കുറ്റിപ്പുറം ഗവ.ഹോമിയോ ആശുപത്രി: ഫിസിയോതെറപ്പി വിഭാഗവും വരുന്നു
Mail This Article
കുറ്റിപ്പുറം ∙ നീണ്ട കാത്തിരിപ്പിനുശേഷം ഐപി വിഭാഗം പുനരാരംഭിച്ച കുറ്റിപ്പുറം ഗവ.ഹോമിയോ ആശുപത്രിയിൽ ഉടൻ ഫിസിയോതെറപ്പി വിഭാഗം പ്രവർത്തനമാരംഭിക്കും. ആശുപത്രി കെട്ടിടത്തോടു ചേർന്ന് 60 ലക്ഷം രൂപ ചെലവിൽ പൂർത്തിയായ ഫിസിയോതെറപ്പി കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരിയിൽ നടക്കും. തെറപ്പി സെന്ററിലേക്ക് ആവശ്യമായ ഉപകരണങ്ങൾ എത്തിത്തുടങ്ങി. ഫിസിയോ തെറപ്പിക്ക് ആവശ്യമായ മുറികൾക്ക് പുറമേ ലാബ്, നഴ്സിങ് റൂം, അടുക്കള തുടങ്ങിയ തെറപ്പി ഒരുക്കിയിട്ടുണ്ട്. ഡിസ്പെൻസറിയിൽ നിന്ന് ആശുപത്രിയാക്കി ഉയർത്തിയശേഷം നടക്കുന്ന പ്രധാന വികസനമാണിത്.
നിലവിൽ 4 ഡോക്ടർമാർ
നേരത്തേ നിർത്തിവച്ചിരുന്ന ഐപി വിഭാഗം മാസങ്ങൾക്ക് മുൻപാണ് പുനരാരംഭിച്ചത്. 10 കിടക്കകൾ ഉള്ള ഐപി വാർഡിൽ എല്ലാ ദിവസവും ശരാശരി 5 രോഗികൾ ഉണ്ടാകും. ഐപി വിഭാഗം പ്രവർത്തനസജ്ജമായതോടെ ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് ആശുപത്രിയിൽ എത്തുന്നത്. ചീഫ് മെഡിക്കൽ ഓഫിസറടക്കം നിലവിൽ 4 ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടായതോടെയാണ് ഫിസിയോ തെറപ്പി വിഭാഗം വേഗത്തിൽ ആരംഭിക്കാൻ തീരുമാനമായത്. കുറ്റിപ്പുറം കാങ്കക്കടവിലാണ് ഗവ.ഹോമിയോ ആശുപത്രി സ്ഥിതിചെയ്യുന്നത്.
വേണം കൂടുതൽ ജീവനക്കാർ
തിരക്കേറിയ ആശുപത്രിയിൽ 3 ഷിഫ്റ്റുകളിലായി ജോലിയെടുക്കാൻ ആകെയുള്ളത് 3 നഴ്സുമാരാണ്. ഒരു സമയം ഒരു നഴ്സിന്റെ സേവനം മാത്രമാണ് നൽകാൻ കഴിയുന്നത്. ഒരേസമയം ഒരു നഴ്സും ഒരു നഴ്സിങ് അസിസ്റ്റന്റും വേണം. എന്നാൽ നിലവിൽ 2 നഴ്സും ഒരു നഴ്സിങ് അസിസ്റ്റന്റുമാണ് ഉള്ളത്. 10 കിടക്കകൾ ഉള്ള ഐപി വാർഡിൽ രാത്രി ജോലിക്കുള്ളത് ഒരു നഴ്സ് മാത്രമാണ്. ഒരു നഴ്സിനെയും 2 നഴ്സിങ് അസിസ്റ്റന്റുമാരെയും ഉടൻ നിയമിക്കണം. തിരക്കേറിയ ഒപിയിൽ എത്തുന്ന രോഗികൾക്ക് മരുന്നു നൽകാൻ ഫാർമസിയിൽ ആകെയുളളത് ഒരു ഫാർമസിസ്റ്റാണ്. ഫാർമസി അസിസ്റ്റന്റിന്റെ നിയമനം ആവശ്യമാണ്. ഐപി വിഭാഗം ഉള്ള ആശുപത്രിയാണെങ്കിലും സ്ഥിരം സ്വീപ്പറില്ല. മുഴുവൻ സമയ സ്വീപ്പറിനു പുറമേ സ്ഥിരം പാചകക്കാരനെയും ആവശ്യവുമുണ്ട്. ഫിസിയോ തെറപ്പി കേന്ദ്രം തുറക്കുന്നതോടെ ഫിസിയോ തെറപ്പിസ്റ്റ്, മൾട്ടി പർപ്പസ് വർക്കർ, ലാബ് ടെക്നിഷ്യൻ എന്നിവരെയും നിയമിക്കണം. നാഷനൽ ആയുഷ് മിഷൻ വഴിയാണ് ഈ നിയമനം നടക്കുക.