താവളക്കുളത്ത് യു ടേൺ റോഡ് നിർമാണം തുടങ്ങി
Mail This Article
വെളിയങ്കോട് ∙ താവളക്കുളത്തെ സർവീസ് റോഡുകളെ തമ്മിൽ ബന്ധിപ്പിച്ചുള്ള യു ടേൺ റോഡിന്റെ നിർമാണം ആരംഭിച്ചു. ദേശീയ പാത നവീകരണം കഴിഞ്ഞപ്പോൾ വെളിയങ്കോട് പഞ്ചായത്തിലെ താവളക്കുളം രണ്ടായി വിഭജിക്കപ്പെട്ടു. ഇതോടെ പുറത്തേക്ക് എത്താൻ ഒരു കിലോമീറ്ററോളം ചുറ്റണം. നാട്ടുകാരുടെ പരാതി കണക്കാക്കി താവളക്കുളത്തോട് ചേർന്നു നിർമിച്ച പുതുപൊന്നാനി പാലത്തിനു താഴെയാണു ദേശീയ പാത അതോറിറ്റി യു ടേൺ റോഡ് നിർമിക്കുന്നത്.
നിലവിൽ യു ടേൺ ഇല്ലാത്തതിനാൽ വെളിയങ്കോട് പോയി ബസ് മാറി കയറി പുതുപൊന്നാനിയിൽ നിന്നു തിരിച്ചു വേണം താവളക്കുളം, പൂക്കൈത കടവ് മേഖലയിലുള്ളവർക്ക് താവളക്കുളത്ത് എത്തിച്ചേരാൻ. പാതയുടെ കിഴക്കു വശത്തു കൂടെ പോകുന്ന സർവീസ് റോഡ് പടിഞ്ഞാറ് വശത്തെ സർവീസ് റോഡുമായി ബന്ധിപ്പിക്കുന്നത് യു ടേൺ റോഡ് വഴിയായിരിക്കും. ബസുകളും മറ്റും പോകുന്ന തരത്തിലാണു നിർമാണം പുരോഗമിക്കുന്നത്. യു ടേൺ വഴി ദേശീയ പാതയിലേക്കു പ്രവേശന കവാടം ഉണ്ടായിരിക്കും. കാഞ്ഞിരമുക്ക് പുഴയ്ക്കു മുകളിലുള്ള പഴയ പുതുപൊന്നാനി പാലം വഴിയും സർവീസ് റോഡിലൂടെ പ്രവേശിക്കാനാകും.