കാലിക്കറ്റ് ക്യാംപസിൽ വരും; 10 നില പാർപ്പിട സമുച്ചയം
Mail This Article
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ അധ്യാപക– അനധ്യാപക ജീവനക്കാർക്കായി 10 നില പാർപ്പിട സമുച്ചയത്തിന് പദ്ധതി. ആദ്യ ചുവടായി ഡിസൈനും മറ്റും തയാറാക്കാൻ ആർക്കിടെക്ട്മാരിൽനിന്ന് താൽപര്യപത്രം ക്ഷണിക്കും. കാലഹരണപ്പെട്ട ക്വാർട്ടേഴ്സുകൾ പൊളിക്കുന്നതും ഇപ്പോൾ ആൾപ്പാർപ്പുള്ളവയിൽ ചിലത് ക്ഷയിക്കുന്നതും കണക്കിലെടുത്താണ് പാർപ്പിട സമുച്ചയത്തിന് പദ്ധതി.കാലപ്പഴക്കത്തെ തുടർന്ന് 19 ക്വാർട്ടേഴ്സുകൾ ഇപ്പോൾ പൊളിക്കുന്നുണ്ട്. മുൻപും ഏതാനും ക്വാർട്ടേഴ്സുകൾ പൊളിച്ചു. വൻതുക മുടക്കി നവീകരിച്ചാണ് പല ക്വാർട്ടേഴ്സുകളും ഇപ്പോൾ ഉപയോഗിക്കുന്നത്.
പാർപ്പിട സമുച്ചയത്തിന് തനത് ഫണ്ടിൽനിന്നു 2 കോടി രൂപ വീതം വകയിരുത്തിയിട്ടുണ്ട്. അതനുസരിച്ചുള്ള പാർപ്പിടത്തിന് യൂണിവേഴ്സിറ്റി എൻജിനീയറിങ് വിഭാഗം പദ്ധതി സമർപ്പിച്ചിരുന്നു. ഭാവി ആവശ്യം കൂടി കണക്കിലെടുത്ത് ബഹുനില പാർപ്പിട സമുച്ചയം വേണമെന്ന നിലപാടാണ് സിൻഡിക്കറ്റ് കൈക്കൊണ്ടത്. തുടർന്നാണ് ആർക്കിടെക്ടർമാരിൽ നിന്ന് താൽപര്യപത്രം ക്ഷണിക്കണെമന്ന നിലപാടിൽ എത്തിയത്.ക്വാർട്ടേഴ്സുകൾ പലയിടത്തായതിനാൽ സുരക്ഷാ സംവിധാനം പാളുന്നത് വർഷങ്ങളായി പതിവാണ്. പാർപ്പിട സമുച്ചയം ആകുമ്പോൾ അതനുസരിച്ച് അടിസ്ഥാന സൗകര്യം ഉറപ്പാക്കാനാകും. സുരക്ഷാ സംവിധാനവും മികച്ചതാക്കാം.
2 പാർപ്പിട സമുച്ചയങ്ങൾ 10 നിലകളോടെ പണിയാൻ 500 കോടിയോളം രൂപ വേണ്ടിവരും. അത്രയും തുക യൂണിവേഴസിറ്റിയുടെ പക്കലില്ല. നബാർഡിൽനിന്ന് സഹായം ലഭിക്കാൻ സാധ്യത ഉണ്ടെന്നാണ് ബന്ധപ്പെട്ടവർ കരുതുന്നതെങ്കിലും സർക്കാർ ഗാരന്റി നിൽക്കാതെ പണം ലഭിക്കില്ല.കേന്ദ്ര ഉന്നത വിദ്യാഭ്യാസ ഫണ്ടിങ് ഏജൻസി കേന്ദ്ര സർവകലാശാലകൾക്ക് പാർപ്പിട സമുച്ചയത്തിന് പണം നൽകാറുണ്ടെങ്കിലും സംസ്ഥാന സർവകലാശാലകളെ പരിഗണിക്കാറില്ല. കാലിക്കറ്റിലെ ഉദ്യോഗസ്ഥരിൽ പലരും ക്യാംപസിൽ ക്വാർട്ടേഴ്സ് ലഭിക്കാതെ വലിയ വാടകയ്ക്ക് വിദൂരങ്ങളിലും മറ്റും വീടെടുത്ത് താമസിക്കുകയാണ്.പാർപ്പിട സമുച്ചയം പദ്ധതിയിലെ അനിശ്ചിതത്വം നീക്കണമെന്ന് യൂണിവേഴ്സിറ്റിക്കു മേൽ ജീവനക്കാരുടെ സമ്മർദം തുടരുന്നുണ്ട്.