ADVERTISEMENT

മലപ്പുറം∙ വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിനു പിന്നാലെ ജില്ലയിൽ രാഷ്ട്രീയ ബലാബലത്തിനു വേദിയൊരുക്കി തദ്ദേശ ഉപതിരഞ്ഞെടുപ്പു വരുന്നു. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഉൾപ്പെടെ 4 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് അടുത്ത മാസം 10നു നടക്കും. വോട്ടെണ്ണൽ 11ന്. ഒരിടത്തും ഫലം ഭരണത്തെ ബാധിക്കില്ല. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പ് ഒരു വർഷം മാത്രം അകലെ നിൽക്കെ, ജനങ്ങളുടെ പൾസ് അളക്കാനുള്ള അവസരമായി ഇതു മാറും. യുഡിഎഫിന്റെയും എൽഡിഎഫിന്റെ രണ്ടു വീതം സിറ്റിങ് സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ്.

ജില്ലാ പഞ്ചായത്തിൽ ആവേശപ്പോര്
‌മുസ്‌ലിം ലീഗിന്റെ ദലിത് മുഖമായിരുന്ന എ.പി.ഉണ്ണിക്കൃഷ്ണന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവുവന്ന, ജില്ലാ പഞ്ചായത്ത് തൃക്കലങ്ങോട് ഡിവിഷനിൽ വാശിയേറിയ പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. എഴുപതിനായിരത്തോളം വോട്ടർമാരുള്ള ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഉപതിരഞ്ഞെടുപ്പിന്റെ ഫലം കൃത്യമായ രാഷ്ട്രീയ സൂചനയാകുമെന്നതിനാൽ യുഡിഎഫും എൽഡിഎഫും ബിജെപിയും പ്രചാരണം തുടങ്ങിക്കഴിഞ്ഞു. 

സിപിഎമ്മിനു സ്വാധീനമുള്ള ഡിവിഷൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 1627 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉണ്ണിക്കൃഷ്ണൻ പിടിച്ചെടുത്തത്. ദലിത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എൻ.എം.രാജൻ അരീക്കോടാണ് യുഡിഎഫ് സ്ഥാനാർഥി. സിപിഎം തൃക്കലങ്ങോട് ലോക്കൽ കമ്മിറ്റിയംഗവും പട്ടികജാതി ക്ഷേമസമിതി ഏരിയ കമ്മിറ്റി അംഗവുമായ കെ.സി.ബാബുരാജ് ആണ് എൽഡിഎഫ് സ്ഥാനാർഥി. ബിജെപി സംസ്ഥാന കൗൺസിൽ അംഗം എ.പി.ഉണ്ണിയാണ് എൻഡിഎ സ്ഥാനാർഥി.

മഞ്ചേരിയിലും കടുക്കും
സിപിഎം അംഗം പി.വിശ്വനാഥനെ ഇരട്ട ആനുകൂല്യം പറ്റുന്നതിന്റെ പേരിൽ അയോഗ്യനാക്കിയതിനെത്തുടർന്നാണു  മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം വാർഡിൽ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. സിപിഎം സ്വാധീന മേഖലയാണെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിനാണു വിശ്വനാഥൻ ജയിച്ചുകയറിയത്. 

മരത്താണിയിലും പെരുമുക്കിലും പോരാട്ടം
തൃക്കലങ്ങോട് പഞ്ചായത്തിലെ 21–ാം വാർഡ് മരത്താണിയിൽ സിറ്റിങ് അംഗം കെ.അനിതയുടെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. ആലങ്കോട് പഞ്ചായത്തിലെ പെരുമുക്കിൽ യുഡിഎഫ് അംഗം പെൻഷൻ തട്ടിപ്പുകേസിൽപെട്ടു രാജിവച്ചതിനെത്തുടർന്നാണു തിരഞ്ഞെടുപ്പ്. രണ്ടിടത്തും ഫലം നിർണായകമല്ല.

English Summary:

Malappuram district will hold crucial by-elections for four local body wards, including one Zilla Panchayat division, on December 10th. While these by-elections won't impact the current administration, they are seen as a litmus test for the upcoming local body elections and a chance to gauge the public's political leanings.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com