ഒരു കോടിയുടെ പുകയില ഉൽപന്നങ്ങൾ പിടികൂടി; രണ്ടുപേർ അറസ്റ്റിൽ
Mail This Article
വളാഞ്ചേരി ∙ ചരക്കുലോറിയിൽ കടത്തിയ നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടികൂടി. 2 പേർ അറസ്റ്റിൽ. ഇന്നലെ പുലർച്ചെ കരിപ്പോൾ ദേശീയപാതയിൽ, ഇൻസ്പെക്ടർ ബഷീർ സി.ചിറക്കലിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് 50 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച സൂചനയനുസരിച്ച് കൂടശ്ശേരിപ്പാറയ്ക്ക് സമീപം വാടകക്കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ 50 ലക്ഷത്തിന്റെ പുകയില ഉൽപന്നങ്ങൾകൂടി ലഭിച്ചു. രണ്ടിടത്തുനിന്നുമായി ഒരു കോടിയുടെ പുകയില ഉൽപന്നങ്ങൾ ലഭിച്ചു
മംഗളൂരുവിൽനിന്ന് സവാള ലോഡുമായി എത്തിയ ലോറിയിൽ ഉൾവശത്ത് ഒളിപ്പിച്ച നിലയിലാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. വാഹനത്തിൽ നിന്നു മൂന്നേമുക്കാൽ ലക്ഷം രൂപയും കണ്ടെത്തി. വാഹനത്തിന് അകമ്പടിയായി ഒപ്പമുണ്ടായിരുന്ന കാറും പിടിച്ചെടുത്തു. ഇരുവരെയും ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരമനുസരിച്ചാണ് ഗോഡൗണിൽ സൂക്ഷിച്ച പുകയില ഉൽപന്നങ്ങളെക്കുറിച്ച് അറിഞ്ഞത്.
ലോറി ഡ്രൈവർ മംഗളൂരു സ്വദേശി മുഹമ്മദലി (33), കാറിലുണ്ടായിരുന്ന വൈക്കത്തൂർ സ്വദേശി അബ്ദുൽ നാസർ (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലോറിയും കാറും കസ്റ്റഡിയിലെടുത്തു. എസ്ഐ സന്തോഷ്കുമാർ, എഎസ്ഐ അൻവർ സാദത്ത്, എസ് സിപിഒമാരായ എം.പി.പ്രണവേഷ്, കെ.പി.ശൈലേഷ്, സിപിഒമാരായ ആർ.പി.മനു, എൻ.എ.അനന്തു, ജെ.രഞ്ജിത്ത്, വി.എസ്.ഗിരീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.