വീട്ടുകൂട്ടായ്മകളിൽ ആര്‍ടിഐ ക്ലബ്ബുകള്‍ രൂപീകരിക്കുന്നത് വിപ്ലവകരമായ മാറ്റം കൊണ്ടുവരും
Mail This Article
തേഞ്ഞിപ്പലം ∙ റഡിഡന്‍റ്സ് അസോസിയേഷനുകളിലും ക്യാംപസുകളിലും ആര്‍ടിഐ ക്ലബ്ബുകള്‍ രൂപീകരിക്കുന്നത് വിവരാകാശനിയമത്തിന്‍റെ ഫലപ്രാപ്തിയില്‍ വിപ്ലവകരമായ മാറ്റം വരുത്തുമെന്ന് വിവരാകാശ കമ്മീഷണര്‍ ഡോ. എ. അബ്ദുല്‍ ഹക്കീം അഭിപ്രായപ്പെട്ടു. വിവരാവകാശനിയമം നിലവില്‍ വന്ന് 20 വര്‍ഷം പൂര്‍ത്തിയാവുന്നതോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാല സിഎച്ച് മുഹമ്മദ്കോയ ചെയര്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ നിയമം ജനാധിപത്യത്തെ പ്രാതിനിധ്യ സ്വഭാവത്തിൽ നിന്ന് ജനപങ്കാളിത്ത നിലയിലേക്കാനയിച്ചു. ഉദ്യോഗസ്ഥര്‍ സര്‍വീസീലിരിക്കുമ്പോള്‍ നിയമത്തില്‍ പഴുതുകള്‍ കണ്ടെത്തി വിവരം നല്‍കാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇതേ ഉദ്യോഗസ്ഥര്‍ തന്നെ വിരമിച്ച ശേഷം സര്‍വീസ് ആനുകൂല്യങ്ങള്‍ക്കായി ഇതേ നിയമം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ജനാധിപത്യ ഇന്ത്യയുടെ പുതിയ അധ്യായമായിരുന്നു ഈ നിയമം. വിവരാവകാശനിയമം പ്രയോജനപ്പെടുത്തിയവരും അല്ലാത്തവരും എന്ന നിലയിലായിരിക്കും ചരിത്രം നമ്മെ രേഖപ്പെടുത്തുക. സര്‍ക്കാരുകളെ വാഴ്ത്താനും വീഴ്ത്താൻ പോലും ഈ നിയമം ഫലപ്രദമായി ഉപയോഗിച്ചവരുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനപ്രതിനിധികള്‍ക്ക് നിയമസഭകളിലും പാര്‍ലമെന്‍റിലും ചോദ്യങ്ങളുന്നയിക്കാന്‍ അവകാശമുള്ളതുപോലെ സര്‍ക്കാര്‍ തലത്തിലുള്ള വിവരങ്ങള്‍ ആവശ്യപ്പെടാനുള്ള ജനങ്ങളുടെ അവകാശമാണ് വിവരാവകാശനിയമമെന്ന് ശില്‍പശാലയില്‍ സംസാരിച്ച ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ അഡ്വ ടി.കെ. രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സര്‍വകശാലാ റജിസ്ട്രാര്‍ ഡോ. സതീഷ് ഇ.കെ. അധ്യക്ഷനായി. ക്യാംപസില്‍ ആര്‍ടിഐ ക്ലബ്ലുകള്‍ രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ ആരായുമെന്ന് അദ്ദേഹം അറിയിച്ചു. ചെയര്‍ ഡയറക്ടര്‍ ഖാദര്‍ പാലാഴി, എ.പി. മുഹമ്മദ് അഫ്സല്‍ എന്നിവർ പ്രസംഗിച്ചു.