ചേലേമ്പ്രയിൽ ജലവിതരണം മുടങ്ങിയിട്ട് 2 വർഷം; ചോർച്ച പരിശോധിക്കാൻ പരീക്ഷണ പമ്പിങ് ഉടൻ
Mail This Article
തേഞ്ഞിപ്പലം ∙ ചേലേമ്പ്രയിൽ 3,308 കുടുംബങ്ങൾക്കുളള ജലനിധി പദ്ധതിയനുസരിച്ചുള്ള ജലവിതരണം 2 വർഷമായി മുടങ്ങിയ സാഹചര്യത്തിൽ ഭൂഗർഭ പൈപ്പ് ലൈൻ ശൃംഖലയിലെ ചോർച്ച പരിശോധനയുടെ ഭാഗമായി 16 മുതൽ പരീക്ഷണ പമ്പിങ്ങിനു തീരുമാനം. കാക്കഞ്ചേരി കിൻഫ്ര ടെക്നോ പാർക്ക് വളപ്പിലെ ജലനിധിയുടെ 6 ലക്ഷം ലീറ്റർ ശേഷിയുള്ള സംഭരണിയിൽ ബാക്കിയുള്ള വെള്ളം പമ്പിങ്ങിനായി വിനിയോഗിക്കും. ഒന്നിച്ച് പമ്പിങ് നടത്താതെ മാറി മാറി വാൽവുകൾ അടച്ചും തുറന്നും പമ്പിങ് ക്രമീകരിക്കും. വെള്ളത്തിന്റെ സാംപിൾ പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കും. സൂപ്പർ ക്ലോറിനേഷനും നടത്തും.
2 വർഷം പഴക്കമുള്ള വെള്ളമായതിനാൽ ആരെങ്കിലും വിനിയോഗിച്ചാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്ത് ഒഴിവാക്കാനാണിത്. പരീക്ഷണ പമ്പിങ് സംബന്ധിച്ച് മാധ്യമങ്ങൾ വഴി ജനങ്ങളെ ബോധവൽക്കരിക്കും. ജലനിധി, ജല ജീവൻ മിഷൻ, പഞ്ചായത്ത്, എൻഎച്ച് അതോറിറ്റി കോഴിക്കോട് ഡിവിഷൻ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് ചേലേമ്പ്ര പഞ്ചായത്ത് ഓഫിസിൽ നടത്തിയ യോഗത്തിലാണു തീരുമാനം.ചാലിയാറിലെ കവണക്കല്ലിൽ നിന്ന് കാക്കഞ്ചേരി കിൻഫ്രയിലേക്കുള്ള പൈപ്പ് ലൈൻ പലയിടത്തും എൻഎച്ച് നിർമാണത്തെ തുടർന്ന് തകർന്നതിനാൽ 5 കോടിയോളം രൂപ മുടക്കി പുതിയ പൈപ്പിടൽ ഇനി പ്രധാനമായും പാറമ്മൽ– നീലിത്തോട് 2 കിലോമീറ്ററിൽ ബാക്കിയുള്ളത് പൂർത്തിയാക്കുന്ന ജോലികൾ 15ന് തുടങ്ങും.
ഫെബ്രുവരി 15ന് പൂർത്തിയാക്കും. മാർച്ച് 31ന് അകം തീർത്തില്ലെങ്കിൽ പദ്ധതി പാളുമെന്ന ആശങ്ക യോഗത്തിൽ പലരും ഉന്നയിച്ചു. മഴയും വെള്ളക്കെട്ടും കാരണമാണ് പൈപ്പിടൽ പൂർത്തിയാക്കാൻ വൈകിയത്. ഓട വഴി പൈപ്പ് സ്ഥാപിക്കുന്നത് ചിലർ തടഞ്ഞതും പ്രതിസന്ധിക്കിടയാക്കി. എൻഎച്ചിൽ പുതിയ സ്ഥലത്ത് പൈപ്പിടൽ പൂർത്തിയാക്കും. കാക്കഞ്ചേരിയിൽ 20 മീറ്ററിൽ പൈപ്പിടാനുള്ളത് അവിടെ പള്ളിയാളി റോഡ് എൻഎച്ചുമായുളള ബന്ധം മുറിഞ്ഞത് പുനഃസ്ഥാപിക്കുന്ന മുറയ്ക്ക് പൂത്തിയാക്കും.പരീക്ഷണ പമ്പിങ് വേളയിൽ ജലനിധി സാങ്കേതിക വിദഗ്ധരുടെ സേവനം ഉറപ്പാക്കും. കിൻഫ്രയിൽ നിന്ന് ചേലേമ്പ്ര ജലനിധിക്ക് വെള്ളം നൽകുന്നതുമായി ബന്ധപ്പെട്ട ഉടമ്പടിയുടെ കാലാവധി തീർന്ന സാഹചര്യത്തിൽ പുതുക്കാൻ നടപടിയെടുക്കും. പഞ്ചായത്തിൽ പരിഗണിക്കുന്ന 7,000 ജലജീവൻ മിഷൻ കണക്‌ഷനുകളിൽ 2,400 വീടുകളിലേക്ക് പൈപ്പിടലും മറ്റും പൂർത്തിയായെങ്കിലും വെള്ളം കിട്ടാത്ത കുടുംബങ്ങൾ അവർക്കിടയിൽ പലരുമുണ്ട്. അവർക്ക് കൂടി വെള്ളം ലഭ്യമാക്കാൻ നടപടിയെടുക്കും.
ജല അതോറിറ്റി വഴിയുള്ള വെള്ളമാണ് നൽകുന്നത്.ജല ജീവൻ പൈപ്പിടൽ ജോലിക്കിടെ ജല നിധി പൈപ്പുകൾ തകർന്നാൽ ജല ജീവൻ അധികൃതർ നന്നാക്കും. എന്നാൽ, കാലപ്പഴക്കം, വായു സമ്മർദം എന്നിവയാൽ ജല നിധി പൈപ്പുകൾ തകർന്നാൽ ജല ജീവൻ ഉത്തരവാദിത്തം ഏൽക്കില്ല. കിൻഫ്ര ചേലേമ്പ്ര ജലനിധിക്ക് വെള്ളം നൽകുന്ന വകയിലുള്ള തീരുവ ഒഴിവാക്കാൻ യത്നിച്ച മന്ത്രി റോഷി അഗസ്റ്റിൻ, പി. അബ്ദുൽ ഹമീദ് എംഎൽഎ എന്നിവരെയും ചേലേമ്പ്ര പഞ്ചായത്ത് അധികൃതരെയും യോഗം അഭിനന്ദിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സമീറ, വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ്, സെക്രട്ടറി ആയിഷ റഹ്ഫത്ത് കോയ, ഇക്ബാൽ പൈങ്ങോട്ടൂർ, ഉഷ തോമസ്, അസീറ മുംതാസ്, കെ.എൻ. ഉദയകുമാരി, എ.പി ജമീല, എം. പ്രതീഷ്, സികെ. സുജിത, മുഹമ്മദ് അസ്‌ലം, അസി. എൻജിനീയർ പി. സിസിർ, സി.വി. ഗിരീഷ് (കിൻഫ്ര), ജല അതോറിറ്റി അസി. എൻജിനീയർ ജോബി ജോസഫ്, എംഎൽഎയുടെ പി.എ. എൻ.കെ. അബ്ദുൽ ഷുക്കൂർ, സി. ഹസൻ, എ. ബാലകൃഷ്ണൻ, കെ.പി. രഘുനാഥ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.