മെഡിക്കൽ കോളജ് ആശുപത്രിയിൽ കൃത്രിമക്കാലുകൾ നിർമിച്ചു വിതരണത്തിനു തുടക്കം
Mail This Article
മഞ്ചേരി ∙ അംഗപരിമിതിയെ അതിജീവിക്കാൻ കൃത്രിമക്കാലുകൾ നിർമിച്ചു വിതരണം ചെയ്ത് മെഡിക്കൽ കോളജ് ആശുപത്രിക്കു മികവിന്റെ ചുവടുവയ്പ്. 2 വയസ്സുകാരി ഉൾപ്പെടെ 6 പേർ കോളജിൽ നിർമിച്ച കൃത്രിമക്കാലുകൾ ഏറ്റുവാങ്ങി. നഷ്ടമായ കാലുകൾ വീണ്ടും കിട്ടിയ സന്തോഷം അവരുടെ മുഖത്തു നിറഞ്ഞു.മെഡിക്കൽ കോളജ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന യൂണിറ്റിനു കീഴിൽ ആദ്യമായാണു കൃത്രിമ കൈകാലുകൾ നിർമിക്കുന്നതും വിതരണം ചെയ്യുന്നതും. അപകടത്തിൽ കാൽ നഷ്ടപ്പെട്ടവരും പ്രമേഹം, കാൻസർ തുടങ്ങിയ അസുഖം മൂലം കാൽ മുറിക്കേണ്ടി വന്നവരും അവയവം സ്വീകരിച്ചവരിൽ ഉൾപ്പെടും. പുറത്തു ലക്ഷങ്ങൾ വിലവരുന്ന കൃത്രിമ ക്കാലുകൾ ചുരുങ്ങിയ ചെലവിലാണു നൽകിയത്. കാലുകൾ ഉപയോഗിച്ച് നടക്കാൻ പരിശീലനം നൽകിയ ശേഷമായിരുന്നു വിതരണം.
കൈകാലുകൾക്കു പുറമേ, ചലനശേഷി ഉപകരണങ്ങളും യൂണിറ്റിനു കീഴിൽ നിർമിച്ചു തുടങ്ങി. ഒടിവ്, ചതവ് തുടങ്ങിയവയ്ക്കുള്ള ചികിത്സയുടെ ഭാഗമായാണിത്. നിലവിൽ 60 പേർ പേർ കൃത്രിമ അവയവങ്ങൾക്കു റജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നു.
ജീവനക്കാരുടെ കുറവും കേന്ദ്രത്തിന്റെ അസൗകര്യവും നിമിത്തം യഥാസമയം നൽകാൻ കഴിയാത്തത് ആശുപത്രി അധികൃതരെ നിസ്സഹയാരാക്കുന്നു. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ഷീന ലാൽ ആധ്യക്ഷ്യം വഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ.കെ.അനിൽരാജ് ഉദ്ഘാടനം ചെയ്തു. ഫിസിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ.സാദിഖലി, ആർഎംഒ ഡോ.സജിൻ ലാൽ, ഡോ.പ്രദീപ് കുമാർ, എഒ നാസർ പുലത്ത്, പ്രോസ്തെറ്റിസ്റ്റ് ആൻഡ് ഓർത്തോട്ടിസ്റ്റുമാരായ പി.പി.അൻസാരി, റഷീദ് തോട്ടുങ്ങൽ, പിആർഒ അയൂബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
പുതിയ കെട്ടിടത്തിനു നടപടി ഇഴയുന്നു കൃത്രിമ അവയവ നിർമാണ കേന്ദ്രത്തിനു പുതിയ കെട്ടിട, സൗകര്യങ്ങൾ ഒരുക്കാൻ 50 ലക്ഷം രൂപ അനുവദിച്ചിട്ടും നടപടി ഇഴയുന്നു. കോളജിലെ ബോയ്സ് ഹോസ്റ്റൽ ആയിരുന്ന കെട്ടിടത്തിലേക്കാണു കേന്ദ്രം മാറ്റുന്നത്.ഒരു വർഷത്തിലേറെയായി പ്രവൃത്തി തുടങ്ങിയെങ്കിലും പാതിവഴിയിലാണ്. പ്രോസ്തെറ്റിസ്റ്റ്, ഓർത്തോട്ടിസ്സുമാരായി 2 പേരാണുള്ളത്.ഉപകരണങ്ങൾക്ക് അളവെടുക്കൽ, നിർമാണം, സാധനങ്ങൾ വാങ്ങൽ, പരിശീലനം തുടങ്ങിയവയ്ക്കു കൂടുതൽ ആളുകൾ വേണം.