ചിട്ടി, നിക്ഷേപത്തട്ടിപ്പ്: ഉടമകളുടെ വീടുകളിൽ പൊലീസ് പരിശോധന
Mail This Article
നിലമ്പൂർ∙ ചിട്ടി, നിക്ഷേപത്തട്ടിപ്പ് കേസിൽ ഒളിവിൽ പോയ കാരാട്ട് കുറീസ്, ധനക്ഷേമനിധി എന്നീ സ്ഥാപനങ്ങളുടെ എംഡി കിഴക്കേതിൽ സന്തോഷ്, ഡയറക്ടർ പി. മുബഷിർ എന്നിവരുടെ വീടുകളിൽ സൈബർ വിഭാഗത്തിന്റെ സഹായത്തോടെ പൊലീസ് പരിശോധന നടത്തി. ധനക്ഷേമനിധി ഓഫിസും പരിശോധിച്ചു. ഇന്നലെ രാവിലെയാണ് പാലേമാട് ഉണിച്ചന്തത്ത് സന്തോഷിന്റെയും എടക്കരയിൽ മുബഷിറിന്റെയും വീടുകൾ എസ്ഐ ഷിജോ വി.തങ്കച്ചന്റെ നേതൃത്വത്തിൽ പരിശോധിച്ചത്.
സ്ഥാപനങ്ങളുടെ സീലുകൾ, രേഖകൾ എന്നിവ കണ്ടെടുത്തു. ഉച്ചയ്ക്കുശേഷം നിലമ്പൂർ മിനി ബൈപാസ് റോഡിലെ ധനക്ഷേമനിധി ഓഫിസ് ഇൻസ്പെക്ടർ ആർ.രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ പരിശോധിച്ചു. പ്രധാന ജീവനക്കാരുടെ സാന്നിധ്യത്തിൽ ആയിരുന്നു പരിശോധന. അരലക്ഷം രൂപ, ലെഡ്ജറുകൾ, മറ്റു രേഖകൾ എന്നിവ കസ്റ്റഡിയിലെടുത്തു. പരിശാേധന ഇന്നും തുടരും. ധനക്ഷേമനിധിയിൽ 7 കോടി രൂപയുടെയും കാരാട്ട് കുറീസ് നിലമ്പൂർ ശാഖയിൽ 5 കോടിയോളം രൂപയുടെയും തട്ടിപ്പ് നടത്തിയതായാണു സൂചന. മറ്റു 13 ബ്രാഞ്ചുകളിലേതു കൂടി കൂട്ടിയാൽ തുക പലമടങ്ങാകും.
സന്തോഷ്, മുബഷിർ എന്നിവർക്കെതിരെ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫാണ്. പ്രതികളുടെ ഫോൺവിളി രേഖകൾ പരിശോധിക്കുന്നുണ്ട്.ഒളിവിൽ പോകും മുൻപ് പ്രതികൾ പുതിയ സിംകാർഡുകൾ എടുത്തതായി വിവരം ലഭിച്ചു. സ്ഥാപനങ്ങളുടെ മറ്റു ഡയറക്ടർമാർ, ബന്ധുക്കൾ, ഒളിവിൽ പോകാൻ സഹായിച്ച രാഷ്ട്രീയ നേതാവ് തുടങ്ങിയവരുടെ ഫോണുകൾ നിരീക്ഷണത്തിലാണ്. നിർണായക വിവരങ്ങൾ ലഭിച്ചതായി ഇൻസ്പെക്ടർ പറഞ്ഞു.