കരിപ്പൂർ വിമാനത്താവള വികസനം; വീടുകളിലേക്ക് വഴി നഷ്ടമായവർ പ്രക്ഷോഭത്തിന്
Mail This Article
കരിപ്പൂർ ∙ വിമാനത്താവള വികസനത്തിനു സ്ഥലം ഏറ്റെടുത്തതിനു പിന്നാലെ, പരിസര പ്രദേശങ്ങളിലെ വീടുകളിലേക്കും അങ്കണവാടിയിലേക്കുമുള്ള വഴിനഷ്ടപ്പെട്ടത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരിഹാരം നീളുന്ന സാഹചര്യത്തിൽ നാട്ടുകാരും വിവിധ സംഘടനകളും സമരത്തിന്. കഴിഞ്ഞദിവസം പിലാത്തോട്ടം ഭാഗത്ത് മതിൽ കെട്ടാൻ എയർപോർട്ട് അധികൃതർ എത്തിയപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ സംഘടിച്ചിരുന്നു. സർക്കാർ ഉറപ്പു നൽകിയ പരിഹാര നടപടികൾ നീളുന്ന സാഹചര്യത്തിൽ സമരവുമായി മുന്നോട്ടുപോകുമെന്നു നാട്ടുകാർ പറഞ്ഞു. വഴി നഷ്ടപ്പെട്ടവരും വീടു നിർമാണത്തിന് എൻഒസി ലഭിക്കാത്തവരും മറ്റുമായി വിമാനത്താവള വികസനത്തിന്റെ പേരിൽ പ്രയാസത്തിലായവർ ഏറെയുണ്ട്.
13ന് പ്രദേശത്തു രാപകൽ സമരവും തുടർന്ന് എയർപോർട്ട് പരിസരത്തും കലക്ടറേറ്റ് പരിസരത്തും അനിശ്ചിതകാല സമരവും നടത്തുമെന്നു കെപിസിസി അംഗം റിയാസ് മുക്കോളി അറിയിച്ചു.നാട്ടുകാർക്കൊപ്പം നിൽക്കുമെന്നും സമരവുമായി രംഗത്തിറങ്ങുമെന്നും മുസ്‍ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയും വിമാനത്താവള ഉപദേശക സമിതി വൈസ് ചെയർമാനുമായ പി.അബ്ദുൽ ഹമീദ് എംഎൽഎയും അറിയിച്ചിരുന്നു.വിമാനത്താവളത്തിൽ റൺവേ സുരക്ഷാ മേഖല ദീർഘിപ്പിക്കുന്നതിനായി 12.5 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയത് 2023 ഒക്ടോബറിലാണ്. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരാൾപോലും പ്രയാസപ്പെടില്ലെന്നായിരുന്നു മന്ത്രിയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാർക്കു നൽകിയ ഉറപ്പ്. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും പരിഹാരം നീളുകയാണ്.