ADVERTISEMENT

അങ്ങാടിപ്പുറം∙ വള്ളുവനാട്ടിലെ ശബരിമല എന്നറിയപ്പെടുന്ന അങ്ങാടിപ്പുറം മാണിക്യപുരം അയ്യപ്പക്ഷേത്രം മണ്ഡല, മകരവിളക്കിനൊരുങ്ങി. വൃശ്ചികം പിറന്നതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ആയിരക്കണക്കിനു സ്വാമിമാർ വ്രതശുദ്ധിയോടെ മാല ധരിക്കുന്നു. ഇന്ന്  ഉദയം മുതൽ നാളെ ഉദയം വരെ ക്ഷേത്രത്തിൽ അഖണ്ഡ നാമയജ്ഞം നടക്കും.  ശ്രീധർമശാസ്താ സഹസ്രനാമ ലക്ഷാർച്ചന കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ നടന്നു.  ശബരിമല ശാസ്‌താവിനെ തൊഴുതു പ്രാർഥിക്കുമ്പോഴുണ്ടാകുന്നതിനു സമാനമായ ദർശനാനുഭവം മാണിക്യപുരത്തെ സന്നിധാനത്തിലും ലഭിക്കുന്നുവെന്നാണ് ഭക്തജന വിശ്വാസം. ഏകാന്തവാസിയായ അയ്യപ്പനെ ഓർമപ്പെടുത്തുന്ന പ്രശാന്തപ്രകൃതിയാണ് ക്ഷേത്രത്തിലേത്. അഭീഷ്‌ടകാര്യസിദ്ധിക്കും കാര്യവിജയത്തിനും കാര്യസാധ്യ പുഷ്‌പാഞ്ജലിയുണ്ട്. എല്ലാ ശനിയാഴ്‌ചകളിലും മലയാള മാസത്തിലെ ആദ്യ ബുധനാഴ്ചയിലും മാണിക്യപുരത്തപ്പന്റെ അനുഗ്രഹം തേടിയെത്തുന്നത് ആയിരങ്ങളാണ്. ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ 3 മണിക്കൂറോളം നീളുന്ന പുഷ്‌പാർച്ചനയോടെയാണ് കാര്യസാധ്യ പുഷ്‌പാഞ്ജലി. നാഗരാജാവിനും നാഗയക്ഷിക്കും എല്ലാ ആയില്യത്തിനും പ്രത്യേക പൂജയും ശിവരാത്രിക്കു മുൻപുള്ള ആയില്യത്തിന് പായസഹോമവും സർപ്പബലിയുമുണ്ട്.

ഡിസംബർ 26ന് മണ്ഡലവിളക്ക് ക്ഷേത്രത്തിൽ വിപുലമായി ആഘോഷിക്കും. അന്ന് 1008 ഉരു സപ്തശുദ്ധി അഭിഷേകം, നവകം, പഞ്ചഗവ്യം എന്നിവയുണ്ടാകും.  വൃശ്ചികത്തിൽ തുടങ്ങുന്ന കളംപാട്ട് മാണിക്യപുരം ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. തിരുമാന്ധാംകുന്നിലമ്മയ്ക്കും മാണിക്യപുരത്തപ്പനും ഇവിടെ കളംപാട്ട് നടത്തുന്നു. ഒരു ക്ഷേത്രമുണ്ടാക്കി അതിലൊരു ദേവനെ പ്രതിഷ്ഠിച്ച് ഉപാസിച്ചാലുണ്ടാകുന്ന പുണ്യം ഒരൊറ്റ കളംപാട്ടിലൂടെ നേടാമെന്നാണ് വിശ്വാസം. മകരവിളക്കിനു മുൻപുള്ള ശനിയാഴ്ചയായ ജനുവരി 11ന് അയ്യപ്പന് താലപ്പൊലിയുണ്ട്. മുല്ലക്കൻപാട്ട്, ഈടും കൂറും, കളപ്രദക്ഷിണം, കളത്തിലാട്ടം, കളംപൂജ, നാളികേരമേറ് എന്നിവയുമുണ്ടാകും. 

മകരവിളക്കിന്റെ തലേദിവസമായ ജനുവരി 13ന് ആണ് ഭഗവതിക്കുള്ള താലപ്പൊലി. മകരവിളക്ക് ദിനമായ ജനുവരി 14ന് പുലർച്ചെ 4ന് ഗണപതി ഹോമത്തോടെ തുടങ്ങി രാത്രി 11ന് ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നതു വരെ വിപുലമായിട്ടുള്ള പരിപാടികളാണ് ക്ഷേത്രത്തിൽ ഒരുക്കുന്നത്. രാവിലെ 9ന് പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി, 11ന് പഞ്ചഗവ്യം, 25 കലശം, വിശേഷാൽ കളഭാഭിഷേകം, ശ്രീഭൂതബലി, പ്രസാദ ഊട്ട്,, ഇരട്ട തായമ്പക, കേളി, കൊമ്പുപറ്റ്, കുഴൽപറ്റ്, അത്താഴപ്പൂജ, മേളത്തോടെ ഭഗവാനെ പുറത്തേക്ക് എഴുന്നള്ളിക്കൽ, കരിമരുന്നു പ്രയോഗം, ഹരിവരാസനം ചൊല്ലി നട അടയ്ക്കൽ എന്നിവയാണ് മകരവിളക്കിന്റെ പ്രധാന പരിപാടികൾ.

English Summary:

Nestled amidst the serene landscape of Valluvanad, the Angadippuram Ayyappa Temple, fondly called the "Sabarimala of Valluvanad," welcomes devotees to partake in the auspicious Mandala and Makaravilakku festivals. The temple radiates with spiritual energy as devotees undertake the sacred vow (mala), participate in Akhanda Nama Japa, and witness the Sree Dharmashasta Sahasranama Laksharchana. Beyond the festivals, the temple offers a sanctuary for devotees seeking blessings and fulfilling wishes through special pujas like Karya Sadhya Pushpanjali.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com