ആറുവരിപ്പാത പൂർണ ഗതാഗത സജ്ജമായി; തൃശൂർ ഭാഗത്തേക്കുള്ള 3 ട്രാക്കുകളും തുറന്നു
Mail This Article
തേഞ്ഞിപ്പലം ∙ ദേശീയപാതയിൽ യൂണിവേഴ്സിറ്റി ക്യാംപസ്, കോഹിനൂർ ഭാഗങ്ങളിലും ആറുവരിപ്പാതയിൽ തൃശൂർ ഭാഗത്തേക്കുള്ള 3 ട്രാക്കുകളും തുറന്നു. ഇതോടെ ചേലേമ്പ്ര കാക്കഞ്ചേരി വളവിനും മൂന്നിയൂർ പരപ്പിലാക്കലിനും ഇടയിൽ 8 കിലോമീറ്ററിലും ആറുവരിപ്പാത പൂർണ ഗതാഗത സജ്ജമായി.കാക്കഞ്ചേരി വളവിൽ കുറഞ്ഞ സ്ഥലത്ത് കൂടിയേ മേഖലയിൽ ഇനി നിർമാണം പൂർത്തിയാക്കാനുള്ളു.ആ പണി കൂടി കഴിഞ്ഞാൽ ജില്ലാ അതിർത്തി വരെ ആറുവരിപ്പാത വഴി വാഹനങ്ങൾക്ക് പോകാനാകും.
സ്പിന്നിങ്‌മിൽ മുതൽ ജില്ലാ അതിർത്തി വരെ ഇതിനകം തന്നെ ആറുവരിപ്പാത തുറന്നതിനാൽ കാക്കഞ്ചേരി വളവിൽ കൂടി ആറുവരിപ്പാത തുറക്കാനായാൽ ചേലേമ്പ്ര പഞ്ചായത്തിൽപെട്ട എൻഎച്ചിൽ 6 ട്രാക്കുകളും പൂർണ ഗതാഗത യോഗ്യമാകും.തേഞ്ഞിപ്പലം പഞ്ചായത്തിൽ ഇപ്പോൾ തന്നെ 6 ട്രാക്കുകളിലും പൂർണമായും വാഹന ഗതാഗതമുണ്ട്.താഴെ ചേളാരി മുതൽ പരപ്പിലാക്കൽ വരെ മൂന്നിയൂർ പഞ്ചായത്ത് പരിധിയിലും ആറുവരിപ്പാത വഴി മാസങ്ങളായി വാഹന ഗതാഗതം അനുവദിക്കുന്നുണ്ട്.
വിപണിയെ ബാധിച്ചു
ദീർഘദൂര വാഹനങ്ങൾ മിക്കതും ആറുവരിപ്പാതയിലേക്ക് മാറിയതോടെ സർവീസ് റോഡുകളിൽ തിരക്കൊഴിഞ്ഞു.പാതയോരത്തെ ടയർ പഞ്ചർ കടക്കാർക്കും ഹോട്ടലുകാർക്കും അത് തിരിച്ചടിയായി. ശബരിമല തീർഥാടകരെ പ്രതീക്ഷിച്ച് മുൻപ് പാതയോരത്ത് ഇളനീർ പാർലറുകൾ ഒരുക്കിയിരുന്ന പലർക്കും ഇപ്പോൾ അതിന് ഇടമില്ലാതായി. സർവീസ് റോഡരികെ അത്തരം സംരംഭങ്ങൾ തുടങ്ങിയാൽ വലിയ പ്രയോജനം കിട്ടില്ല. പാതയോരത്തെ പലഹാര വിപണി ഇത്തവണയും ഉണ്ടെങ്കിലും പഴയ പോലെ ആധിക്യമില്ല.
എൻഎച്ച് നിർമാണം തുടങ്ങിയതിൽ പിന്നെ പാതയോരത്തെ വഴിഭാണിഭം പലയിടത്തും നിലച്ചു. ഓട്ടോ ഗുഡ്‌സിലും മറ്റും പഴങ്ങളും പച്ചറികളും എത്തിച്ച് വിൽപന നടത്തിയിരുന്ന പലർക്കും എൻഎച്ചിൽ സ്ഥലമില്ലാതായി. തന്മൂലം പലരും ഗ്രാമീണ റോഡുകളിലേക്ക് മാറി.മുൻപൊക്കെ ബിരിയാണി പായ്ക്കറ്റുകൾ പാതയോരത്തെത്തിച്ച് വിൽപന നടത്തിയിരുന്ന ഒട്ടേറെ ആളുകൾ ഉണ്ടായിരുന്നു. മേൽപാലമോ, അടിപ്പാതയോ ഇല്ലാത്ത കോഹിനൂർ അടക്കമുള്ള മേഖലകളിലും കാര്യമായ പ്രതിസന്ധിയുണ്ട്.
ബോർഡുകളില്ല:വഴിതെറ്റുന്നു
ആറുവരിപ്പാതയിൽ പലയിടത്തും ദിശാ ബോർഡുകളില്ല. പല വാഹന യാത്രക്കാരും തന്മൂലം വഴി മാറി ഓടേണ്ട അവസ്ഥ. കോഴിക്കോട് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഒരു കാർ ഇന്നലെ എത്തിയത് ചേളാരിയിലാണ്.എക്സിറ്റ് എവിടെയെന്നത് പലപ്പോഴും മുൻകൂട്ടി അറിയാൻ വഴിയില്ല. അതിനടുത്ത് എത്തും വരെ ഒരു സൂചനാ ബോർഡുമില്ല. മേൽപാലം, അടിപ്പാത എന്നിവ അടുത്ത് എവിടെയെന്നതിനും സൂചനയില്ല.