ADVERTISEMENT

നിലമ്പൂർ ∙ ചിട്ടി, നിക്ഷേപ കമ്പനികളുടെ ഉടമകൾ കോടികളുമായി കടന്നുകളഞ്ഞെന്ന് പരാതി. ഉടമകളിൽ 2 പേർക്കെതിരെ പൊലീസ് കേസെടുത്തു.  കാരാട്ട് കുറീസ്, ധന ക്ഷേമനിധി എന്നീ സ്ഥാപനങ്ങളുടെ എംഡി പാലേമാട് ഉണിച്ചന്തം കിഴക്കേതിൽ സന്തോഷ്, ഡയറക്ടർ എടക്കര പാലോളി മുബഷിർ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ചിട്ടിയിൽ നിക്ഷേപം നടത്തിയ പൂക്കോട്ടുംപാടം സ്വദേശി മുഹമ്മദ് സുഹൈൽ, ധന ക്ഷേമനിധിയിൽ സ്ഥിര നിക്ഷേപം നടത്തിയ കരുളായിയിലെ സുബി എന്നിവരുടെ പരാതികളിൽ 2 കേസുകൾ ആണ് റജിസ്റ്റർ ചെയ്തത്.  മലപ്പുറം കൂരിയാട് ആണ് കാരാട്ട് കുറീസിന്റെ ഹെഡ് ഓഫിസ്. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലായി കാരാട്ട് കുറീസിന് 13 ബ്രാഞ്ചുകളുണ്ട്.

നിലമ്പൂർ മിനി ബൈപാസ് റോഡിലാണ് ധന ക്ഷേമനിധിയുടെ ഓഫിസ്. ചിട്ടിയിൽനിന്നു 4 മാസം മുൻപു കിട്ടേണ്ട 5.5 ലക്ഷം രൂപ നൽകാതെ കബളിപ്പിച്ചെന്നാണ് സുഹൈലിന്റെ പരാതി. നിക്ഷേപിച്ച 4 ലക്ഷം രൂപ കാലാവധി കഴിഞ്ഞിട്ടും നൽകിയില്ലെന്ന് സുബിയുടെ പരാതിയിൽ പറയുന്നു.19 മുതൽ  2 സ്ഥാപനങ്ങളുടെയും ശാഖകൾ ഉൾപ്പെടെ തുറക്കുന്നില്ല. ഇന്നലെ നിലമ്പൂർ സ്റ്റേഷനിൽ മാത്രം 225 പരാതികൾ ലഭിച്ചു. ഇതര ബ്രാഞ്ചുകളിലെ പരാതികളും കൂടിയാകുമ്പോൾ തട്ടിപ്പിന്റെ വ്യാപ്തി കൂടും. മാസ തവണയിലും ഉയർന്ന പലിശ വാഗ്ദാനം ചെയ്തും ആണ് ധന ക്ഷേമനിധിയിൽ നിക്ഷേപങ്ങൾ സ്വീകരിച്ചത്. 10,000 മുതൽ 12 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരുണ്ട്. ഒളിവിലുള്ള പ്രതികൾക്കായി പൊലീസ്  അന്വേഷണം തുടങ്ങി.

കുറീസ് ജീവനക്കാരിയുടെ വീട്ടിൽ മോഷണം
നിലമ്പൂർ ∙ ചിട്ടി തട്ടിപ്പ് നടന്ന കാരാട്ടു കുറീസിലെ ജീവനക്കാരിയുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം നടന്നെന്നു പരാതി. കോവിലകത്തു മുറിയിലെ വീട്ടിൽനിന്നു 46,000 രൂപയും 7.5 പവൻ സ്വർണാഭരണങ്ങളും മോഷ്ടിച്ചെന്നാണ് പൊലീസിന് ലഭിച്ച പരാതി. ഇന്നലെ ഉച്ചയ്ക്ക് വീട്ടിൽ ആരുമില്ലാത്ത നേരത്താണ് സംഭവമെന്നു പറയുന്നു. മുൻവാതിലിന്റെ പൂട്ടു പൊളിച്ചു അകത്തുകടന്ന് അലമാരയിൽ സൂക്ഷിച്ച പണവും ആഭരണങ്ങളും മോഷ്ടിച്ചെന്നാണ് പരാതി. ജീവനക്കാരിയെ അന്വേഷിച്ച് ഏതാനും പേർ ഉച്ചയ്ക്ക് സമീപത്തെ തറവാട്ടു വീട്ടിൽ ചെന്നിരുന്നതായി പറയുന്നു. പൊലീസ് കേസെടുത്തു. ഇന്ന് തെളിവെടുപ്പ് നടത്തും. 

English Summary:

This article reports on a developing story of a large-scale chit fund scam in Nilambur, Kerala. Two companies, Karat Kuris and Dhana Kshemanidhi, are accused of defrauding investors of crores of rupees. The owners are absconding, and police are investigating.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com