അമ്മിനിക്കാട്ട് പോത്തിനെ അജ്ഞാത ജീവി കടിച്ചുകൊന്നു; പുലിഭീതിയിൽ പെരിന്തൽമണ്ണ
Mail This Article
പെരിന്തൽമണ്ണ∙ പുലിഭീതിയിൽ പെരിന്തൽമണ്ണ പ്രദേശം. നഗരത്തിനടുത്ത് അമ്മിനിക്കാട് ഭാഗത്താണ് പുലിയെന്നു സംശയിക്കുന്ന അജ്ഞാത ജീവി പോത്തിനെ ആക്രമിച്ചു കൊന്നത്. കൊടികുത്തിമല വിനോദസഞ്ചാര കേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ മാത്രം അകലെയാണ് പോത്തിനെ ചത്തനിലയിൽ കണ്ടെത്തിയത്. അമ്മിനിക്കാട് കോലഞ്ചേരി റിനോജിന്റെ പോത്താണിത്. കൂടെയുണ്ടായിരുന്ന മറ്റൊരു പോത്ത് ഓടിരക്ഷപ്പെട്ടു. രക്ഷപ്പെട്ട പോത്തിനെ കാണാതായെങ്കിലും ഇന്നലെ രാവിലെ റിനോജിന്റെ വീട്ടിലെത്തി.കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഈ പോത്തുകളെ റിനോജ് വാണിയംകുളം ചന്തയിൽനിന്ന് വാങ്ങിക്കൊണ്ടുവന്നത്. താൽക്കാലിക സംവിധാനമായാണ് പോത്തുകളെ രാത്രിയിൽ പറമ്പിൽ പുല്ലുനിറഞ്ഞ ഭാഗത്താക്കിയത്. ഒരു പോത്തിനെ കെട്ടിയിട്ടിരുന്നു. ഈ പോത്താണ് രക്ഷപ്പെട്ടത്.
ഇന്നലെ പുലർച്ചെ പോത്തിനെ കടിച്ചുകൊന്നതിന്റെ 200 മീറ്റർ അകലെ റിനോജ് റബർ ടാപ്പിങ് നടത്തിയിരുന്നു. നേരം വെളുത്തതിനു ശേഷം പോത്തുകൾ മേഞ്ഞിരുന്ന സ്ഥലത്ത് അന്വേഷിച്ചപ്പോഴാണ് ഒരെണ്ണത്തിന്റെ ശരീര അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. റിനോജ് പാട്ടത്തിനെടുത്തതാണ് ഈ റബർ തോട്ടം. കഴിഞ്ഞ വർഷക്കാലത്ത് ഇവിടെ റബർ മരങ്ങൾ നശിച്ചിരുന്നു. ഈ സ്ഥലം നന്നായി പുല്ല് വളർന്നുനിൽക്കുന്ന മേഖലയാണ്. റോഡിനോടു ചേർന്ന ഇവിടെയാണ് പോത്തുകളെ രാത്രിയിൽ കെട്ടിയിട്ടത്. വീട്ടിൽനിന്ന് 500 മീറ്റർ മുകൾവശത്തായാണ് ഈ പറമ്പ്. കഴിഞ്ഞ വർഷം റിനോജ് രണ്ട് പോത്തുകളെ വാങ്ങിയെങ്കിലും അവയിലൊന്ന് രോഗം ബാധിച്ച് ചത്തിരുന്നു. ബാക്കി വന്നതിനെ വിറ്റ ശേഷമാണ് പുതിയ പോത്തുകളെ വാങ്ങിയത്.ചത്ത പോത്തിനെ വെറ്ററിനറി സർജൻ ഡോ.ആനിയുടെ നേതൃത്വത്തിൽ പോസ്‌റ്റ്മോർട്ടം നടത്തി.
ആക്രമണത്തിന്റെ രീതി അനുസരിച്ച് പുലിയാകാനാണ് സാധ്യതയെന്ന് ഇന്നലെ സ്ഥലം സന്ദർശിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സമീപപ്രദേശമായ മണ്ണാർമലയിലും പുലിയെന്നു തോന്നിക്കുന്ന ജീവിയെ കണ്ടതായി നാട്ടുകാർ അറിയിച്ചിരുന്നു.വനംവകുപ്പ് ജീവനക്കാരും ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്‌റ്റേഷൻ യൂണിറ്റിലെ വനംവകുപ്പ് സർപ്പ റെസ്‌ക്യുവർമാരായ യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ, ഡപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, സെക്രട്ടറി ഫവാസ് മങ്കട, ഗിരീഷ് കീഴാറ്റൂർ, ഹസ്സൻ കക്കൂത്ത്, യാസർ എരവിമംഗലം എന്നിവരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. ഇന്ന് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ ശേഷം കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കും.കൃത്യമായ സ്ഥീരീകരണം വരുന്നതുവരെ പരിസരവാസികളോട് ജാഗ്രത പുലർത്താൻ ട്രോമാകെയർ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.