സുഹൃത്തിനായി പണയംവച്ച കിടപ്പാടം ജപ്തിയിൽ: സങ്കടക്കടലിൽ കുടുംബം
Mail This Article
നിലമ്പൂർ∙ ഉറ്റ സുഹൃത്ത് മുനീബിന്റെ മകളുടെ വിവാഹാവശ്യത്തിനാണ് നിലമ്പൂർ പാത്തിപ്പാറ കൊടുന്തറ അലക്സാണ്ടർ ആകെയുള്ള 20.5 സെന്റ് സ്ഥലവും വീടും ബാങ്കിൽ പണയപ്പെടുത്തിയത്. വായ്പയെടുത്ത 10 ലക്ഷം രൂപ കൂട്ടുകാരന് നൽകി. ബാങ്കിൽ പണം മുടങ്ങാതെ അടച്ചുപോന്ന സുഹൃത്തിന് സൗദിയിലെ സ്വദേശിവൽക്കരണ നിയമം മൂലം ജോലി നഷ്ടപ്പെട്ടു. പ്രമേഹം മൂർച്ഛിച്ചു അദ്ദേഹത്തിന് കാഴ്ചശേഷി നഷ്ടപ്പെടുകയും ചെയ്തതോടെ തിരിച്ചടവ് മുടങ്ങി. സ്ഥലവും വീടും ബാങ്ക് ജപ്തി ചെയ്ത് അലക്സാണ്ടർ കുടുംബസമേതം പെരുവഴിയിലായി.അലക്സാണ്ടറും മുനീബും കളിക്കൂട്ടുകാരും ഒന്നിച്ചു പഠിച്ചവരുമാണ്. നിലമ്പൂരിൽ ടാക്സി ഡ്രൈവർമാരായിരുന്ന 2 പേരും ഒന്നിച്ചു സൗദിയിലേക്കും പോയി. അതിനിടെ മുനീബിന്റെ മകൾക്ക് വിവാഹാലോചന വന്നു.
അലക്സാണ്ടറിന്റെ നിർദേശപ്രകാരം 2018ൽ ഭാര്യ ബിനു കേരള ബാങ്ക് നിലമ്പൂർ (മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ) ശാഖയിൽനിന്നു വായ്പയെടുത്തു പണം നൽകി. വീടും സ്ഥലവും അലക്സാണ്ടറിന്റെ പേരിലാണ്. ഭാര്യക്ക് മുക്ത്യാർ നൽകിയാണ് പണയപ്പെടുത്തിയത്.കോവിഡ് വ്യാപനത്താേടെ അലക്സാണ്ടറിന് ജോലി നഷ്ടമായി നാട്ടിൽ തിരിച്ചുവന്നു. മുനീബിനും ജോലി പോയി. സൗദിയിൽ ജയിലിലും കിടന്ന ശേഷമാണ് നാട്ടിൽ തിരിച്ചു വന്നത്. 3 ലക്ഷത്തോളം രൂപ മുനീബ് തിരിച്ചടച്ചിരുന്നു. അടവ് മുടങ്ങി പലിശ പെരുകി നിലവിൽ 22 ലക്ഷം രൂപ ബാധ്യതയുണ്ട്. 17 ലക്ഷം രൂപ ഒറ്റത്തവണ അടച്ചാൽ ജപ്തി ഒഴിവാക്കാമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. അതിനു കഴിയാതെ വന്നപ്പോഴാണ് വീടും സ്ഥലവും ജപ്തി ചെയ്തത്. വീട് പൂട്ടി സീൽ ചെയ്തു. 61 വയസ്സുകാരനായ അലക്സാണ്ടർ ഭാര്യ, 2 മക്കൾ എന്നിവർ വീടിന് മുന്നിൽ പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയ ഷെഡിലാണ് കഴിയുന്നത്. വണ്ടൂരിൽ വാടകവീട്ടിൽ സഹോദരിയുടെ സംരക്ഷണയിലാണ് മുനീബ് കഴിയുന്നത്. തന്നെ സഹായിച്ച് സുഹൃത്തും കുടുംബവും പെരുവഴിയിലാതിന്റെ വേദന മുനീബിനെയും ഏറെ അലട്ടുന്നു.