ചുഴലിക്കാറ്റ് മുന്നറിയിപ്പ്: ബോട്ടുകൾ തിരിച്ചുവിളിച്ചു; തീരത്ത് വീണ്ടും ആശങ്ക
Mail This Article
പൊന്നാനി ∙ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിലെ തീരപ്രദേശത്ത് കനത്ത ജാഗ്രത. ബോട്ടുകാരും വള്ളക്കാരും കടലിലിറങ്ങിയില്ല. യാനങ്ങളെല്ലാം കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ തന്നെ ഹാർബറിൽ നങ്കൂരമിട്ടിരുന്നു. തീരത്ത് താമസിക്കുന്ന കുടുംബങ്ങൾക്കും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മീൻപിടിത്തം നടത്തിയിരുന്ന ബോട്ടുകൾ എത്രയും വേഗം തിരിച്ചെത്തണമെന്ന് ഫിഷറീസ് അധികൃതർ നേരത്തേ നിർദേശം നൽകിയിരുന്നു. ഇതോടെ ആഴക്കടലിൽ മീൻപിടിത്തം നടത്തിയിരുന്ന ബോട്ടുകാരും കരയിലേക്കു വന്നു.ഇന്നലെ രാവിലെ മുതൽ തീരപ്രദേശത്ത് ഇടവിട്ട സമയങ്ങളിൽ മഴ പെയ്തു. ഭാരതപ്പുഴയോരത്തും ശക്തമായ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പുഴയോരത്ത് താമസിക്കുന്നവർ ആവശ്യമില്ലാതെ പുഴയിലേക്കിറങ്ങരുതെന്നും പുഴയിലിറങ്ങിയുള്ള മീൻപിടിത്തം ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിരുന്നു.കരയ്ക്കടുപ്പിക്കേണ്ടി വന്നതോടെ ബോട്ടുകാർക്ക് വലിയ നഷ്ടമാണുണ്ടാകുന്നത്. കടലാക്രമണവും കാലവർഷക്കെടുതികളും ട്രോളിങ് നിരോധനവും കഴിഞ്ഞുള്ള ഇടവേളകളിലാണ് മീൻപിടിത്തം നടക്കുന്നത്. ഇതിനിടയിൽ അപ്രതീക്ഷിതമായി വീണ്ടും കാലാവസ്ഥാ മുന്നറിയിപ്പെത്തിയത് മത്സ്യത്തൊഴിലാളികൾക്ക് വലിയ തിരിച്ചടിയായി. കടൽഭിത്തിയില്ലാത്ത തീരങ്ങളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കടുത്ത ആശങ്കയിലാണ്. രാത്രിയിൽ ഉറക്കമില്ലാതെ ഭയന്നിരിക്കുകയാണ് മിക്ക കുടുംബങ്ങളും.