ADVERTISEMENT

കോട്ടയ്ക്കൽ ∙ അവസാനചമയം പൂർത്തിയാക്കും മുൻപേ അണിയറയിൽനിന്ന് മേക്കപ്പ് ആർട്ടിസ്റ്റ് എൻ.വി.ഗോപിയുടെ മടക്കം. ഈ വിവരം പക്ഷേ, ചമയമണിഞ്ഞ വിദ്യാർഥികൾ അറിഞ്ഞത് ചവിട്ടുനാടകം തകർത്താടി വേദിയിൽ നിന്നിറങ്ങിയ ശേഷം. കലാകാരന്റെ വിയോഗം വിശ്വസിക്കാനാകാതെ കണ്ണീരണിഞ്ഞുനിന്ന കുട്ടികൾ  ഇന്നലെ ജില്ലാ കലോത്സവത്തിന്റെ നൊമ്പരം കൂടിയായി.പൊന്നാനി വിജയമാതാ ഇഎച്ച്എസിലെ ഹൈസ്കൂൾ വിഭാഗം ചവിട്ടുനാടക ടീമിലെ അവസാനത്തെ വിദ്യാർഥിയുടെ മേക്കപ്പ് ഏതാണ്ട് പൂർത്തിയാകുമ്പോഴാണ് ഗോപിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വേദനയിൽ പുളഞ്ഞ അദ്ദേഹത്തെ ഗ്രീൻ റൂമിലുണ്ടായിരുന്ന അധ്യാപകർ ഒരു വശത്തേക്ക് മാറ്റിയിരുത്തി. 

തുടർന്നാണ് മെഡിക്കൽ സംഘത്തിന്റെ സഹായം തേടിയത്. സ്ട്രെച്ചറിൽ കയറ്റിക്കൊണ്ടുപോയ അദ്ദേഹത്തെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. എന്നാൽ, ആശുപത്രിയിൽവച്ച് ഗോപി മരിച്ച കാര്യം ചവിട്ടുനാടകത്തിന് ഊഴംകാത്തുനിന്ന വിദ്യാർഥികളെ അറിയിച്ചിരുന്നില്ല. വിദ്യാർഥികൾ മത്സരം പൂർത്തിയാക്കി വേദിയിൽ നിന്നിറങ്ങിയപ്പോഴാണ് തങ്ങൾക്ക് പലവേദികളിൽ ചമയമിട്ട ഗുരുനാഥന്റെ വിയോഗമറിഞ്ഞത്. പരസ്പരം കെട്ടിപ്പിടിച്ച് വിതുമ്പിക്കരഞ്ഞ കുട്ടികളെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ അധ്യാപകരും സംഘാടകരും കുഴങ്ങി.10 വർഷമായി തങ്ങളുടെ സ്കൂളിൽ ചവിട്ടുനാടകത്തിന് മേക്കപ്പ് ഇടുന്നത് ഗോപിയാണെന്ന്  അധ്യാപിക പറഞ്ഞു.

9 തവണ സംസ്ഥാന തലത്തിൽ മത്സരിക്കാനുള്ള അർഹത നേടി. ഒരു തവണ സംസ്ഥാന തലത്തിൽ ഒന്നാം സമ്മാനവും നേടി. എല്ലാ തവണയും ടീമിന് എ ഗ്രേഡ് കിട്ടുകയും ചെയ്തു. ഉപജില്ലാ മത്സരങ്ങൾ മുതൽ അദ്ദേഹമുൾപ്പെട്ട സംഘം തന്നെയാണു ടീമിന് ചമയമിടാറുള്ളത്. ഇന്നലെ  ജില്ലാതലത്തിൽ ടീമിന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.ഗോപി രണ്ടുദിവസം മുൻപ് കോട്ടയം കലോത്സവത്തിൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയി പങ്കെടുത്ത ശേഷം മടങ്ങിയതായിരുന്നു.  ഇന്നലെ പുലർച്ചെയാണ് കോട്ടയ്ക്കലിലേക്കു പോയതെന്നു ഭാര്യ ശൈലജ പറഞ്ഞു. കെല്ലിലെ ജോലിയുണ്ടായിരുന്നപ്പോഴും അവധിയെടുത്ത് മേക്കപ്പിടാൻ പോകുമായിരുന്നു. പിന്നീടാണു ജോലി തന്നെ വേണ്ടെന്നു വച്ച് ചമയകല ജീവിതവഴിയാക്കി തിരഞ്ഞെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു.

English Summary:

This article pays tribute to N.V. Gopi, a beloved makeup artist from Kerala, who tragically passed away while preparing students for the District School Arts Festival. Gopi's dedication to his craft and the students he mentored is remembered as the community mourns his loss.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com