ടിക്കറ്റ് ബുക്കിങ് കൗണ്ടർ: പ്രവർത്തനം വെട്ടിച്ചുരുക്കിയത് അടച്ചുപൂട്ടാനെന്ന് സൂചന
Mail This Article
മലപ്പുറം ∙ ഫ്രൻഡ്സ് ജനസേവന കേന്ദ്രത്തിലെ റെയിൽവേ ടിക്കറ്റ് ബുക്കിങ് കൗണ്ടറിന്റെ പ്രവർത്തനദിനങ്ങൾ വെട്ടിച്ചുരുക്കിയത്, കേന്ദ്രം അടച്ചുപൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നു സൂചന. മലപ്പുറം കോട്ടപ്പടി മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രത്തിലെ റയിൽവെ ടിക്കറ്റ് ബുക്കിങ് കൗണ്ടർ ഒട്ടേറെ യാത്രക്കാർക്ക് ആശ്രയമായിരുന്നു. കലക്‌ഷൻ കുറവാണെന്നു ചൂണ്ടിക്കാട്ടിയാണ് ആഴ്ചയിൽ 2 ദിവസമായി കൗണ്ടറിന്റെ പ്രവർത്തനം റെയിൽവേ വകുപ്പ് പരിമിതപ്പെടുത്തിയത്. നേരത്തെ ആഴ്ചയിൽ 6 ദിവസം പ്രവർത്തിച്ചിരുന്ന കൗണ്ടറാണിത്. തിങ്കളും വെള്ളിയും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് നിലവിലെ പ്രവർത്തന സമയം.
അതേസമയം റെയിൽവേ വകുപ്പിന്റെ നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വിഷയം സ്ഥലം എംഎൽഎ ഇ.ടി.മുഹമ്മദ് ബഷീർ എംപിയുടെ ശ്രദ്ധയിൽപെടുത്താനും ദക്ഷിണ റെയിൽവേ റീജനൽ മാനേജർക്ക് ഇ മെയിൽ അയയ്ക്കാനും മലപ്പുറം നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു.
കൗണ്ടറിന്റെ പ്രവർത്തനദിനങ്ങൾ ചുരുക്കിയതു അറിയാതെ മലപ്പുറത്തും പരിസരത്തും ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ എല്ലാ ദിവസവും ജനസേവന കേന്ദ്രത്തിലെത്തി മടങ്ങുകയാണ്. അവർക്ക് കിലോമീറ്ററുകൾ താണ്ടി അങ്ങാടിപ്പുറത്തോ തിരൂരിലോ പോയി ടിക്കറ്റ് ബുക്ക് ചെയ്യേണ്ട സാഹചര്യമാണ്.ഭൂരിഭാഗം യാത്രക്കാരും ഓൺലൈൻ ആയാണു ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതെന്നും അത്തരമൊരു സാഹചര്യത്തിൽ ഒരു കൗണ്ടറിന്റെ ആവശ്യമില്ലെന്നാണ് റെയിൽവേയുടെ നിരീക്ഷണം. അതുകൊണ്ടു തന്നെ മലപ്പുറത്തെ കേന്ദ്രം അടച്ചുപൂട്ടാനുള്ള സാധ്യത കൂടുതലാണെന്നാണു യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.