വാഗൺ ട്രാജഡി സ്‌മാരക മന്ദിരത്തിനു മുന്നിൽ കുറിച്ചുവച്ച 41 പേരുകൾ ഈ നാടിന്റെ ഹൃദയരക്തം കൊണ്ട് എഴുതിയതാണ്.
ബ്രിട്ടിഷ് സർക്കാരിന്റെ തുല്യതയില്ലാത്ത ക്രൂരതയിൽ അന്ന് വാഗണിൽ പൊലിഞ്ഞ 70 പേരിൽ 41 പേർ ഈ പ്രദേശത്തുകാരായിരുന്നു. ബ്രിട്ടിഷ് വിരോധത്തിന്റെ തീ കെടാതെ മനസ്സിൽ സൂക്ഷിച്ച ഈ പ്രദേശത്തെ യുവാക്കളാണ് 1921 നവംബർ 19ന് ബ്രിട്ടിഷ് പട്ടാളം തിരൂരിൽനിന്ന് കോയമ്പത്തൂർ ജയിലിലടയ്ക്കാൻ കൊണ്ടുപോയ ചരക്ക് വാഗണിൽ ശ്വാസംമുട്ടി പിടഞ്ഞുമരിച്ചത്. എന്നാൽ ഈ മഹാദുരന്തത്തിന്റെ ഓർമകൾ നിറം മങ്ങിയ ചരിത്രതാളുകളിലാണ് രേഖപ്പെടുത്തിയതെന്നാണ് ഈ ഗ്രാമത്തിന്റെ പരിദേവനം.
രാജ്യത്തിനു വേണ്ടിയുള്ള ഇത്രയും പേരുടെ ജീവൻ നൽകിയ ഈ ഗ്രാമത്തെ പിൽക്കാല ചരിത്രം വേണ്ടത്ര ഗൗനിച്ചില്ല. കുരുവമ്പലത്തുകാരായ കാളിയ റോഡിൽ കോയക്കുട്ടി തങ്ങളും വാഴയിൽ കുഞ്ഞയമുവും ഈ മഹാദുരന്തത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടവരാണ്. വാഗണിന്റെ അടിയിലെ കൊച്ചുദ്വാരത്തിലൂടെ ഊഴമിട്ട് നേടിയ ശ്വാസവായുവാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. എന്നാൽ ഇവർക്ക് പിന്നീട് നീണ്ടകാലം ജയിലിൽ കഴിയേണ്ടിവന്നു.
വാഗണിൽ പിടഞ്ഞുമരിച്ചവരിൽ ഭൂരിഭാഗം ചെറുപ്പക്കാരും അവിവാഹിതരായിരുന്നു. ഏകദേശം 3 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തുകാരായിരുന്നു എല്ലാവരും. ഒരു ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പിൽ അലിഞ്ഞുചേർന്ന ഈ മഹാദുരന്തത്തിന്റെ അവശേഷിപ്പുകളേറെയും ഈ ഗ്രാമത്തിൽനിന്നു വേരറ്റു പോയിരിക്കുന്നു.
2005ൽ ജില്ലാ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെ വാഗൺ ട്രാജഡി സ്‌മാരക മന്ദിരം ഒരുക്കിയിട്ടുണ്ട്. ഇന്ന് ഈ ഗ്രാമം ഓണപ്പുടയിൽ ഒത്തുചേരും. വാഗണിൽ കിടന്ന് ശ്വാസം മുട്ടി രക്തസാക്ഷിത്വം വരിച്ച ധീരദേശാഭിമാനികളെ അനുസ്മരിക്കും. വാഗൺ ട്രാജഡി സ്മാരക സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകിട്ട് ആറിന് അനുസ്മരണ സമ്മേളനം കെ.എൻ.എ.ഖാദർ ഉദ്ഘാടനം ചെയ്യും. സ്‌മാരക സമിതി ചെയർമാൻ സലീം കുരുവമ്പലം ആധ്യക്ഷ്യം വഹിക്കും.