ചമ്രവട്ടം ജംക്‌ഷനിലെ മേൽപാലം താൽക്കാലികമായി തുറന്നു; ബാക്കിയുള്ളത് അവസാനവട്ട ഒരുക്കങ്ങൾ മാത്രം
Mail This Article
പൊന്നാനി ∙ ചമ്രവട്ടം ജംക്‌ഷനിലെ മേൽപാലം താൽക്കാലികമായ തുറന്നു. കുറ്റിപ്പുറം മുതൽ ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് വരെ ഇനി വാഹനങ്ങൾക്ക് ആറുവരിപ്പാതയിലൂടെ യാത്ര ചെയ്യാം. പ്രധാന പണികളെല്ലാം പൂർത്തിയായ. പെയ്ന്റിങ്, സ്ട്രീറ്റ് ലൈറ്റ്, നിരീക്ഷണ ക്യാമറകൾ തുടങ്ങി അവസാനവട്ട ഒരുക്കങ്ങൾ മാത്രമാണു ബാക്കിയുള്ളത്. വെളിയങ്കോട് മേഖലയിൽ പെയ്ന്റിങ് നടന്നു വരികയാണ്. മാർച്ചോടെ പണികൾ തീരുമെന്ന പ്രതീക്ഷയിലാണ് ദേശീയപാത ഉദ്യോഗസ്ഥരും കരാറുകാരും. ഇതിനിടെ കുറ്റിപ്പുറം റെയിൽവേ മേൽപാലത്തിന്റെ പണികൾ അൽപം നീളാൻ സാധ്യതയുണ്ട്.
റെയിൽവേയുടെ അനുമതി വൈകിയതിനാൽ പാലത്തിന്റെ നിർമാണം വൈകിയാണ് തുടങ്ങിയിരുന്നത്. ബാക്കിയെല്ലാം അവസാന ഘട്ടത്തിലാണ്. ഡിസംബർ അവസാനത്തോടെ തന്നെ രാമനാട്ടുകര മുതൽ കാപ്പിരിക്കാട് വരെയുള്ള ജില്ലയുടെ ഭാഗങ്ങളിലെ ടാറിങ് പൂർത്തിയാക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.എറണാകുളം–കോഴിക്കോട് റൂട്ടിൽ മലപ്പുറം ജില്ലയിൽ ഏറ്റവും യോജ്യമായ പാതയായി ഇപ്പോൾ തന്നെ ആറുവരിപ്പാതയായി മാറിക്കഴിഞ്ഞു. എന്നാൽ, ജില്ല കഴിഞ്ഞ് ചാവക്കാട് മുതലുള്ള ഭാഗങ്ങളിലെ നിർമാണത്തിന് പ്രതീക്ഷിച്ച വേഗമില്ല. ഇൗ ഭാഗങ്ങളിൽ ഗതാഗത കുരുക്കും നിർമാണവുമായി ബന്ധപ്പെട്ടുള്ള യാത്രാ തടസ്സങ്ങളുമുണ്ട്.