റെക്കോർഡിട്ട് പെരുമഴ; 24 മണിക്കൂറിനിടെ കിട്ടിയത് 8448 % അധികമഴ
Mail This Article
മലപ്പുറം ∙ ശരാശരി ഒരു മില്ലിമീറ്റർ കിട്ടേണ്ടിടത്ത് ഇന്നലെ മലപ്പുറത്ത് പെയ്തത് 85.5 മില്ലി മീറ്റർ മഴ. 24 മണിക്കൂറിനിടെ കിട്ടിയത് 8448 % അധികമഴ !. ഡിസംബർ 2ന് രാവിലെ 8 മുതൽ ഇന്നലെ രാവിലെ 8 വരെ 1 മില്ലി മീറ്റർ മഴയാണ് ജില്ലയിലെ ശരാശരി മഴപ്പെയ്ത്തിന്റെ കണക്ക്. എന്നാൽ ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ഇന്നലെ രാവിലെ 8 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കു പ്രകാരം ജില്ലയിൽ രേഖപ്പെടുത്തിയത് 85.5 മില്ലി മീറ്റർ ആണ്. ഇതോടെ ജില്ലയുടെ തുലാമഴക്കുറവും മാറി. ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല. സാധാരണ മഴ കുറവുള്ള ഡിസംബറിൽ ഇത്തവണത്തേത് പെരും പെയ്ത്തായി. 3 ദിവസങ്ങളിലായി ജില്ലയിലെ വിവിധയിടങ്ങളിൽ നെൽക്കൃഷി വെള്ളത്തിലായി. വീടുകൾക്കോ മറ്റോ വലിയ തോതിലുള്ള ഇന്നലെയും കാര്യമായ നാശനഷ്ടം രേഖപ്പെടുത്തിയിട്ടില്ല. മഴ മാറുന്നതോടെ കോടമഞ്ഞിൻ കുളിരെത്തും.
കൂടുതൽ പെയ്തത് പരപ്പനങ്ങാടിയിൽ
ജില്ലയിൽ കഴിഞ്ഞ ദിവസം രാവിലെ മുതൽ ഇന്നലെ രാവിലെ വരെ കൂടുതൽ മഴ പെയ്തത് പരപ്പനങ്ങാടിയിൽ. ഇവിടെ 213.8 മില്ലി മീറ്റർ മഴ ലഭിച്ചെന്നാണ് ജലസേചന വകുപ്പിന്റെ കണക്ക്. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം പൊന്നാനിയിൽ 172 മില്ലി മീറ്റർ മഴ ലഭിച്ചു. മഴക്കൂട്ടായ്മയായ റെയിൻ ട്രാക്കേഴ്സ് മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയത്ത് 168 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. മറ്റു പ്രധാന സ്ഥലങ്ങളിലെ മഴക്കണക്ക് (വിവിധ ഏജൻസികൾ ശേഖരിച്ചത്): തിരൂർ– 157 മി.മീ, അങ്ങാടിപ്പുറം – 151.6, പെരിന്തൽമണ്ണ– 140, എടയൂർ– 127, മലപ്പുറം–123, ഊർങ്ങാട്ടിരി – 109, എടക്കര–102.6, വട്ടംകുളം– 95, എടവണ്ണ– 94, മഞ്ചേരി – 79, പാണ്ടിക്കാട്–72.2, വഴിക്കടവ്– 68, നിലമ്പൂർ (മാനവേദൻ സ്കൂൾ) –61.2.