4 വർഷ ബിരുദം: മൂല്യനിർണയവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്ന് കെപിസിടിഎ
Mail This Article
തേഞ്ഞിപ്പലം∙ കാലിക്കറ്റ് സർവകലാശാലയുടെ 4 വർഷ ബിരുദ പ്രോഗ്രാമിന്റെ മൂല്യനിർണയവുമായി ബന്ധപ്പെട്ട് അധ്യാപകരുടെ ആശങ്കകൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെപിസിടിഎ) റീജിയനൽ കമ്മിറ്റി ആവശ്യപ്പെട്ടു.
മൂല്യനിർണയവുമായി ബന്ധപ്പെട്ട് പരീക്ഷാ ഭവൻ ഇറക്കിയ കോളജുകൾക്കുള്ള നിർദേശങ്ങളിൽ, ഓഡ് സെമസ്റ്റർ പരീക്ഷകളുടെ മൂല്യനിർണയത്തിന് സ്വാശ്രയ കോളജുകളിലെയും ഗവൺമെന്റ് / എയ്‌ഡഡ് കോളജുകളിലെ സ്വാശ്രയ പ്രോഗ്രാമുകളിലെയും നിർബന്ധിത മിനിമം ബാധകമല്ലാത്ത അധ്യാപകർക്ക് സർവകലാശാല നിശ്ചയിക്കുന്ന പ്രത്യേക നിരക്കിൽ സിണ്ടിക്കേറ്റിന്റെ അന്തിമ തീരുമാനത്തിന് വിധേയമായി പ്രതിഫലം നൽകും (നിർദേശം നമ്പർ 18) എന്നു പറയുന്നു. അങ്ങനെ അല്ലാത്ത ഭൂരിപക്ഷം വരുന്ന ഗവൺമെന്റ് / എയ്‌ഡഡ് കോളജ് അധ്യാപകർക്ക് മൂല്യനിർണയ പ്രതിഫലം നൽകില്ല എന്നതിന്റെ സൂചനയാണിത്.
ഓഡ് സെമസ്റ്റർ ആയാലും ഈവൻ സെമസ്റ്റർ ആയാലും മൂല്യനിർണയത്തിന് ഓണറേറിയം പ്രതിഫലം, ടാബുലേഷൻ ചാർജുകൾ, മറ്റു അലവൻസുകള്‍ എന്നിവ നൽകുമ്പോൾ സ്വാശ്രയമെന്നോ ഗവൺമെന്റ് എന്നോ എയ്‌ഡഡ് എന്നോ വേർതിരിവില്ലാതെ വേണം നൽകാൻ. കുട്ടികൾ ഫീസടയ്ക്കുന്നതു മൂല്യനിർണയത്തിനു പ്രതിഫലം നൽകാൻ വേണ്ടി കൂടിയാണ്. അപ്പോൾ മൂല്യനിർണയം നടത്തിയ അധ്യാപകർക്ക് അതിനുള്ള ഓണറേറിയവും ടാബുലേഷൻ ചാർജുകളും പ്രതിഫലവും മറ്റു അലവൻസുകളും നൽകണമെന്ന് റീജിയനൽ പ്രസിഡന്റ് ഡോ. കെ.ജെ.വർഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബിജു ജോൺ, സെക്രട്ടറി ഡോ. ടി.കെ.ഉമ്മർ ഫാറൂഖ്, റീജിയനൽ സെക്രട്ടറി ഡോ. പി.റഫീഖ്, ലൈസൻ ഓഫിസർ ഡോ. പി.കബീർ എന്നിവർ ആവശ്യപ്പെട്ടു.