റോഡിന്റെ ശോച്യാവസ്ഥ: ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് നാട്ടുകാർ
Mail This Article
അരീക്കോട്∙ സ്കൂൾ, കോളജ് വിദ്യാർഥികളുൾപ്പെടെ നൂറുകണക്കിനാളുകൾ യാത്ര ചെയ്യുന്ന അരീക്കോട് പഞ്ചായത്തിലെ ജിഎച്ച്എസ്എസ്–അരക്കഞ്ചേരി – കാരിപറമ്പ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് നാട്ടുകാർ. റോഡിന്റെ ഏറെ ഭാഗം കയ്യേറുകയും ഇവിടെ കാടുപിടിച്ച് യാത്ര ദുഷ്കരമാവുകയും ചെയ്തിരിക്കുകയാണ്. റോഡിൽ മൺകൂനകളും കെട്ടിടാവശിഷ്ടങ്ങളും കൂടിക്കിടക്കുന്നു. കയ്യേറിയ ഭാഗത്ത് കമുക്, മുരിങ്ങ, വാഴ തുടങ്ങി പലതരത്തിലുള്ള കൃഷികളുമുണ്ട്.
അരീക്കോട് പഞ്ചായത്തിലെ 1, 2, 3,18 വാർഡുകളിലൂടെ കടന്നുപോകുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള റോഡാണിത്. പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിൽ ഉൾപ്പെട്ട ഈ റോഡിന് 6 മുതൽ 9 മീറ്റർ വരെ പലയിടങ്ങളിലായി വീതിയുണ്ട്. എന്നാൽ ടാറിട്ട 3 മീറ്റർ സ്ഥലം പോലും പൂർണമായി ഗതാഗതത്തിന് ലഭ്യമല്ലാത്ത സ്ഥിതിയാണ്. ശോച്യാവസ്ഥ പരിഹരിച്ചു റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മുന്നൂറിലധികം പേർ ഒപ്പിട്ട നിവേദനം പഞ്ചായത്ത് പ്രസിഡന്റ് കല്ലട നൗഷറിനു നൽകി. ആക്‌ഷൻ കമ്മിറ്റി ചെയർമാൻ ചൂരപ്ര ഗോപി, കൺവീനർ ബാവ കണ്ണഞ്ചേരി, ട്രഷറർ നൗഷാദ് ഭാസി എന്നിവർ നേതൃത്വം നൽകി.