യാത്രക്കാർക്ക് ലഭിക്കുന്നത് കൊച്ചിയിൽ ഒരു പകൽ മുഴുവൻ; എറണാകുളം– നിലമ്പൂർ മെമു പരിഗണനയിൽ
Mail This Article
പെരിന്തൽമണ്ണ ∙ എറണാകുളം– ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലേക്ക് നീട്ടാനുള്ള തീരുമാനം നടപ്പിലായാൽ വിനോദ സഞ്ചാരത്തിന്റെയും സാധ്യത വർധിക്കും. കൊച്ചിയിൽ ഒരു പകൽ സന്ദർശിച്ച് അന്ന് വൈകിട്ട് മടങ്ങാം. ഇതേ ട്രെയിൻ എറണാകുളത്തുനിന്ന് പുറപ്പെട്ട് ആലപ്പുഴ മെമു സർവീസായി രാവിലെ ആലപ്പുഴയിൽ എത്തുന്നതിനാൽ ഒരു ദിവസം അവിടെ ചെലവഴിക്കാനാവും. രാവിലെ ഷൊർണൂരിൽനിന്ന് വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്പ്രസിൽ പാലക്കാട്ടെത്തിയാൽ അവിടെനിന്ന് തിരുച്ചെന്തൂർ എക്‌സ്പ്രസിൽ പൊള്ളാച്ചി ആളിയാർ ഡാം വരെയെത്താം. പഴനി, മധുര ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രയ്‌ക്കും എളുപ്പമാകും.
ഷൊർണൂർ– നിലമ്പൂർ റെയിൽവേ പാതയിലെ വികസന പ്രതീക്ഷകളുമായി മലയാള മനോരമ അവതരിപ്പിച്ച നിലമ്പൂരിനു വേണം റൈറ്റ് ട്രാക്ക്–വാർത്താ പരമ്പരയിലും ഇതിന്റെ തുടർച്ചയായി നടന്ന ആശയക്കൂട്ടായ്മയിലും ഉന്നയിച്ച പ്രധാന നിർദേശമായിരുന്നു ഈ രാത്രികാല ട്രെയിൻ. പാതയിലെ വൈദ്യുതീകരണം പൂർത്തിയായിട്ടുണ്ട്. കെഎസ്‌ഇബി സബ് സ്‌റ്റേഷനിൽ നിന്ന് മേലാറ്റൂരിലെ ട്രാക്‌ഷൻ സബ് സ്‌റ്റേഷനിലേക്ക് വൈദ്യുതി കണക്‌ക്ഷൻ ലഭ്യമാക്കുകയേ ഇനി വേണ്ടൂ. ഇത് ദിവസങ്ങൾക്കകം പൂർത്തിയാകും.
വൈദ്യുതി ട്രെയിനുകൾ ഓടിത്തുടങ്ങിയാൽ 8 ബോഗികളുള്ള ഷൊർണൂർ–നിലമ്പൂർ മെമു സർവീസുകളും പരിഗണനയിലുണ്ടെന്ന് റെയിൽവേ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. പാതയിൽ വൈദ്യുതി ട്രെയിനിന്റെ ട്രയൽ റൺ മുൻപ് നടത്തിയതാണ്. പുതിയ ട്രെയിൻ ടൈംടേബിൾ അടുത്ത മാസം പ്രാബല്യത്തിലാവുന്നതോടെ നിലവിലെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരും. കൂടുതൽ കണക്‌ക്ഷൻ ട്രെയിനുകൾ ലഭിക്കത്തക്കവിധം സമയക്രമം മാറുമെന്നാണറിവ്.
രാത്രി ഷൊർണൂരിലെത്തുന്ന ട്രെയിൻ നിലമ്പൂരിലേക്കു പോവുകയും പുലർച്ചെ മൂന്നിന് ഷൊർണൂരിലേക്കു തിരിക്കുകയും ചെയ്യുന്ന തരത്തിൽ ക്രമീകരണത്തിനാണ് ആലോചന.
തിരുവനന്തപുരത്തുനിന്നെത്തുന്ന വന്ദേഭാരത്, കണ്ണൂർ ജനശതാബ്‌ദി, നിസാമുദ്ദീൻ, പൂർണ, കോഴിക്കോട് ഭാഗത്തു നിന്നെത്തുന്ന തിരുവനന്തപുരം എക്‌സ്പ്രസ്, കൊച്ചുവേളി, ഓഖ–എറണാകുളം, നാഗർകോവിൽ, തിരുവനന്തപുരം എക്‌സ്പ്രസ്, യശ്വന്ത്‌പുര എക്‌സ്പ്രസ് എന്നീ ട്രെയിനുകളിൽ ഷൊർണൂരിലെത്തുന്നവർക്ക് നിലമ്പൂരിലേക്ക് തുടർയാത്രയ്‌ക്ക് ഇതോടെ സൗകര്യമാകും.
നിലവിൽ 8.10 ന് ഷൊർണൂരിൽ നിന്നുള്ള അവസാന ട്രെയിനിൽ കയറിപ്പറ്റാനാകാതെ നിലമ്പൂർ ഭാഗത്തേക്കുള്ള ഒട്ടേറെ യാത്രക്കാരാണ് ദുരിതം അനുഭവിക്കുന്നത്. പുലർച്ചെ നിലമ്പൂരിൽനിന്നെത്തുന്ന മെമുവിന് ഷൊർണൂരിൽനിന്ന് പാലക്കാട് ഭാഗത്തേക്കുള്ള മംഗളൂരു–ചെന്നൈ വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്പ്രസ് ലഭിക്കും. ഇതിൽ പാലക്കാടെത്തുന്നവർക്ക് ഉടൻ പഴനി, മധുര ഭാഗത്തേക്കുള്ള തിരുച്ചെന്തൂർ എക്‌സ്‌പ്രസ് ലഭിക്കും. കോഴിക്കോട്–മംഗളൂരു ഭാഗത്തേക്ക് അതിരാവിലെ ഷൊർണൂർ കണ്ണൂർ മെമു, മംഗളൂരു സെൻട്രൽ, മംഗളൂരു സൂപ്പർ ഫാസ്‌റ്റ്, കണ്ണൂർ എക്‌സ്പ്രസ് എന്നിവയ്‌ക്കും പ്രയോജനപ്പെടും.
തൃശൂരിൽ നിന്ന് കന്യാകുമാരി എക്‌സ്പ്രസ്, കൊച്ചുവേളി(വീക്കിലി), കൊച്ചുവേളി സൂപ്പർ ഫാസ്‌റ്റ്, കൊച്ചുവേളി ഗരീബ് രഥ്, ആലപ്പുഴ സൂപ്പർ ഫാസ്‌റ്റ്, ഗുരുവായൂർ എക്സ്പ്രസ് എന്നിവയിലെ യാത്രയ്‌ക്കും സാധ്യത തെളിയും.