ശിഹാബ് തങ്ങളുടെ ഓർമകൾ പതിഞ്ഞ കാർ വീണ്ടും കൊടപ്പനയ്ക്കലിൽ
Mail This Article
മലപ്പുറം∙ കെഎൽഎം 2233 പച്ച അംബാസഡർ കാർ പാണക്കാട് കൊടപ്പനയ്ക്കൽ തറവാടിനു വെറുമൊരു വാഹനമല്ല, ഹൃദയത്തോടു ചേർന്നു നിൽക്കുന്ന പ്രിയപ്പെട്ടൊരു ഓർമയാണ്. പതിറ്റാണ്ടുകൾക്കു ശേഷം ആ വാഹനം വീണ്ടും തറവാട്ടിലെത്തുമ്പോൾ കുടുംബത്തിലെ ഒരംഗം തിരിച്ചെത്തിയ സന്തോഷത്തിലാണു ബഷീറലി തങ്ങളും മുനവ്വറലി തങ്ങളും. 1977ൽ അന്നു മുസ്‌ലിം ലീഗിന്റെ അധ്യക്ഷനായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളാണു മാർക്ക് ത്രീ മോഡൽ കാർ വാങ്ങിയത്.
പാണക്കാട് തറവാട്ടിൽ സ്വന്തമായി വാങ്ങിയ ആദ്യത്തെ കാർ. ലീഗ് അധ്യക്ഷനെന്ന നിലയിലും കേരള മുസ്‌ലിംകളുടെ ആത്മീയ നേതാവെന്ന നിലയിലും പിന്നീട് തങ്ങളുടെ യാത്രകൾ ഏറെക്കാലം ഈ കാറിലായിരുന്നു. തറവാട്ടിലുള്ളവരെല്ലാം ഉപയോഗിച്ചിരുന്നതും ഇതേ കാറായിരുന്നു. ദീർഘയാത്രകളിൽ തങ്ങൾ പലപ്പോഴും ഈ കാറിൽ കിടന്നുറങ്ങാറുണ്ടായിരുന്നതു ഡ്രൈവറായിരുന്ന അലവി ഓർക്കുന്നു.
അഞ്ചു വർഷത്തിലേറെ ഉപയോഗിച്ച ശേഷമാണു പ്രിയ സുഹൃത്തായിരുന്ന കോഴിച്ചെന്ന കുഞ്ഞു ഹാജിക്കു മുഹമ്മദലി തങ്ങൾ കാർ വിറ്റത്. അന്ന് 25,000 രൂപയോ മറ്റോ ആയിരുന്നു വിലയെന്നാണു മുനവ്വറലി തങ്ങളുടെ ഓർമ. ശിഹാബ് തങ്ങൾ ഉപയോഗിച്ച കാറിലാണു മരണംവരെ കുഞ്ഞു ഹാജി യാത്ര ചെയ്തത്. അദ്ദേഹത്തിന്റെ മക്കളും ഇതേ കാർ ഉപയോഗിച്ചു. പിന്നീട് സഹോദരിയുടെ മകനും വ്യവസായിയുമായ കോഴിച്ചനെ ഹനീഫ ഹാജിക്കു കൈമാറി. കൂട്ടിക്കാലത്തെ ഓർമകളുടെ ഭാഗമായ കാർ സ്വന്തമാക്കാനുള്ള ആഗ്രഹം മുനവ്വറലി തങ്ങൾ ഹനീഫ ഹാജിയെ അറിയിച്ചിരുന്നു.
അങ്ങനെയാണ് ഇന്നലെ അദ്ദേഹം കൊടപ്പനക്കൽ തറവാട്ടിലെത്തി കാർ കൈമാറിയത്. മുനവ്വറലി ശിഹാബ് തങ്ങളും ബഷീറലി ശിഹാബ് തങ്ങളും കുടുംബാംഗങ്ങളും കാർ ഏറ്റുവാങ്ങാൻ എത്തിയിരുന്നു. പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിൽ ശിഹാബ് തങ്ങളുടെ ഓർമകളുടെ കൂട്ടത്തിൽ ഇനി കെഎൽഎം 2233 അംബാസഡർ കാറും ഇനിയുണ്ടാകും.