മലയോര ഹൈവേ; കാളികാവ് ജംക്‌ഷനിൽ അഴുക്കുചാലില്ല
Mail This Article
കാളികാവ്∙ മലയോര ഹൈവേ നിർമാണ പ്രവൃത്തി അശാസ്ത്രീയമെന്ന് ആരോപണം. കാളികാവ് ജംക്‌ഷനിൽ അഴുക്കു ചാൽ നിർമിക്കാതെ പ്രവൃത്തി നടത്തുന്നതിനെതിരെയാണു നാട്ടുകാർ രംഗത്ത് വന്നിട്ടുള്ളത്. റോഡിനുള്ളിൽ അഴുക്കുചാലിനോടു ചേർന്ന് ജല അതോറിറ്റിയുടെ പൈപ്പ് സ്ഥാപിച്ചതും വിവാദമായിട്ടുണ്ട്. പണി പൂർത്തിയാക്കിയ കാളികാവ് കരുവാരക്കുണ്ട് ഭാഗത്ത് ടൗണുകളിലൂടെ പ്രത്യേക സംവിധാനം ഒരുക്കിയാണ് പൈപ്പ് സ്ഥാപിച്ചിട്ടുള്ളത്.
കാളികാവ് ജംക്‌ഷനിൽ അഴുക്കുചാലില്ലാതെ ആകുന്നതോടെ നടപ്പാതയും നഷ്ടപ്പെടും. രണ്ടു ഭാഗങ്ങളിലെ അഴുക്കു ചാൽ ഉൾപ്പെടെ 12 മീറ്ററാണ് മലയോര ഹൈവേയുടെ വീതി. കാളികാവ് ജംക്‌ഷനിൽ തപാൽ ഓഫിസിന്റെ ഭാഗത്താണ് അഴുക്കു ചാൽ ഒഴിവാക്കിയിട്ടുള്ളത്. അഴുക്കുചാൽ നിർമാണത്തിനായി തപാൽ ഓഫിസ് വളപ്പിലെ ലക്ഷങ്ങൾ വിലമതിക്കുന്ന രണ്ടു തേക്കു മരങ്ങൾ മുറിച്ചു മാറ്റി കൊടുത്തിട്ടുണ്ടുണ്ട്. മരം മുറിച്ച് ഒഴിവാക്കി കൊടുത്ത ഭാഗം ഉപയോഗിക്കാതെയാണു ഹൈവേ നിർമാണ പ്രവൃത്തി പുരോഗമിക്കുന്നത്.
അഴുക്കു ചാലിന് പകരം ബാക്കി വരുന്ന ഭാഗം കോൺക്രീറ്റ് ചെയ്യുമെന്നാണ് അധികൃതർ പറയുന്നത്. ജല വിതരണ പൈപ്പ് സ്ഥാപിച്ച ഭാഗങ്ങളിൽ ക്വാറി വേസ്റ്റ് നിക്ഷേപിച്ചിട്ടില്ല എന്നാരോപിച്ച് ഒരു ഭാഗം ഒഴിവാക്കിയാണ് നിർമാണ പ്രവൃത്തി നടത്തുന്നത്. കരാറുകാരും ജല വിഭവ വകുപ്പും തമ്മിൽ തർക്കം നില നിൽക്കുന്നതിനാൽ പ്രവൃത്തി പൂർത്തിയാക്കാൻ സമയം എടുക്കും. പ്രശ്ന പരിഹാരത്തിന് അധികൃതർ ഇടപെടുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.