പാതിതളർന്ന ദേഹവുമായി ജീവിതവഴി തേടി ഉണ്ണിക്കുട്ടൻ
Mail This Article
താഴേക്കോട് ∙ പാതിതളർന്ന ശരീരവുമായി ഉണ്ണിക്കുട്ടന് ജീവിതമേറെ മുന്നോട്ട് കൊണ്ടുപോകാനുണ്ട്. എന്നാൽ വീട്ടുമുറ്റത്തുനിന്ന് പുറത്തേയ്ക്കോ ആശുപത്രിയിലേക്കോ പോകണമെങ്കിൽ ആരെങ്കിലും കൈകളിൽ താങ്ങിയെടുക്കണം. മെയിൻ റോഡിൽനിന്ന് വീട്ടിലേക്കെത്താൻ ഉണ്ണിക്കുട്ടന് വഴിയില്ല. അമ്മിനിക്കാട് അത്തിക്കൽ മുള്ളൻമട ആദിവാസി കോളനിയിലെ ഉണ്ണിക്കുട്ടന് അരയ്ക്കു താഴെ ചലന ശേഷിയില്ലാതെയായിട്ട് വർഷങ്ങളായി. വീട്ടിൽ സഹായത്തിനുള്ളത് പ്രായമുള്ള വല്യമ്മ ശാന്ത മാത്രമാണ് . അച്ഛൻ മരിച്ചിട്ട് വർഷങ്ങളായി. അമ്മ ഇപ്പോൾ കൂടെയില്ല. ഇടയ്ക്കിടെ ഉണ്ണിക്കുട്ടന് ശരീരമാകെ വേദന വരും. ആ വേദന കാണുമ്പോൾ ശാന്തയുടെ ഉള്ളുരുകും. കാരണം മറ്റൊന്നുമല്ല. വീടിനു സമീപത്തുള്ള റോഡ് ആകെ തകർന്ന അവസ്ഥയിലാണ്.
വീട്ടിൽനിന്ന് ഗതാഗത യോഗ്യമായ റോഡിൽ എത്തിച്ച് വാഹനത്തിൽ ആശുപത്രിയിലെത്തണമെങ്കിൽ ആരെങ്കിലും സഹായിക്കണം. പലപ്പോഴും തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളിൽ ആരെങ്കിലും വന്ന് ഉണ്ണിക്കുട്ടനെ കൈകളിൽ എടുത്ത് മെയിൻ റോഡിൽ എത്തിക്കുകയാണ് ചെയ്യുക. അവർ കൂലിപ്പണിക്ക് പോയതാണെങ്കിൽ തിരിച്ചെത്തുന്നതുവരെ വേദന സഹിച്ച് കാത്തിരിക്കണം. ചിലപ്പോൾ ശാന്ത പച്ചമരുന്ന് തേച്ചു പിടിപ്പിച്ച് കൊടുക്കും. അല്ലാതെ എന്തു ചെയ്യും.ഉണ്ണിക്കുട്ടന്റെ വീട്ടിനുമുന്നിലുള്ള റോഡ് ഗതാഗത യോഗ്യമാക്കിയിരുന്നെങ്കിൽ വാഹനങ്ങൾക്ക് എത്താൻ പറ്റുമായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. അതിനായി അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ് കുടുംബം.