ADVERTISEMENT

എരമംഗലം ∙  പൊന്നാനി കോളിൽ കൃഷി സമയത്തെ വരൾച്ച ഒഴിവാക്കുന്നതിനു കോൾ സംരക്ഷണ സമിതി ഭാരവാഹികൾ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. തുലാമഴ കുറയുന്ന സാഹചര്യത്തിൽ കോൾ മേഖലയിൽ വരൾച്ച സാധ്യത മുന്നിൽ കണ്ടാണ് പൊന്നാനി കോളിലെ കർഷക സംഘടനയായ കോൾ സംരക്ഷണ സമിതി ഭാരവാഹികൾ പൊന്നാനി ഇറിഗേഷൻ എഎക്സ്ഇ വി.സുരേഷുമായി ചർച്ച നടത്തിയത്. ‌പുഞ്ചക്കൃഷി ആരംഭിച്ച പാടശേഖരങ്ങളിൽ നിന്ന് നുറടിത്തോട്ടിലേക്ക് പമ്പിങ് ആരംഭിച്ചതോടെ ബിയ്യം റഗുലേറ്ററിലേക്ക് എത്തുന്ന അധികജലം മുന്നറിയിപ്പില്ലാതെ കാഞ്ഞിരമുക്ക് പുഴയിലേക്ക് നിയന്ത്രണം ഇല്ലാതെ ഒഴുക്കി വിടുകയാണ്. അത്തരത്തിൽ ഒഴുക്കി വിടുന്നതോടെ കൃഷിക്ക് ആവശ്യമായ ലക്ഷക്കണക്കിന് ലീറ്റർ ജലമാണ് കർഷകർക്ക് നഷ്ടപ്പെടുന്നത്. 

കൃഷിയുടെ അവസാന സമയങ്ങളായ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ജലം കിട്ടാതെ വരുന്നതോടെ ആയിരക്കണക്കിന് ഏക്കർ കൃഷിയാണ് കരിഞ്ഞുണങ്ങുന്നത്.കഴിഞ്ഞ വർഷം ജലത്തിന്റെ കുറവ് അനുഭവപ്പെട്ടതോടെ കോൾ മേഖലയിൽ 2000 ഏക്കർ നെല്ല് കരിഞ്ഞുണങ്ങി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്.  മഴയുടെ കുറവും കനത്ത ചൂടും കാരണം ബിയ്യം റഗുലേറ്റിലും വൃഷ്ടി പ്രദേശങ്ങളിലും ജലത്തിന്റെ അളവ് ദിവസം തോറും കുറഞ്ഞു വരികയാണ്. സംഭരണശേഷിക്ക് മുകളിൽ എത്തുന്ന സമയങ്ങളിൽ പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ മാത്രം റഗുലേറ്ററിന്റെ ഷട്ടർ ഉയർത്തി ഇനി മുതൽ ജലം ഒഴുക്കിവിടു എന്ന് ഇറിഗേഷൻ വകുപ്പ് കർഷകർക്ക് ഉറപ്പ് നൽകി. 

കൃഷി ചെയ്യാത്ത പാടശേഖരങ്ങളിലും നരണിപ്പുഴ, നുറടിത്തോട് എന്നിവിടങ്ങളിൽ കൂടുതൽ ജലം സംഭരിക്കാൻ നടപടി ഉണ്ടാകണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കോളിന്റെ തെക്കൻ മേഖലയിൽ നിന്ന് നുറടിത്തോടിലേക്ക് എത്തുന്ന അധിക ജലം തോട്ടിലെ കളകൾ നീക്കം ചെയ്യാതെ വന്നതോടെ ഒഴുക്ക് ത‌ടസ്സപ്പെട്ടതും അധികൃതരുടെ ശ്രദ്ധയിൽപെടുത്തി.  കോൾ സംരക്ഷണ സമിതി സെക്രട്ടറി കെ.എ.ജയാനന്ദൻ, എം.എ. വേലായുധൻ, സി.കെ.പ്രഭാകരൻ, എൻ.കെ.സതീശൻ എന്നിവരടങ്ങുന്ന സംഘമാണ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്.

English Summary:

Facing potential drought in Ponnani Kole due to decreased monsoon rains, the Kole Protection Committee has initiated discussions with the Irrigation Department. Uncontrolled water release from Biyyam regulator is a major concern impacting farmers and agricultural productivity.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com