കൊണ്ടോട്ടി ബഡ്സ് സ്കൂളിന് വീണ്ടും കുടുംബശ്രീ പുരസ്കാരം
Mail This Article
കൊണ്ടോട്ടി ∙ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ കൊണ്ടോട്ടി ബഡ്സ് സ്കൂളിന് ഇത്തവണയും കുടുംബശ്രീ പുരസ്കാരം. ജില്ലയിൽ രണ്ടാം സ്ഥാനമാണ് കൊണ്ടോട്ടി നഗരസഭയ്ക്ക് കീഴിലുള്ള ബഡ്സ് സ്കൂളിന് ലഭിച്ചത്. ഇന്നു തിരൂരിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.അബ്ദുറഹ്മാനിൽനിന്നു പുരസ്കാരം ഏറ്റുവാങ്ങുംതുടർച്ചയായി അഞ്ചാം തവണയാണ് പുരസ്കാരം കൊണ്ടോട്ടി ബഡ്സ് സ്കൂളിനെ തേടിയെത്തുന്നത്.
ആദ്യ 3 തവണയും മൂന്നാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനം ലഭിച്ചു.64 വിദ്യാർഥികളുള്ള വിദ്യാലയത്തിൽ 4 അധ്യാപകർ ഉൾപ്പെടെ 9 ജീവനക്കാരുണ്ട്. നഗരസഭയുടെയും പിടിഎയുടെയും മറ്റു വിവിധ കൂട്ടായ്മകളുടെയും സഹകരണത്തോടെ ഒട്ടേറെ പ്രവർത്തനങ്ങളാണു കൊണ്ടോട്ടി ബഡ്സ് സ്കൂളിൽ നടന്നത്. നിലവിൽ രക്ഷിതാക്കൾക്കും മുതിർന്ന കുട്ടികൾക്കുമായി തയ്യൽ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.
പരിശീലനം നേടിയ ശേഷം ക്ലീനിങ് വസ്തുക്കൾ, കരകൗശല വസ്തുക്കൾ തുടങ്ങി പലതും ഉൽപാദിപ്പിക്കുന്നുണ്ട്.സ്പെഷൽ ഒളിംപിക്സ്, ഫാഷൻ ഷോ, കലോത്സവം, കായികമേള തുടങ്ങി വിവിധ മേഖലകളിൽ കൊണ്ടോട്ടി ബഡ്സ് സ്കൂളിലെ വിദ്യാർഥികൾ പങ്കെടുത്ത് നേട്ടങ്ങളുണ്ടാക്കി. കുട്ടികൾ നിർമിക്കുന്ന ഉൽപന്നങ്ങളുടെ പ്രദർശന മേള വിവിധയിടങ്ങളിൽ നടത്തി.
ഉൽപന്നങ്ങൾ വിൽപന നടത്തുന്നതിനു കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ ട്രസ്റ്റ് ഷോപ്പ് പ്രവർത്തിക്കുന്നുണ്ട്.അഗ്രി തെറപ്പിയുടെ ഭാഗമായി ഇഞ്ചി, മഞ്ഞൾ, കറ്റാർ വാഴ തുടങ്ങിയവയും ഔഷധ സസ്യങ്ങളും പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്. ഇന്നലെ കറ്റാർ വാഴയുടെ വിളവെടുപ്പ് നഗരസഭാ കൗൺസിലർ കെ.സാലിഹ് നിർവഹിച്ചു. പ്രധാനാധ്യാപിക പി.കൗലത്ത്, പിടിഎ പ്രസിഡന്റ് അബ്ദുൽ മജീദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണു പ്രവർത്തനങ്ങൾ.