കണ്ടുപഠിക്കാം, ശാന്തയിൽനിന്ന് ശുചിയുടെ പാഠങ്ങൾ; തെരുവാണെങ്കിലും വൃത്തിയായിരിക്കട്ടെ...
Mail This Article
എടക്കര ∙ പൊതു ഇടങ്ങൾ എവിടെയെങ്കിലും വൃത്തിഹീനമായി കിടക്കുന്നതു കണ്ടാൽ ശാന്തയ്ക്ക് വിഷമമാണ്. കഴിയുംവിധം ശാന്ത അവിടം വൃത്തിയാക്കും. കഴിഞ്ഞ ദിവസം എടക്കര ടൗണിൽ റോഡിന് ഇരുവശത്തും മാലിന്യവും പുല്ലും നീക്കംചെയ്ത് വൃത്തിയാക്കുന്ന തിരക്കിലായിരുന്നു ഇവർ. ഇതു ചെയ്യുന്നത് പ്രതിഫലം പ്രതീക്ഷച്ചല്ല. വല്ലതും കൊടുത്താൽ ചിലപ്പോൾ വാങ്ങും. വാങ്ങാതെയുമിരിക്കും. ബസ് സ്റ്റാൻഡിന് മുൻവശത്തെ കടക്കാരൻ 50 രൂപ കൊടുത്തപ്പോൾ അതു തിരിച്ചുനൽകി 10 രൂപ മതിയെന്നു പറഞ്ഞു.
തൊട്ടടുത്ത കടക്കാരൻ 10 രൂപ കൊടുത്തപ്പോൾ വാങ്ങിയതുമില്ല. തൃശൂർ പീച്ചി സ്വദേശിയായ പാടത്ത് വളപ്പിൽ ശാന്ത (68) 20 വർഷത്തിലധികമായി പൊതു ഇടങ്ങളിൽ ശുചീകരണം തുടങ്ങിയിട്ട്. നേരത്തേ വീട്ടുജോലി ചെയ്തിരുന്നു. കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ ഒട്ടുമിക്ക ടൗണുകളിലും ശുചീകരണവുമായി ശാന്തയെത്തിയിട്ടുണ്ട്.