ADVERTISEMENT

പെരിന്തൽമണ്ണ ∙ രാജ്യത്തെ കൃഷി വകുപ്പിന്റെ പ്രസിദ്ധീകരണത്തിനു കവർപേജായി ഏഴാം ക്ലാസുകാരി വരച്ച കിടിലൻ ചിത്രം. വെങ്ങാട് ടിആർകെ എയുപി സ്കൂളിലെ ഏഴാം ക്ലാസ്    വിദ്യാർഥിനി പി.ഫാത്തിമ മിൻഹയ്‌ക്കാണ് ഈ അപൂർവ ബഹുമതി.  കേരള, കർണാടക, ലക്ഷദ്വീപ് എന്നീ മേഖലകളുൾപ്പെട്ട അഗ്രികൾചറൽ ടെക്‌നോളജി ആപ്ലിക്കേഷൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (എടിഎആർഐ) ബെംഗളൂരു സോൺ തയാറാക്കുന്ന ദ്വൈവാരികയാണ് കെവികെ ടൈംസ്. 48 കൃഷിവിജ്ഞാന കേന്ദ്രങ്ങളാണ് ഈ മേഖലയ്‌ക്കു കീഴിലുള്ളത്. കാർഷിക മേഖലയിലെ മുന്നേറ്റങ്ങളും പുതിയ കണ്ടെത്തലുകളും മാതൃകകകളുമെല്ലാമാണ് ഇതിലുണ്ടാവുക. ഓരോ തവണയും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്ചിന് കീഴിലുള്ള ഓരോ കൃഷിവിജ്ഞാന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് ദ്വൈവാരിക തയാറാക്കുന്നത്. ഒക്ടോബർ ഒന്നിലെ ദ്വൈവാരിക തയാറാക്കിയത് മലപ്പുറം തവനൂരിലെ കൃഷിവിജ്ഞാന കേന്ദ്രമാണ്. 

ഫാത്തിമ മിൻഹ വരച്ച കവർ ചിത്രം.
ഫാത്തിമ മിൻഹ വരച്ച കവർ ചിത്രം.

പ്രസിദ്ധീകരണത്തിന്റെ കവർ പേജിനു വേണ്ടി അൻപതോളം സ്‌കൂളുകളിൽനിന്നായി വിദ്യാർഥികളുടെ ചിത്രങ്ങൾ ക്ഷണിച്ചിരുന്നു. ഇവയിൽ നിന്നാണ് കാർഷിക ഗ്രാമഭംഗിയുള്ള ഫാത്തിമ മിൻഹയുടെ ചിത്രം തിരഞ്ഞെടുത്തത്. രാജ്യത്താകമാനമുള്ള കൃഷിവിജ്ഞാന കേന്ദ്രങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും ഇംഗ്ലിഷിൽ പ്രസിദ്ധീകരിക്കുന്ന ഈ ദ്വൈവാരിക എത്തുന്നുണ്ട്. 

തവനൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ചിത്രകാരി ഫാത്തിമ മിൻഹയ്‌ക്ക് എടിഎആർഐ ഡയറക്‌ടർ ഡോ. വി.വെങ്കിട്ട സുബ്രഹ്‌മണ്യൻ മെമെന്റോയും സർട്ടിഫിക്കറ്റും സമ്മാനിച്ചു. സംസ്ഥാന കാർഷിക പുരസ്‌കാര ജേതാക്കളെ ആദരിച്ച വേദിയിലായിരുന്നു അംഗീകാരം. കൊളത്തൂർ മൂർക്കനാട് റോഡ് പരിസരത്തെ പുതുവാക്കുത്ത് അബ്‌ദുൽ ഹമീദിന്റെയും മുബഷിറയുടെയും മകളാണ്. സ്‌കൂളിലെ പ്രധാനാധ്യാപകൻ പി.കെ.സുഭാഷും ചിത്രകലാ പരിശീലക സബീന ഉമ്മറും നൽകിയ പ്രോത്സാഹനവും പിന്തുണയുമാണ് അംഗീകാരത്തിലേക്കു നയിച്ചതെന്ന് ഫാത്തിമ മിൻഹ പറയുന്നു.

English Summary:

Fathima Minha, a seventh-grade student from TRK AUP School in Vengad, Malappuram, has achieved national recognition by having her artwork chosen as the cover for KVK Times, a prominent agricultural magazine published by the Indian Council of Agricultural Research (ICAR). This accomplishment highlights the talent nurtured in rural schools and the growing focus on agricultural innovation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com