ADVERTISEMENT

പെരിന്തൽമണ്ണ∙ അടുത്ത മാസം വരാനിരിക്കുന്ന പുതിയ റെയിൽവേ ടൈംടേബിളിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണു ഷൊർണൂർ – നിലമ്പൂർ റെയിൽവേ പാതയിലെ യാത്രക്കാർ. ജനുവരി മുതൽ പുതിയ സമയക്രമം അനുസരിച്ചായിരിക്കും ട്രെയിനുകൾ സർവീസ് നടത്തുക. ട്രെയിനുകളുടെ യോജ്യമായ സമയമാറ്റവും കോട്ടയം ട്രെയിനിന് എല്ലാ റെയിൽവേ സ്‌റ്റേഷനുകളിലും സ്‌റ്റോപ് അനുവദിക്കുന്നതും ഷൊർണൂരിൽനിന്നുള്ള രാത്രി ട്രെയിനിന്റെ സമയം ദീർഘിപ്പിക്കുന്നതോ രാത്രികാല ട്രെയിനോ ഉൾപ്പെടെ ഒട്ടേറെ ആവശ്യങ്ങളാണ് യാത്രക്കാർക്ക് ഉള്ളത്.

പാതയിലെ മിക്ക സ്‌റ്റേഷനുകളിൽനിന്നും നൂറുകണക്കിനു യാത്രക്കാർ വൈകിട്ട് 3.10ന് നിലമ്പൂരിൽനിന്നു പുറപ്പെടുന്ന കോട്ടയം എക്‌സ്‌പ്രസിനെ ആശ്രയിക്കുന്നുണ്ട്. ഇവരിൽ പലരും സ്ഥിരം യാത്രക്കാരുമാണ്. കോവിഡ് കാലത്തിനു മുൻപു കോട്ടയം എക്‌സ്‌പ്രസിനു പാതയിലെ എല്ലാ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പുണ്ടായിരുന്നതാണ്.എന്നാൽ നിലവിൽ നിലമ്പൂർ കഴിഞ്ഞാൽ വാണിയമ്പലത്തും അങ്ങാടിപ്പുറത്തും മാത്രമാണ് സ്‌റ്റോപ്. 

 കോവിഡ് കാലത്തിനു ശേഷം വന്ന, നിലവിലെ ടൈംടേബിളിനെക്കുറിച്ചു പരക്കെ ആക്ഷേപമുണ്ടായിരുന്നു. നിലവിലെ സമയക്രമത്തിൽ ഷൊർണൂരിലെത്തുന്ന യാത്രക്കാർക്കു നിമിഷങ്ങളുടെ വ്യത്യാസത്തിൽ ഒട്ടേറെ കണക്‌ഷൻ ട്രെയിനുകൾ നഷ്‌ടപ്പെടുന്ന സാഹചര്യമുണ്ട്. ഇതുസംബന്ധിച്ചു റെയിൽവേ യാത്രക്കാരുടെ കൂട്ടായ്മകളും സജീവ ചർച്ച തുടങ്ങിയിട്ടുണ്ട്. പുതിയ റെയിൽവേ ടൈംടേബിൾ സംബന്ധിച്ചു റെയിൽവേ നിർദേശങ്ങൾ തേടിയിരുന്നുവെന്നു റെയിൽവേ ജീവനക്കാരുടെയും യാത്രക്കാരുടെയും കൂട്ടായ്മയായ ട്രെയിൻ ടൈം കോഓർഡിനേറ്റർ സലീം ചുങ്കത്ത് പറഞ്ഞു.

യാത്രക്കാരിൽനിന്നു ലഭിച്ച നിർദേശങ്ങൾ ക്രോഡീകരിച്ച് അധികൃതർക്കു സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു.അതേസമയം വലിയ തോതിലുള്ള മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നാണു വിവരം.ചില ട്രെയിനുകളുടെ സമയത്തിൽ നേരിയ വ്യത്യാസം വരുത്തിയേക്കും. വൈദ്യുതീകരണ പ്രവൃത്തി പൂർത്തിയാകാനിരിക്കെ മറ്റു മാറ്റങ്ങളെല്ലാം അതിനു ശേഷമേ ഉണ്ടാകൂ എന്നാണു വിവരം. പുതിയ രാത്രികാല ട്രെയിനും അതിനു ശേഷം പരിഗണിക്കുമെന്നാണു സൂചന. 

പുതിയ ടൈംടേബിൾ വരുമ്പോൾ അതിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകാനി‌ടയില്ലെന്നു സലീം ചുങ്കത്ത് പറഞ്ഞു. പാലക്കാട്ടേക്കുള്ള ട്രെയിൻ 4.10 ന് നിലമ്പൂരിൽനിന്നു പുറപ്പെടുന്നത് 4.30 ആക്കണമെന്നും കൂടാതെ രാവിലെ 10.10ന് പുറപ്പെടുന്ന ട്രെയിൻ 30 മിനിറ്റ് നേരത്തേ ആക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. ഉച്ചയ്‌ക്ക് 2.05നുള്ള ട്രെയിനിലും ചെറിയ മാറ്റം ഉണ്ടായേക്കും. രാവിലെ 7നുള്ള ട്രെയിൻ 10 മിനിറ്റ് നേരത്തേ ആക്കിയാൽ എക്‌സിക്യൂട്ടീവിനു പോകുന്നവർക്ക് സൗകര്യപ്പെടും. അതുപോലെ 8.20നുള്ള കോയമ്പത്തൂർ ട്രെയിനും കിട്ടാൻ ഉപകാരപ്പെടും. പാലക്കാട് വണ്ടിയുടെ കാര്യത്തിൽ പത്തോ പതിനഞ്ചോ മിനിറ്റ് വൈകി പുറപ്പെടുന്ന വിധത്തിലാക്കാമെന്ന് ഉറപ്പു കിട്ടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

English Summary:

The upcoming Shoranur-Nilambur Railway timetable release has sparked anticipation and demands for improved train schedules, including reinstating Kottayam Express stops and introducing a new night train service. Passengers and railway staff have submitted suggestions, but significant changes are unlikely until electrification work is complete.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com