വാട്ടർ അതോറിറ്റിയുടെ അനാസ്ഥ; റോഡുകൾ നന്നാക്കാൻ വൈകുന്നു
Mail This Article
എരമംഗലം ∙ വാട്ടർ അതോറിറ്റിയുടെ അനാസ്ഥ തുടരുന്നതു മൂലം എരമംഗലത്തും താഴത്തേൽപടിയിലും തകർന്ന റോഡുകൾ നന്നാക്കാൻ നടപടി വൈകുന്നു. പൊന്നാനി - ഗുരുവായുർ സംസ്ഥാനപാതയിലെ എരമംഗലം മേഖലയിലാണ് പൈപ്പിനു വേണ്ടി കുഴി എടുത്തത് മൂലം റോഡ് തകർന്ന് യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതം തുടരുന്നത്.പൈപ്പിട്ട് കഴിഞ്ഞാൽ പൊളിച്ച ഭാഗം ടാറിങ് നടത്താനാണ് വാട്ടർ അതോറിറ്റി കരാർ നൽകിയിരുന്നത്. എന്നാൽ പൈപ്പിടൽ പൂർത്തിയാക്കിയിട്ടും ടാറിങ് നടത്തിയിട്ടില്ല. മഴയിൽ വെള്ളം കെട്ടി നിന്നതോടെ വലിയ കുഴികൾ ഉണ്ടായി റോഡ് തകർന്നു.കുമ്മിപ്പാലം പാലം മുതൽ പാറ വരെയാണ് ഇത്തരത്തിൽ റോഡ് തകർന്നു കിടക്കുന്നത്.
തകർന്ന റോഡിലെ കുഴിയിൽ വീണു നിരവധി പേർക്കാണ് പരുക്കേൽക്കുന്നത്. കാൽനടയായി പോകുന്ന സ്കൂൾ വിദ്യാർഥികൾക്കും റോഡരികിലൂടെ നടക്കാൻ പറ്റാത്ത അവസ്ഥയാണ്. പൊടിശല്യവും രൂക്ഷമാണ്. പൈപ്പിട്ട സ്ഥലങ്ങളിൽ ടാറിങ് നടത്തിയാൽ മാത്രമേ റോഡ് നന്നാക്കാൻ കഴിയൂ എന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.എന്നാൽ പൊളിച്ചിട്ട റോഡ് എന്ന് നന്നാക്കുമെന്ന കാര്യത്തിൽ വാട്ടർ അതോറിറ്റിക്ക് വ്യക്തമായ മറുപടിയില്ല.അടുത്തദിവസം തുടങ്ങുമെന്നാണ് മാസങ്ങളായുള്ള മറുപടി. റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ഉപരോധം നടത്താനുള്ള തയാറടുപ്പിലാണ് നാട്ടുകാരും വ്യാപാരികളും.